അടിമാലി: ഹൈറേഞ്ചിലെ ജലസ്രോതസ്സുകള്‍ മരണക്കെണികളാകുമ്പോള്‍ സുരക്ഷയൊരുക്കാനാവാതെ അധികൃതര്‍ കുഴങ്ങുന്നു. കല്ലാര്‍, പൊന്മുടി, മുതിരപ്പുഴ, അമ്പഴച്ചാല്‍, കുണ്ടള, മാട്ടുപ്പെട്ടി, ആറ്റുകാട്, ദേവിയാര്‍ പുഴകളിലും ജലാശയങ്ങളിലും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പൊലിഞ്ഞത് പതിനഞ്ചിലേറെ ജീവനാണ്. തദ്ദേശീയരും വിദേശികളുമായ വിനോദ സഞ്ചാരികളും എസ്റ്റേറ്റുകളിലെ തൊഴിലാളികളുമാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. അമ്പഴച്ചാലില്‍ അവധിക്കാലം ആഘോഷിക്കാനത്തെിയ തൊടുപുഴ ഉടുമ്പന്നൂര്‍ ഇടമറുക് മംഗലത്ത് വീട്ടില്‍ അഭിലാഷ്-ദീപ ദമ്പതികളുടെ മകന്‍ വൈശാഖ് (11)വെള്ളക്കയത്തില്‍ മുങ്ങിമരിച്ചത് അടുത്തിടെയാണ്. കൊന്നത്തടി പഞ്ചായത്തിലെ മുക്കുടം കൂര്‍മുള്ളാനിക്കല്‍ കര്‍ണന്‍ (65) വെള്ളത്തില്‍ വീണാണ് മരിച്ചത്. തോട്ടിലേക്ക് വീണ ഇയാളെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് അഞ്ച് മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം ഒന്നര കിലോമീറ്റര്‍ ദൂരെനിന്ന് കണ്ടത്തെിയത്. കുണ്ടള ഡാമില്‍ മുങ്ങി തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ അരശുംമൂട്ടില്‍ കൂട്ടതെങ്ങിന്‍ വീട്ടില്‍ സുധാകരന്‍ നായരുടെ മകന്‍ ശ്രീജിത്ത് (20), അരശുംമൂട്ടില്‍ കൊവിളാകത്ത് വീട്ടില്‍ രാജേന്ദ്രന്‍ നായരുടെ മകന്‍ രതീഷ് (24), അരശുംമൂട്ടില്‍ ഗീതഭവനില്‍ രാജേന്ദ്രന്‍ നായരുടെ മകന്‍ രാജേഷ് (20), അരശുംമൂട്ടില്‍ ബിവി നിവാസില്‍ വാറുകാട് കുളത്തൂര്‍ ബാഹുലേയന്‍ ആശാരിയുടെ മകന്‍ ഭരത് (24), അരശുംമൂട്ടില്‍ അമ്പിളിഭവനില്‍ മോഹനന്‍ മേസ്തിരിയുടെ മകന്‍ മനു മോഹന്‍ (20) എന്നിവരും മരിച്ചു. പൊന്മുടി ജലാശയത്തില്‍ അമ്മ വീട്ടിലത്തെിയ നെടുങ്കണ്ടം സ്വദേശിയായ വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു. ഹൈദരാബാദ് സ്വദേശികളായ നവ ദമ്പതികളില്‍ വരന്‍ മാങ്കുളത്തിന് സമീപം വിരിപാറയില്‍ തോട്ടിലെ കുഴിയില്‍ വീണ് മരിച്ചു. മൃതദേഹം മൂന്ന് ദിവസത്തിന് ശേഷമാണ് കണ്ടത്തൊനായത്. അടിമാലി വെള്ളച്ചാട്ടത്തിലും ആറ്റുകാട് വെള്ളച്ചാട്ടത്തിലുമായി അഞ്ചിലേറെ പേര്‍ മരിച്ചു. എന്നാല്‍, ഇത്തരം അപകട മരണങ്ങള്‍ക്ക് തടയിടാന്‍ കഴിഞ്ഞിട്ടില്ല. കാലവര്‍ഷം ശക്തമാകുന്നതോടെ ജലസ്രോതസ്സുകളില്‍ അമിതമായി ജലനിരപ്പും ഒഴുക്കും വര്‍ധിക്കുന്നതാണ് അപകട കാരണം. തോടുകള്‍, പുഴകള്‍ എന്നിവ അടക്കമുള്ള ജലസ്രോതസ്സുകളുടെ വീതി കുറയുന്നത് ഒഴുക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു. ഇതോടെ സമീപത്തു കൂടി സഞ്ചരിക്കുന്നവര്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ചിരിക്കുകയാണ്. അധികൃതരുടെയും പ്രദേശവാസികളുടെയും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതും അപകടം വര്‍ധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.