യുവതിയും കുട്ടികളും മരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍്

മരട്: നെട്ടൂരില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന കുടുംബത്തിലെ മാതാവും രണ്ട് കുട്ടികളും മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. സംജാദാണ് അറസ്റ്റിലായത്. ജൂലൈ 31 ന് നെട്ടൂര്‍ പീടികപ്പറമ്പില്‍ സംജാദിന്‍െറ ഭാര്യ ബുഷ്റയും (28) മക്കളായ നൂര്‍ജഹാന്‍ (അഞ്ച്) നേഹ പര്‍വിന്‍ (ഒന്നര) എന്നിവരെ മരിച്ച നിലയില്‍ കണ്ടത്. ബുഷ്റ കിടപ്പ് മുറിയുടെ ഫാനിലും മക്കള്‍ രണ്ടുപേരും ജനല്‍ കമ്പിയില്‍ തൂങ്ങിക്കിടക്കുകയായിരുന്നു എന്നാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്. ഐ.എന്‍.ടി.യു.സി തൊഴിലാളിയായ സംജാദ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം. താന്‍ എത്തിയ സമയം കുട്ടികള്‍ കയറില്‍ക്കിടന്ന് പിടക്കുന്നതുകണ്ടാണ് ഇവരെ അഴിച്ചുകിടത്തിയതെന്നും സംജാദ് പറഞ്ഞിരുന്നു. എന്നാല്‍, കുട്ടികളുടെ ശരീരം മരവിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ബുഷ്റയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പനങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷിച്ചത്. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണക്കുറ്റം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റം ചുമത്തിയത്. തൃക്കാക്കര പൊലീസ് അസി. കമീഷനര്‍ സേവ്യര്‍ സെബാസ്റ്റ്യന്‍, സൗത് സി.ഐ സിബി ടോം, പനങ്ങാട് എസ്.ഐ എം.ബി. ശ്രീകുമാര്‍, എ.എസ്.ഐ ഷാനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.