പൂവന്‍കോഴി ഒന്നരവയസ്സുകാരനെ കൊത്തി മുറിവേല്‍പ്പിച്ചു; ഉടമസ്ഥനെതിരെ കേസ്

ഓയൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ അയല്‍വീട്ടിലെ പൂവന്‍കോഴി കൊത്തി മുറിവേല്‍പ്പിച്ചതായി പരാതി. കോഴിയുടെ ഉടമസ്ഥനെതിരെ കേസെടുത്തു. അമ്പലംകുന്ന് വാളിയോട് പോസ്റ്റ് ഓഫിസ് ജങ്ഷന് സമീപം ജയ മന്ദിരത്തില്‍ ജലജയുടെ മകന്‍ ആദിത്യനാണ് കോഴിയുടെ കൊത്തേറ്റത്. പരിക്കേറ്റ കുട്ടിയെ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അയല്‍വാസി ജഗദീശനെതിരെയാണ് പൂയപ്പള്ളി പൊലീസ് കേസെടുത്തത്. ജഗദീശന് പന്ത്രണ്ടോളം കോഴികളുള്ളതായും ഇതില്‍ രണ്ട് പൂവന്‍കോഴികളാണ് മനുഷ്യരെ ഉപദ്രവിക്കുന്നതെന്നും ജഗദീശന്‍ പ്രത്യേകശബ്ദം പുറപ്പെടുവിച്ചാല്‍ കോഴി ഉപദ്രവിക്കുമെന്നും ജലജ പരാതിയില്‍ പറയുന്നു. മുറ്റത്തുനിന്ന കുഞ്ഞിന്‍െറ അടുത്തേക്ക് കോഴി ചെല്ലുന്നത് കണ്ട് ജഗദീശന്‍ പ്രത്യേക ശബ്ദം പുറപ്പെടുവിക്കുകയും ഉടന്‍ കോഴി കുഞ്ഞിന്‍െറ കവിളിലും കീഴ്ത്താടിയിലും കൊത്തുകയും വാവിട്ട് കരഞ്ഞ കുഞ്ഞിന്‍െറ വായ്ക്കകത്ത് വീണ്ടും കൊത്തി മുറിവേല്‍പ്പിക്കുകയും ചെയ്തതായി പറയുന്നു. കുഞ്ഞിനെ എടുത്തുമാറ്റാന്‍ ചെന്ന ജലജയേയും കോഴി ആക്രമിച്ചുവത്രെ. മൃഗത്തെക്കൊണ്ട് മന:പൂര്‍വം ഉപദ്രവിപ്പിച്ച വകുപ്പനുസരിച്ച് ജഗദീശനെതിരെ കേസെടുത്തതായി എസ്.ഐ മുബാറക്ക് അറിയിച്ചു. എന്നാല്‍, സംഭവം കേസായതോടെ കോഴികളെ രണ്ടിനെയും ഉടമസ്ഥന്‍ കശാപ്പ് ചെയ്തതായും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.