ദേശീയ പാര്‍ട്ടി പദവി: തീരുമാനം നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് സി.പി.ഐ

ന്യൂഡൽഹി: ദേശീയ പാ൪ട്ടി പദവി റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനം നീട്ടിവെക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് സി.പി.ഐയുടെ അഭ്യ൪ഥന. ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുട൪ന്ന് ദേശീയ പാ൪ട്ടി പദവിക്കുള്ള അ൪ഹത നഷ്ടമായ സി.പി.ഐക്ക് കമീഷൻ പദവി റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ചൊവ്വാഴ്ച നടന്ന വാദം കേൾക്കലിന് സി.പി.ഐക്കു വേണ്ടി ദേശീയ സെക്രട്ടറി ഡി. രാജ എം.പി ഹാജരായി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം മോശമാണെങ്കിലും രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കമ്മിറ്റികളും പ്രവ൪ത്തകരുമുള്ള പാ൪ട്ടിയാണ് സി.പി.ഐയെന്ന് അദ്ദേഹം കമീഷൻ മുമ്പാകെ വാദിച്ചു. പദവി റദ്ദാക്കാൻ തിടുക്കത്തിൽ തീരുമാനിക്കരുത്. ഈ വ൪ഷാവസാനം നടക്കുന്ന ജമ്മു-കശ്മീ൪, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കണം. ഇതിൽ നാലു സീറ്റ്  ലഭിച്ചാൽ സി.പി.ഐക്ക് ദേശീയ പാ൪ട്ടി പദവി ലഭിക്കാനുള്ള നിബന്ധന പൂ൪ത്തീകരിക്കാൻ കഴിയുമെന്നും ഡി. രാജ ചൂണ്ടിക്കാട്ടി.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള കക്ഷിനില അനുസരിച്ച് ബി.ജെ.പിക്കും കോൺഗ്രസിനും സി.പി.എമ്മിനും മാത്രമാണ് ദേശീയ പാ൪ട്ടി പദവിക്ക് അ൪ഹതയുള്ളത്. സി.പി.ഐക്കൊപ്പം എൻ.സി.പി, ബി.എസ്.പി എന്നിവക്കും ദേശീയ പാ൪ട്ടി പദവിക്കുള്ള അ൪ഹത നഷ്ടപ്പെട്ടിരുന്നു. കമീഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം എൻ.സി.പിയും ചൊവ്വാഴ്ച കമീഷൻ മുമ്പാകെ ഹാജരായി പദവി നിലനി൪ത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ബി.എസ്.പി നേതാക്കൾ നേരിട്ട് എത്തിയില്ല. പകരം ഇതേ ആവശ്യമുന്നയിച്ച് കമീഷന് കത്തുനൽകി. ലോക്സഭയിൽ 11 എം.പിമാ൪ അല്ളെങ്കിൽ നാലു സംസ്ഥാനങ്ങളിൽ ആറു ശതമാനം വോട്ട് എന്നതാണ് ദേശീയ പാ൪ട്ടി പദവി ലഭിക്കാനുള്ള മാനദണ്ഡം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.