കുതിരവട്ടത്തെ രോഗികള്‍ക്കായി മെഡി. കോളജില്‍ സൗകര്യമില്ല

കോഴിക്കോട്: മൂന്ന് രോഗികള്‍ക്കുവേണ്ടി 12 ജീവനക്കാരെ ബുദ്ധിമുട്ടിച്ച് മെഡിക്കല്‍ കോളജ് ആശുപത്രി. കുതിരവട്ടം ആശുപത്രിയില്‍നിന്ന് വരുന്ന രോഗികള്‍ക്കായി മെഡിക്കല്‍ കോളജില്‍ പ്രത്യേക സൗകര്യമില്ലാത്തത് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം ജീവനക്കാരെ ശ്വാസംമുട്ടിക്കുകയാണ്. മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് മറ്റ് ചികിത്സകള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് അയക്കുന്ന ഓരോ രോഗിയോടൊപ്പവും രോഗിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായി കുതിരവട്ടത്തെ രണ്ട് ജീവനക്കാരെയും അയക്കും. മറ്റ് രോഗികളോടൊപ്പം മാനസികാസ്വാസ്ഥ്യമുള്ളവര്‍ കഴിയുമ്പോള്‍ നല്ല നിയന്ത്രണവും ശ്രദ്ധയും ആവശ്യമാണ്. ഇവര്‍ മറ്റു രോഗികളെ ഉപദ്രവിക്കാതിരിക്കാനും മറ്റും ശ്രദ്ധിക്കണം. ഇവരെ നിയന്ത്രിക്കാന്‍ ഒരാളെക്കൊണ്ട് സാധിക്കില്ല. അതിനാല്‍ രണ്ടുപേരെ കൂടെ വിടുകയാണ്. കഴിഞ്ഞ ദിവസം ഇങ്ങനെ മൂന്നു രോഗികളാണ് മെഡിക്കല്‍ കോളജിലത്തെിയത്. ഒന്ന്, രണ്ട്, 43 വാര്‍ഡുകളിലായി പ്രവേശിപ്പിച്ച ഇവരോടൊപ്പം രണ്ടുവീതം ജീവനക്കാരുമുണ്ട്. അതായത് ഒരേസമയം ആറുപേര്‍. ഇങ്ങനെ രാവിലെ ആറുപേരും രാത്രി ആറുപേരുമായി 12പേര്‍ മൂന്നു രോഗികള്‍ക്കുവേണ്ടി മെഡിക്കല്‍ കോളജില്‍ ചെലവഴിക്കേണ്ടിവരുന്നു. നഴ്സിങ് അസിസ്റ്റന്‍റുമാരാണ് ഇങ്ങനെ രോഗികളോടൊപ്പം പോകുന്നത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ 600ലേറെ രോഗികളെ പരിചരിക്കാന്‍ 80ഓളം നഴ്സിങ് അസിസ്റ്റന്‍റുമാരേയുള്ളൂ. അതിന്‍െറ ഇരട്ടിയിലധികം പേര്‍ ആവശ്യമുള്ളിടത്താണ് 80പേരെ വെച്ച് തള്ളിനീക്കുന്നത്. ചെറിയ പനി വന്നാല്‍പോലും രോഗികളെ കുതിരവട്ടത്തുനിന്ന് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയക്കുകയാണ്. നിലവില്‍ തന്നെ ജീവനക്കാരില്ളെന്ന പരാതിയുള്ള ആശുപത്രിയില്‍നിന്ന് ഈ രോഗികളോടൊപ്പമെല്ലാം ജീവനക്കാരും മെഡിക്കല്‍ കോളജിലേക്ക് പോകേണ്ടിവരുന്നു. കഴിഞ്ഞ ദിവസം 12 പേര്‍ മെഡിക്കല്‍ കോളജ് ഡ്യൂട്ടിയായതോടെ കുതിരവട്ടം ആശുപത്രിയില്‍ ജീവനക്കാര്‍ ദുരിതത്തിലായി. മെഡിക്കല്‍ കോളജില്‍ ഓരോ ദിവസവും ഓരോ വാര്‍ഡിലേക്കാണ് അഡ്മിഷന്‍ വരുന്നത്. ഒന്നോ രണ്ടോ ദിവസം ഇടവിട്ട് വരുന്ന രോഗികള്‍ ഇതുമൂലം പല വാര്‍ഡുകളിലായിരിക്കും അഡ്മിറ്റാവുക. ഇവര്‍ക്കായി ഒരു വാര്‍ഡ് അനുവദിച്ചുനല്‍കുകയാണെങ്കില്‍ മൂന്നോ നാലോ രോഗികളെ നോക്കാന്‍ 12ഉം 16ഉം പേര്‍ക്ക് പകരം നാലുപേര്‍ മാത്രം മതിയാകുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍, ഇവര്‍ക്കായി മാത്രം വാര്‍ഡ് അനുവദിക്കുക പ്രായോഗികമല്ളെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു. വാര്‍ഡ് നല്‍കാനാവില്ളെങ്കില്‍ ഒരേ അസുഖമുള്ള രോഗികള്‍ക്ക് ഒരു വാര്‍ഡില്‍തന്നെ അഡ്മിഷന്‍ നല്‍കുകയെങ്കിലും ചെയ്യണമെന്നാണ് മാനസികാരോഗ്യ കേന്ദ്രം ജീവനക്കാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.