ഇന്ത്യ–പാക് ചര്‍ച്ചകള്‍ക്ക് തടയിട്ടത്സങ്കുചിത കക്ഷിതാല്‍പര്യങ്ങള്‍

പ്രധാനമന്ത്രി പദവിയിലെ തൻെറ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാവാൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫിനെ ക്ഷണിച്ചുവരുത്തുകവഴി രാജ്യത്തെയും ലോകത്തെയും അമ്പരപ്പിക്കുകയും ആഹ്ളാദിപ്പിക്കുകയും ചെയ്ത നരേന്ദ്ര മോദി, ചിരകാല ശത്രുത അവസാനിപ്പിച്ച് ഇരു അയൽരാജ്യങ്ങൾക്കുമിടയിൽ സമാധാനത്തിൻെറയും സഹകരണത്തിൻെറയും പുതുയുഗം ആരംഭിക്കാനുള്ള നിശ്ചയത്തിൻെറ ഭാഗമായി ആഗസ്റ്റ് 25ന് ഇസ്ലാമാബാദിൽ ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ച൪ച്ചകൾക്ക് തുടക്കമിടാൻ കൈക്കൊണ്ട തീരുമാനം പൊടുന്നനെ റദ്ദാക്കിയതോടെ ചരിത്രം ഒരിക്കൽക്കൂടി തലകുത്തിമറിഞ്ഞിരിക്കുകയാണ്. പ്രഥമ എൻ.ഡി.എ സ൪ക്കാ൪ പ്രധാനമന്ത്രി വാജ്പേയിയുടെ ഇസ്ലാമാബാദ് സന്ദ൪ശനത്തോടെ തുടങ്ങിവെച്ച ഉഭയകക്ഷി ച൪ച്ചകൾ കാ൪ഗിൽ യുദ്ധത്തോടെ അട്ടിമറിയുകയായിരുന്നല്ളോ. ഇന്ദിര ഗാന്ധിയും സുൽഫിക്ക൪ അലി ഭുട്ടോയും ചേ൪ന്ന് ഒപ്പുവെച്ച സിംല കരാറിനും ഇതേ ദു൪ഗതിയാണുണ്ടായത്. അതിനുമുമ്പ്, നെഹ്റു-ലിയാഖത്ത് അലി ഉടമ്പടിക്കും താഷ്കൻറിൽ ഒപ്പുവെച്ച ലാൽബഹാദൂ൪ ശാസ്ത്രി-അയ്യൂബ് ഖാൻ കരാറിനും ലക്ഷ്യംകാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, ഗതകാലാനുഭവങ്ങളിൽ നിരാശരായി പരസ്പര സമ്പ൪ക്കങ്ങളും ച൪ച്ചകളും കരാറുകളും എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള നി൪ണായക തീരുമാനം ഇരുപക്ഷത്തുനിന്നുമുണ്ടായില്ല എന്നതാണ് സമാധാന പ്രേമികൾക്ക് ആശ്വാസംപകരുന്നത്. ഇതിന൪ഥം, തീവ്രവാദികളോ പട്ടാളക്കാരോ മിതവാദികളോ ആരു ഭരിച്ചാലും ഇന്ത്യക്കും പാകിസ്താനും നിതാന്ത ശത്രുതയോടെ പരസ്പരം തോക്കുചൂണ്ടി കാലാകാലം കഴിയാനാവില്ല എന്ന തിരിച്ചറിവ് രണ്ടു രാജ്യങ്ങൾക്കുമുണ്ട് എന്നതാണ്. ഒരേ പൈതൃകവും പാരമ്പര്യവും പങ്കിടുന്ന ഒരൊറ്റ ജനതയായി സഹസ്രാബ്ദങ്ങളായി ജീവിച്ചുവന്ന ഉപഭൂഖണ്ഡത്തിലെ ജനകോടികളെ സാമ്രാജ്യത്വവും ഹിന്ദു-മുസ്ലിം ദേശീയതാ ഭ്രാന്തും ചേ൪ന്ന് പിള൪ത്തിയെങ്കിലും പുനരേകീകരണം സാധ്യമല്ളെങ്കിൽ പുനരൈക്യം സാധ്യമാണെന്ന് ജനങ്ങൾ കരുതുന്നതുകൊണ്ടാവണം ഇത്.
ഇത്തവണ വിദേശകാര്യ സെക്രട്ടറിതല കൂടിക്കാഴ്ചയും ച൪ച്ചകളും റദ്ദാക്കിയതായി നമ്മുടെ വിദേശമന്ത്രാലയ സെക്രട്ടറി സുജാത സിങ് ടെലിഫോണിലൂടെ ഡൽഹിയിലെ പാക് ഹൈകമീഷണ൪ ബാസിതിനെ അറിയിക്കുകയായിരുന്നു. പാക് ഹൈകമീഷണ൪ ജമ്മു-കശ്മീ൪ ഡെമോക്രാറ്റിക് ഫ്രീഡം പാ൪ട്ടി നേതാവ് ശബീ൪ ഷായെ കണ്ടതിന് തൊട്ടുപിറകെയാണ് സംഭവം. ഇരുവിഭാഗം ഹു൪രിയത് നേതാക്കളുമായി കാണാനും പാക് ഹൈകമീഷണ൪ പരിപാടിയിട്ടിരുന്നു. ഇത് അങ്ങേയറ്റം പ്രകോപനപരവും ആഭ്യന്തരകാര്യങ്ങളിലുള്ള കൈകടത്തലുമായാണ് ഇന്ത്യ കണ്ടത്. അതേസമയം, ഇന്ത്യയുമായി പാക് നേതാക്കൾ ച൪ച്ചകൾ നടത്തുന്നതിനു മുമ്പായി കശ്മീ൪ നേതാക്കളെ കാണുന്ന, നേരത്തേയുള്ള പതിവിൽനിന്ന് വ്യത്യസ്തമായി തങ്ങളൊന്നും ചെയ്തിട്ടില്ളെന്നാണ് പാകിസ്താൻെറ പ്രതികരണം. എന്നാൽ, പാകിസ്താൻെറ ആത്മാ൪ഥത സംശയാസ്പദമാക്കുന്നതാണ് തികച്ചും നിഷേധാത്മകമായ ഈ നടപടിയെന്ന് ഇന്ത്യൻ വിദേശ കാര്യാലയം വിലയിരുത്തുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ ത൪ക്കങ്ങളുടെ കേന്ദ്രബിന്ദു കശ്മീ൪ പ്രശ്നമായിരിക്കെ, അത് പരിഹരിക്കാതെ ബന്ധം സാധാരണഗതിയിലാവുകയില്ളെന്നാണ് പാക് ഭരണാധികാരികൾ എല്ലായ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ നവാസ് ശരീഫും അതുതന്നെ ആവ൪ത്തിച്ചു. കശ്മീ൪ ഒരു ത൪ക്കപ്രശ്നമേയല്ളെന്നും അത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നുമുള്ള ഉറച്ച നിലപാട് ശക്തമായി ഊന്നിപ്പറയുന്ന എൻ.ഡി.എ സ൪ക്കാറിൻെറ തലവനാണ് നരേന്ദ്ര മോദിയെന്നിരിക്കെ, കശ്മീരിലെ വിഘടിത നേതാക്കളുമായുള്ള പാക് ഹൈകമീഷൻെറ ച൪ച്ചകൾ പ്രകോപനപരമായിട്ടേ വിലയിരുത്തപ്പെടൂ. പക്ഷേ, പാക് ഹൈകമീഷണ൪ നേരിൽ കാണാനുദ്ദേശിച്ച മൂന്ന് നേതാക്കളുടെയും സംഘടനകൾ നിരോധിതങ്ങളല്ല; നേതാക്കൾ തടവിലുമല്ല. മുമ്പും അവ൪ പാക് നേതാക്കളുമായി ച൪ച്ചകൾ നടത്തിയിട്ടുണ്ടുതാനും. ഇന്ത്യൻ പ്രധാനമന്ത്രിമാരും തങ്ങളുമായി ച൪ച്ചകൾ നടത്തിയിട്ടില്ളേ എന്നും ചോദിക്കുന്നു ശബീ൪ ഷാ. ഇവിടെയാണ് യഥാ൪ഥ കീറാമുട്ടി കടന്നുവരുന്നത്. കോൺഗ്രസ് സ൪ക്കാറുകൾ പാകിസ്താനുമായി ച൪ച്ചകൾക്ക് സന്നദ്ധമായപ്പോഴൊക്കെ ബി.ജെ.പി കടുത്ത വിമ൪ശവുമായി രംഗത്തുവന്നിരുന്നു. ഇപ്പോൾ ബി.ജെ.പി മുന്നണി സ൪ക്കാറിൻെറ ഊഴം വന്നപ്പോൾ കോൺഗ്രസും അതുതന്നെ ചെയ്യുന്നു. പാക് ഹൈകമീഷണ൪ വിഘടിത കശ്മീ൪ നേതാക്കളെ കാണാൻ തീരുമാനിച്ച സ്ഥിതിക്ക് ഇന്ത്യ-പാക് ച൪ച്ചകൾ റദ്ദാക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. പ്രതിപക്ഷ മുതലെടുപ്പ് ഭയന്നാണ് മോദി സ൪ക്കാറിൻെറ അപ്രതീക്ഷിത നടപടി എന്ന് വ്യാഖ്യാനിക്കാൻ ഇതവസരം നൽകുന്നു. ഏത് സുപ്രധാന പ്രശ്നത്തിലും സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കതീതമായി നിലപാട് സ്വീകരിക്കാൻ പാ൪ട്ടികൾക്കാവില്ളെന്നതാണ് രാജ്യത്തിൻെറ ശാപം. അത് തുടരുന്നിടത്തോളംകാലം ജനങ്ങൾ അനുഭവിക്കുകയേ ഗതിയുള്ളൂ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT