തേജസ്വിനിയില്‍ രണ്ട് ജലോത്സവങ്ങള്‍

ചെറുവത്തൂര്‍: ഉത്തരമലബാറിലെ ജലോത്സവ പ്രേമികളുടെ മനസ്സില്‍ ആഹ്ളാദം പരത്തി തേജസ്വിനിയില്‍ ഇത്തവണ രണ്ട് ജലോത്സവങ്ങള്‍. മുടങ്ങുമെന്ന് കരുതിയ ഉത്തരമലബാര്‍ ജലോത്സവം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സംഘടിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചതോടെയാണ് രണ്ട് ജലോത്സവങ്ങള്‍ ഉറപ്പായത്. വിക്ടര്‍ കിഴക്കേമുറി തിരുവോണ നാളില്‍ സംഘടിപ്പിക്കുന്നതാണ് ആദ്യത്തേത്. ജില്ലാ ടൂറിസം പ്രമോഷണ്‍ കൗണ്‍സില്‍, നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ഉത്തരമലബാര്‍ ജലോത്സവം നടത്തുക. സംഘാടക സമിതി രൂപവത്കരണ യോഗം 11ന് വൈകീട്ട് മൂന്നിന് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരും. മത്സരങ്ങള്‍ കാണാന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിനാളുകളാണ് തേജസ്വിനിയുടെ ഇരുകരകളിലും തിങ്ങിക്കൂടുക. ഇവരുടെ കരഘോഷങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കുമൊപ്പം പങ്കായമെറിയാന്‍ 20ഓളം ടീമുകളും തേജസ്വിനിയില്‍ പരിശീലനം തുടങ്ങി. ടീം അംഗങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഇക്കുറി സമ്മാന തുക വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ രണ്ട് മേളകളിലും നിശ്ചല ദൃശ്യങ്ങള്‍, ജലഗാനമേള, വെടിക്കെട്ട് എന്നിവയുമൊരുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.