സുരക്ഷാ ജീവനക്കാരന്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയെ മര്‍ദിച്ചതായി പരാതി

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയെ മര്‍ദിച്ചതായി പരാതി. ഗൈനക്കോളജി വിഭാഗത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ചങ്ങനാശേരി കോട്ടമുറി എട്ടുപറയില്‍ അമ്മിണിയാണ് (75) പരാതിക്കാരി. അമ്മിണിയുടെ മകള്‍ പ്രസവ ചികിത്സക്ക് ഗൈനക്കോളജി വിഭാഗത്തില്‍ കഴിയുകയാണ്. രാത്രി ഒമ്പതിന് യുവതി ബാത്ത്റൂമില്‍ പോയ സമയം കട്ടിലില്‍ ഉണ്ടായിരുന്ന അമ്മിണി തലയില്‍ തുണിയിട്ട് പ്രാര്‍ഥിക്കുകയായിരുന്നു. സെക്യൂരിറ്റിക്കാരന്‍ കട്ടിലിന്‍െറ സമീപത്തുവന്ന് അമ്മിണിയുടെ തലയില്‍ കിടന്ന വസ്ത്രം മാറ്റിയശേഷം അസഭ്യം പറഞ്ഞ് വാര്‍ഡിന്‍െറ വെളിയില്‍ വരാന്തയിലേക്ക് വലിച്ചുകൊണ്ടുപോയതായി പരാതിയില്‍ പറയുന്നു. ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും പരാതിയിലുണ്ട്. അമ്മിണിയുടെ കൈക്ക് പിടിച്ച് വരാന്തയിലേക്ക് വലിച്ചുകൊണ്ടുപോകുന്നത് കണ്ട് അടുത്ത കട്ടിലില്‍ കിടന്നവര്‍ ബഹളം വെച്ചു. അമ്മിണിയും അടുത്ത കിടക്കയില്‍ കിടക്കുന്ന അഞ്ചോളം പേരും ചേര്‍ന്നാണ് ഗാന്ധിനഗര്‍ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആശുപത്രി ആര്‍.എം.ഒ ഡോ. സാംക്രിസ്റ്റ മാമ്മന്‍, സെക്യൂരിറ്റി ഓഫിസര്‍ എന്നിവരെ ചുമതലപ്പെടുത്തിയതായി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.