പുനരധിവാസത്തിന് കാത്തുനില്‍ക്കാതെ മാധവി യാത്രയായി

സുല്‍ത്താന്‍ ബത്തേരി: വീടിനോട് ചേര്‍ന്ന് അപകടകരമായ നിലയില്‍ ഉണങ്ങി ദ്രവിച്ച് നിലംപൊത്താറായ വീട്ടിമരം മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് മാരനും മാധവിയും മുട്ടാത്ത വാതിലുകളില്ല. വനം വകുപ്പിനും ട്രൈബല്‍ ഡിപാര്‍ട്മെന്‍റിനും റവന്യൂ അധികൃതര്‍ക്കും അപേക്ഷ നല്‍കി. ‘മക്കള്‍ കിടന്നുറങ്ങുന്ന വീടാ, എങ്ങനെയും മുറിച്ചുനീക്കണം’ എന്നായിരുന്നു ഇവരുടെ ദീര്‍ഘനാളത്തെ ആവശ്യം. എന്നാല്‍, ആരും ചെവിക്കൊണ്ടില്ല. അവസാനം ആരും മുറിച്ചുനീക്കാതെ മാധവിയുടെ ജീവനെടുത്താണ് ഇന്നലെ മരം നിലംപൊത്തിയത്. ഓടപ്പള്ളം പുതുവീട് കാട്ടുനായ്ക്ക കോളനിയിലെ വീടിന് മുകളില്‍ ബുധനാഴ്ച പുലര്‍ച്ചക്കാണ് മരം മുറിഞ്ഞുവീണത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട വനഗ്രാമമാണ് പുതുവീട് കോളനിയെന്നും പുനരധിവാസം നടക്കുമെന്നതിനാല്‍ മരം മുറിച്ചുനീക്കേണ്ടതില്ളെന്നുമായിരുന്നു വനം വകുപ്പിന്‍െറ നിലപാട്. ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ രണ്ടാം ലോകയുദ്ധകാലത്ത് ‘ഗ്രോ മോര്‍ ഫുഡ്’ പദ്ധതിയില്‍ വയനാട് വന്യജീവി കേന്ദ്രത്തിനുള്ളില്‍ സര്‍ക്കാര്‍ കുടിയിരുത്തിയവര്‍ക്കുള്ള ലീസ് ഭൂമിയിലാണ് മാരന്‍െറ കുടുംബം കഴിഞ്ഞിരുന്നത്. സര്‍ക്കാര്‍ ജന്മിത്വത്തിന് കീഴില്‍ പ്രാഥമികാവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ട നിലയിലാണ് വനമധ്യത്തില്‍ ഇവര്‍ കഴിഞ്ഞിരുന്നത്. 80 കോടി രൂപ ചെലവില്‍ വന്യജീവി കേന്ദ്രത്തിലെ 12 ജനവാസ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കാനുള്ള പദ്ധതിയില്‍ പുതുവീട് കോളനിയും ഉള്‍പ്പെട്ടിരുന്നു. ഏറെ പ്രതീക്ഷകളുയര്‍ത്തി കടന്നുവന്ന പുനരധിവാസ പദ്ധതി ഇപ്പോള്‍ തികഞ്ഞ അനിശ്ചിതത്വത്തിലാണ്. ഗോളൂര്‍, അമ്മവയല്‍, കൊട്ടങ്കര വനഗ്രാമങ്ങള്‍ മാത്രമാണ് ഇതുവരെ ഈ പദ്ധതിയില്‍ ഒഴിപ്പിച്ചിട്ടുള്ളത്. കൊട്ടങ്കരയില്‍ ഏതാനും കുടുംബങ്ങള്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. പുനരധിവാസ പദ്ധതിയില്‍ പുതുവീടും ഉള്‍പ്പെട്ടതോടെ വൈകിയാണെങ്കിലും പുറം ലോകത്തത്തൊമെന്ന പ്രതീക്ഷയിലായിരുന്നു മാധവിയും കുടുംബവും. ഇതിനിടയിലാണ് അപ്രതീക്ഷിത ദുരിതം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.