വിമാനം വീഴ്ത്തിയതിനു ശേഷമുള്ള വിമതരുടെ സംഭാഷണം പുറത്ത്

കിയവ്: മിസൈൽ ഉപയോഗിച്ച് മലേഷ്യൻ വിമാനം തക൪ത്തതിനു പിന്നാലെ, അബദ്ധം പറ്റിയെന്നു സമ്മതിച്ച് വിമത൪ നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ യുക്രെയ്ൻ പുറത്തുവിട്ടു. തങ്ങൾ ചോ൪ത്തിയതാണെന്ന വാദവുമായി രണ്ട് സംഭാഷണ റെക്കോഡുകളാണ് യുക്രെയ്ൻ സുരക്ഷാസേന പുറത്തുവിട്ടത്. ഇവയാണ് റഷ്യൻ അനുകൂല റെബലുകളുടെ പങ്കിനുള്ള തെളിവായി യുക്രെയ്ൻ വിലയിരുത്തുന്നത്.
ആദ്യ റെക്കോഡിൽ വിമത കമാൻഡ൪ ഇഗോ൪ ബെസ്ല൪ എന്ന വ്യക്തി, റഷ്യൻ മിലിട്ടറി ഇൻറലിജൻസ് ഓഫിസറോട് ഒരു വിമാനം വീഴ്ത്തിയതായി പറയുന്നു. രണ്ടാമത്തേതിൽ, സംഭവസ്ഥലത്തുള്ള ഒരു വിമതൻ മറ്റൊരാളോട് റോക്കറ്റ് ആക്രമണത്തിൻെറ വിശദാംശങ്ങൾ വിവരിക്കുന്നതാണ് കേൾക്കുന്നത്. വിമാനം തക൪ന്നുവീണ സ്ഥലത്തുനിന്ന് 25 കി.മീറ്റ൪ അകലെയുള്ള വിമതരാണ് റോക്കറ്റ് തൊടുത്തതെന്നാണ് ഇതിൽ പറയുന്നത്. തൻെറ മുന്നിലുള്ള വിമാനാവശിഷ്ടങ്ങളെക്കുറിച്ച് അടുത്തയാളോട് പറയുന്നു. യാത്രാവിമാനമാണെന്നത് നൂറു ശതമാനം ഉറപ്പാണെന്ന് ഒരുഘട്ടത്തിൽ പറയുന്നു. എന്തെങ്കിലും ആയുധമുണ്ടോ എന്ന ചോദ്യത്തിന് മരുന്നുകളും ടവലും ടോയ്ലറ്റ് പേപ്പറുകളും പോലുള്ള സിവിലിയൻ സാധനങ്ങളാണ് ഉള്ളതെന്ന് മറുപടി. സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള മൃതദേഹങ്ങൾ പ്രദേശത്ത് ചിതറിക്കിടക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. ടി.വിയിൽ യുക്രെയ്ൻ എ.എൻ-26 വിമാനമാണെന്ന് പറയുന്നെങ്കിലും അവശിഷ്ടങ്ങളിൽ എഴുതിയിരിക്കുന്നത് മലേഷ്യൻ എയ൪ലൈൻസാണെന്ന് പറയുന്ന വിമതൻ, എന്തിനാണ് അവ൪ യുക്രെയ്ൻ മേഖലക്ക് മുകളിലൂടെ വന്നതെന്ന് ചോദിക്കുന്നതും റെക്കോഡിൽ കേൾക്കാം. എന്നാൽ, ഈ റെക്കോഡിങ്ങുകൾ സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.