മൂന്നാര്‍ പഞ്ചായത്ത് ഭരണസമിതിയില്‍ ഭിന്നത

മൂന്നാര്‍: പദ്ധതി നിര്‍വഹണത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് മണിമൊഴി ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കുന്നെന്ന് ആരോപിച്ച് മൂന്നാര്‍ പഞ്ചായത്ത് ഭരണസമിതിയില്‍ ഭിന്നത. കമ്മിറ്റി അംഗങ്ങളെ അറിയിക്കാതെ വന്‍ തുകക്കുള്ള കരാറുകള്‍ പ്രസിഡന്‍റ് ചിലര്‍ക്ക് മാത്രമായി നല്‍കുന്നതായി ആരോപിച്ചാണ് ഭിന്നത രൂക്ഷമായത്. പഴയ മൂന്നാറിലെ പാര്‍ക്കിങ് ഗ്രൗണ്ട് ഭരണസമിതിയില്‍ ചര്‍ച്ചചെയ്യാതെ പ്രസിഡന്‍റ് ചില പാര്‍ശ്വവര്‍ത്തികള്‍ക്ക് നല്‍കിയെന്നാണ് പുതിയ ആരോപണം. ഇതേച്ചൊല്ലി രണ്ടാഴ്ച മുമ്പ് വൈസ് പ്രസിഡന്‍റും പ്രസിഡന്‍റും തമ്മില്‍ വാക്കേറ്റമുണ്ടായി. പഞ്ചായത്ത് ഓഫിസില്‍ നടന്ന ബഹളത്തിനൊടുവില്‍ പ്രസിഡന്‍റിന് അനുകൂലമായി അംഗങ്ങള്‍ ആരും നിലപാടെടുക്കാത്തതിനത്തെുടര്‍ന്ന് വനിതാ പഞ്ചായത്ത് പ്രസിഡന്‍റ് രാജിക്കൊരുങ്ങിയതായും സൂചനയുണ്ട്. എന്നാല്‍, പാര്‍ട്ടി നേതൃത്വം ഇടപെട്ട് നീക്കം പിന്‍വലിച്ചെങ്കിലും ഭരണസമിതിയിലെ ഭിന്നത പരിഹരിക്കാനായില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം നഷ്ടമായതോടെ വികസനം താറുമാറായെന്നും ആരോപണമുണ്ട്. മൂന്നാറിലെ മാലിന്യസംസ്കരണ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നിലും ഭരണസമിതിയിലെ ഭിന്നതയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ വരുമാനമുള്ള വന്‍ പദ്ധതികളെല്ലാം ഒരു സംഘം തന്നെ പല പേരുകളിലായി നേടിയെടുത്ത് ലാഭം കൊയ്യുകയാണെന്നാണ് ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും അനുകൂലിക്കുന്ന രണ്ട് ഗ്രൂപ്പുകള്‍ നിലവില്‍വന്നതോടെ പാര്‍ട്ടിയും വിഷമസ്ഥിതിയിലാണ്. പാര്‍ട്ടിയിലെ പടലപ്പിണക്കം മൂലം പഞ്ചായത്ത് ഭരണം സ്തംഭിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.