പൈസക്കരി കോളജില്‍ സംഘര്‍ഷാവസ്ഥ: ക്ളാസ് മുടങ്ങി

ശ്രീകണ്ഠപുരം: വിദ്യാര്‍ഥി സംഘര്‍ഷം നിലനില്‍ക്കുന്ന പയ്യാവൂര്‍ പൈസക്കരി ദേവമാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ സമരവും കൈയാങ്കളിയും. തുടര്‍ന്ന് ക്ളാസുകള്‍ നടന്നില്ല. രണ്ട് ദിവസം മുമ്പ് സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങ്ങിന് ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിന്‍െറ പേരില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ നാലുപേരെ സസ്പെന്‍റ് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് പുറമെനിന്ന് വാഹനത്തിലത്തെിയ സംഘം കോളജില്‍ വന്ന് ഭീഷണി മുഴക്കുകയും പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പയ്യാവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ പ്രശ്നം രാഷ്ട്രീയ ചേരിതിരിവിലേക്കും നീങ്ങി. ബുധനാഴ്ച രാവിലെ സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളെ തിരിച്ചെടുക്കാന്‍ ധാരണയായതോടെ വീണ്ടും പ്രശ്നങ്ങള്‍ക്കിടയാക്കി. വാഹനത്തില്‍ ഇടിക്കട്ടയും മറ്റും എടുത്ത് പുറമെനിന്നും ചിലര്‍ കോളജ് പരിസരത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍, പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്ത് കോളജില്‍ അക്രമം കാട്ടിയവരെ തിരിച്ചെടുക്കരുതെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ മറ്റ് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി സമരം നടത്തുകയായിരുന്നു. പയ്യാവൂര്‍ എസ്.ഐ കെ. ആന്‍റണിയുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സംഘം സ്ഥലത്തത്തെിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.