ആസിഡ് സൂക്ഷിക്കുന്നതിനും വില്‍പനക്കും നിയന്ത്രണം

കാസര്‍കോട്: ആസിഡുകള്‍ സൂക്ഷിക്കല്‍, കൈവശംവെക്കല്‍, വില്‍പന നടത്തല്‍ എന്നിവക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ആസിഡ് വില്‍പന നടത്തുന്ന സ്ഥാപനങ്ങളുടെയും സൂക്ഷിക്കുന്ന സ്ഥാപനങ്ങളുടെയും മേധാവികളുടെ യോഗമാണ് തീരുമാനമെടുത്തത്. കാഞ്ഞങ്ങാട് റവന്യൂ ഡിവിഷനല്‍ ഓഫിസില്‍ നടന്ന യോഗത്തില്‍ സബ്കലക്ടര്‍ കെ. ജീവന്‍ബാബു അധ്യക്ഷത വഹിച്ചു. ആസിഡുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ തടയാന്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ആസിഡ് സൂക്ഷിക്കല്‍, വില്‍പന എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്. ബന്ധപ്പെട്ടവര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സബ്കലക്ടര്‍ നിര്‍ദേശിച്ചു. ആസിഡ് വില്‍പന നടത്തുന്നവര്‍ ലോഗ് രജിസ്റ്റര്‍ സൂക്ഷിക്കണം. ആസിഡ് വാങ്ങുന്ന വ്യക്തിയുടെ പേര്, മേല്‍വിലാസം, വാങ്ങുന്നതിന്‍െറ ആവശ്യം, വില്‍പന നടത്തിയ അളവ് എന്നിവ രജിസ്റ്ററില്‍ സൂക്ഷിക്കണം. ആസിഡ് വാങ്ങുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ, മേല്‍വിലാസം, ആസിഡ് വാങ്ങുന്നതിന്‍െറ ഉദ്ദേശ്യം എന്നിവ വില്‍പനക്കാരന്‍ ഉറപ്പുവരുത്തണം. സ്റ്റോക് വിവരങ്ങള്‍ സബ്ഡിവിഷനല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കണം. 18 വയസ്സിനു താഴെയുള്ളവര്‍ക്ക് ആസിഡ് വില്‍ക്കരുത്. റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റികള്‍, ബാറ്ററി കടകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. ലംഘിച്ചാല്‍ 50,000 രൂപ വരെ പിഴ ഈടാക്കും. പരിശോധനയില്‍ സ്റ്റോക്കില്‍ കൂടുതല്‍ ആസിഡ് കൈവശംവെച്ചത് കണ്ടാലും പിഴ ഈടാക്കും. വിവിധ ആവശ്യങ്ങള്‍ക്കായി ആസിഡ് സൂക്ഷിക്കുകയും സംഭരിക്കുകയും ചെയ്യേണ്ടിവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ ലബോറട്ടറികള്‍, പൊതുമേഖലാ വകുപ്പുകള്‍ തുടങ്ങിയവയും ഉപയോഗം രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ സൂക്ഷിക്കണം. പ്രസ്തുത സ്ഥാപനങ്ങള്‍ ആസിഡുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഉദ്യോഗസ്ഥനെ നിയോഗിക്കണം. ആസിഡ് സൂക്ഷിക്കുന്നിടത്ത് വരുന്ന വിദ്യാര്‍ഥികളെയും കുട്ടികളെയും പരിശോധനക്ക് വിധേയമാക്കണം. വീടുകളില്‍ ഉപയോഗിക്കുന്നവര്‍ കുട്ടികളുടെ കൈകളിലത്തൊതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.