വീടുകള്‍ ചോര്‍ന്നൊലിക്കുന്നു; ഓടമ്പം കോളനിയില്‍ ദുരിതപ്പെയ്ത്ത്

കല്‍പറ്റ: വീടുകള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ കല്‍പറ്റ നഗരസഭയില്‍ ഉള്‍പ്പെടുന്ന ഓടമ്പം പണിയ കോളനിക്കാര്‍ ദുരിതത്തില്‍. 40ഓളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ 15ഓളം കുടുംബങ്ങളാണ് ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ ജീവിതം തള്ളിനീക്കുന്നത്. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ വൃദ്ധരും കുട്ടികളും സ്ത്രീകളുമടങ്ങുന്ന കുടുംബങ്ങള്‍ ഭീതിയോടെയാണ് അന്തിയുറങ്ങുന്നത്. പല വീടുകളും കാലപ്പഴക്കത്താല്‍ ചോരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ദിര ആവാസ് യോജന ഭവന പദ്ധതി പ്രകാരം നിര്‍മിച്ചതാണ് മിക്ക വീടുകളും. വീടുകളുടെ കോണ്‍ക്രീറ്റ് കമ്പികള്‍ തുരുമ്പെടുത്തതിനാല്‍ മേല്‍ക്കൂരകള്‍ അടര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. കോളനിയില്‍ കുടുംബങ്ങള്‍ വര്‍ധിച്ചതോടെ വീടിനോട് ചേര്‍ന്ന് ഷെഡുകള്‍ നിര്‍മിച്ചാണ് കുറച്ച് കുടുംബങ്ങള്‍ താമസിക്കുന്നത്. അര ഏക്കറോളം സ്ഥലത്താണ് ഓടമ്പം കോളനിയുള്ളത്. പഞ്ചായത്തില്‍നിന്ന് ആനുകൂല്യങ്ങളൊന്നും ലഭിക്കാറില്ളെന്നും കോളനിയിലെ കാര്യങ്ങള്‍ തിരക്കാന്‍ പ്രമോട്ടര്‍മാരോ അധികൃതരോ എത്താറില്ളെന്നും കോളനിക്കാര്‍ പറയുന്നു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ കോളനി പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ആവശ്യത്തിന് കക്കൂസുകളില്ല. നല്ല കുടിവെള്ളവുമില്ല. മഴ കനത്തതോടെ കൂലിപ്പണിക്ക് പോകാനും ഇവര്‍ക്ക് കഴിയുന്നില്ല. ഇത് ദുരിതം ഇരട്ടിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.