കോട്ടത്തറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സി.പി.എം സമരത്തിന്

കല്‍പറ്റ: കോട്ടത്തറ പഞ്ചായത്തിലെ യു.ഡി.എഫ് ഭരണം ജനദ്രോഹപരമാണെന്നും ഇതിനെതിരെ സമരം നടത്തുമെന്നും സി.പി.എം വെണ്ണിയോട്, കോട്ടത്തറ ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്റ്റ് എട്ടിന് പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. 2000 മുതല്‍ 2010 വരെ എല്‍.ഡി.എഫാണ് പഞ്ചായത്ത് ഭരിച്ചത്. ഇക്കാലയളവില്‍ ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തായിരുന്നു കോട്ടത്തറ. സംസ്ഥാനത്തെ രണ്ടാമത്തെ പഞ്ചായത്തിനുള്ള അവാര്‍ഡ് നേടുകയും ചെയ്തു. ഇതിനുശേഷം അധികാരത്തില്‍വന്ന യു.ഡി.എഫ് ഭരണസമിതി നേട്ടങ്ങള്‍ തകര്‍ക്കുകയും വികസനം മുരടിപ്പിക്കുകയുമാണ്. എല്‍.ഡി.എഫ് ഭരണകാലത്ത് ഇ.എം.എസ് ഭവനപദ്ധതിക്കായി കോട്ടത്തറ സഹകരണ ബാങ്കില്‍നിന്ന് 2.21 കോടി രൂപ വായ്പയെടുത്ത് 629 ഗുണഭോക്താക്കളെ തെരഞ്ഞെടുത്തു. ഒന്നാംഘട്ടത്തില്‍ 70 ലക്ഷം രൂപ വിതരണം ചെയ്തു. എന്നാല്‍, പിന്നീടുവന്ന യു.ഡി.എഫ് ഭരണസമിതി പദ്ധതി നിര്‍ത്തലാക്കി. ഇതോടെ 200ഓളം കുടുംബങ്ങള്‍ ദുരിതത്തിലായി. ദുരിതാശ്വാസ നിധി തകര്‍ത്തു. ബി.ആര്‍.ജി.എഫ് പദ്ധതിയില്‍ മൂന്നുവര്‍ഷമായി ഒരു രൂപ പോലും ചെലവഴിച്ചില്ല. മരവയല്‍ സ്റ്റേഡിയം നവീകരണത്തിനുള്ള രണ്ടുലക്ഷം രൂപ ഉപയോഗിച്ചില്ല. 2013-14 വര്‍ഷത്തെ ടി.എസ്.പി ഫണ്ടിലുള്‍പ്പെടുത്തിയുള്ള എസ്.ടി വിഭാഗക്കാര്‍ക്കുള്ള കട്ടില്‍ വിതരണത്തില്‍ ക്രമക്കേട് നടത്തി. ഇതിനാല്‍ കട്ടില്‍ വിതരണം സി.പി.എം ഇടപെട്ട് തടഞ്ഞിട്ടുണ്ട്. പള്ളിക്കുന്നില്‍ ബസ് വെയിറ്റിങ് ഷെഡ് നിര്‍മിച്ചുവെന്ന് രേഖയുണ്ടാക്കി പണം മാറി. എന്നാല്‍, ഷെഡ് നിര്‍മിച്ചിട്ടില്ല. ആവശ്യമില്ലാതെ പഞ്ചായത്ത് വളപ്പിനുള്ളില്‍ കൂടുതല്‍ മൂത്രപ്പുരകള്‍ നിര്‍മിച്ച് അഴിമതി നടത്തുകയാണ്. ജില്ലാ കമ്മിറ്റിയംഗം എം. മധു, വെണ്ണിയോട് ലോക്കല്‍ സെക്രട്ടറി വി.എന്‍. ഉണ്ണികൃഷ്ണന്‍, കോട്ടത്തറ ലോക്കല്‍ സെക്രട്ടറി എം. പ്രദീപന്‍, പഞ്ചായത്ത് അംഗങ്ങളായ ബാലഗോപാലന്‍, ആന്‍റണി വര്‍ക്കി, എ.പി. യേശുദാസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.