കുടിലില്‍ രോഗത്തോടും കാട്ടാനകളോടും പൊരുതി ഓമന

പേരാവൂര്‍: കാട്ടാനയോടും രോഗങ്ങളോടും പടപൊരുതി കുടിലില്‍ നരകയാതനയുമായി ഓമന. ഷീറ്റ് വലിച്ച് കെട്ടിയ ഒറ്റമുറി കുടിലില്‍ തുടയെല്ല് തകര്‍ന്ന് കിടപ്പിലാണ് പന്നിയാംമല സ്വദേശിയായ കൈതവേലില്‍ ഓമനയെന്ന അറുപതുകാരി. ഒന്നര വര്‍ഷം മുമ്പ് വീണ് വലത്തെ കാലിനു സാരമായ പരിക്കേറ്റിരുന്നു. അതില്‍ നിന്ന് മുക്തി നേടി വരുന്നതിനിടെയാണ് ആറുമാസങ്ങള്‍ക്ക് മുമ്പ് വീണ്ടും വീണ് വലത്തെ കാലിലെ തുടയെല്ല് തകര്‍ന്ന് കിടപ്പിലായത്. കൊട്ടിയൂര്‍ റിസര്‍വ് വനത്തോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമായതിനാല്‍ രാത്രിയായാല്‍ കാട്ടാന ഇറങ്ങുന്നതും പതിവാണ്. കുടിലിനോട് ചേര്‍ന്ന് കാട്ടാന ചിന്നം വിളിച്ച് പോകുമ്പോള്‍ മരണഭയത്തിലാണ് ഈ വൃദ്ധ. ഭര്‍ത്താവ് ഗോപാലന്‍ നായര്‍ തലച്ചോറിന് ക്ഷതമേറ്റ് ഓര്‍മ നഷ്ടപ്പെട്ട് കഴിയുകയാണ്. ഓമന കിടപ്പിലായതോടെ ഗോപാലന്‍ നയരെ അഗതി മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കള്‍ ഉണ്ടെങ്കിലും ഒരാള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. കൂലിപ്പണിക്കാരനായ മറ്റൊരു മകന്‍ ഇടക്ക് വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊടുക്കും. 35 സെന്‍റ് സ്ഥലം ഉണ്ടെങ്കിലും സ്വന്തമായി വീടില്ല. വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതിനിടയിലാണ് കുടുംബത്തിന് ഈ ദാരുണമായ അവസ്ഥയുണ്ടായത്. ചില സുമനസ്സുകള്‍ നല്‍കുന്ന സഹായത്താലാണു മരുന്ന് വാങ്ങിക്കുന്നത്. പഞ്ചായത്തിനോടും മറ്റും സഹായം അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഇതേവരെ ഒന്നും ലഭിച്ചില്ളെന്ന് ഓമന പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.