ഗസ്സയിലെ ആശുപത്രികള്‍ ഗുരുതര മരുന്നു ക്ഷാമത്തിലേക്ക്

ഗസ്സ സിറ്റി: രണ്ട് കുഞ്ഞുങ്ങൾ അടക്കം സാരമായി മുറിവേറ്റ എട്ടുപേ൪ക്ക് അടിയന്തിര ചികിൽസ നൽകാൻ ഓടിനടക്കുകയാണ് ഡോക്ട൪ അയ്മൻ സഹ്ബാനി. ഗസ്സയിലെ അൽ ശിഫ ആശുപത്രിയിലെ എമ൪ജൻസി വാ൪ഡിൽ നിന്നുള്ളതാണ് ഈ ദൃശ്യം.

മൂ൪ച്ചയേറിയ ഷെൽ ചീളുകൾ തറച്ച ആഴമുള്ള മുറിവുകൾ ആണ് ഇവിടെ കിടത്തിയിട്ടുള്ളവരിൽ മിക്കവ൪ക്കും. ഗസ്സ നഗരത്തിലേക്ക് ഇസ്രായേൽ സൈന്യം തൊടുത്തു വിട്ട മിസൈലുകൾ ആണ് ഇവരെ മരണമുനമ്പിൽ എത്തിച്ചത്.  ദൈവമേ നിനക്കു സ്തുതി, ഇവരുടെ മുറിവുകൾ ചെറുതാണ്. ഒരാളെ പരിശോധിക്കുന്നതിനിടെ സഹ്ബാനിയുടെ വാക്കുകൾ.

പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിക്കുപോലും താങ്ങാൻ ആവുന്നതിലും അപ്പുറമാണ് മുറിവേറ്റ് ഒഴുകുന്നവരുടെ എണ്ണം. ആശുപത്രി ഐ.സി.യുവിലെ 12 ബെഡുകൾ ചൊവ്വാഴ്ച തന്നെ നിറഞ്ഞിരുന്നു.


ജീവൻ രക്ഷാ മരുന്നുകൾ അടക്കം മെഡിക്കൽ സാമഗ്രികൾ  കടത്തിയിരുന്ന ഗസ്സ-ഈജിപ്ത് തുരങ്കം അടച്ചത് വലിയ തിരിച്ചടിയായെന്ന് ഡോക്ട൪ പറയുന്നു. 2012ലെ കനത്ത ആക്രമണത്തിനിടെയാണ് ഇസ്രായേൽ ഈ തുരങ്കം അടച്ചു കളഞ്ഞത്. ഗുരുതര അവസ്ഥയിൽ ഉള്ള  രോഗികളെ ഇതു വഴിയായിരുന്നു ദിവസേന ഈജിപ്തിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അറബ് രാജ്യങ്ങളിൽ നിന്നുള്ളതടക്കം ഗസ്സക്കുള്ള സഹായം ഈ തുരങ്കം വഴിയായിരുന്നു വന്നു കൊണ്ടിരുന്നത്.

മരുന്നുകളുടെയും വൈദ്യ ഉപകരണങ്ങളുടെയും ഗുരുതരമായ ക്ഷാമം തങ്ങൾ അനുഭവിക്കുന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് അശ്റഫ് അൽ ഖ്വദ്റ പറഞ്ഞു. 15 ശതമാനം മരുന്നുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം ഇവയും ഉപയോഗിച്ചു തീരും.

ഇന്ധന ക്ഷാമവും രൂക്ഷമാവുകയാണ്. വൈദ്യുതി അപൂ൪വമായിക്കഴിഞ്ഞു. ഇതെല്ലാം ചേ൪ന്ന് ആശുപത്രികളുടെ പ്രവ൪ത്തനം  കടുത്ത ദുരിതത്തിലേക്കാണ് നീങ്ങുന്നത്. ഇൻക്യുബേറ്ററുകൾ, ഡയാലിലസ് മെഷീനുകൾ, ഗ്ളൗ പോലും ഗസ്സയിലെ ആശുപത്രികളിൽ തീ൪ന്നുകൊണ്ടിരിക്കുന്നു.

അതിനിടെ,ഗസ്സക്കെതിരെ ആക്രമണം രുക്ഷമാക്കിയ ഇസ്രായേൽ ഇതുവരെയായി 900 ലക്ഷ്യ കേന്ദ്രങ്ങൾ ആക്രമിച്ചു. ഇസ്രായേലിന്‍്റെ വടക്കൻ അതി൪ത്തിക്കടുത്ത് ലബനാനിൽ നിന്നും മിസൈൽ തൊടുത്തു വിടാൻ തുടങ്ങി.  കരയാക്രമണത്തിനുള്ള നീക്കവുമായി മുന്നോട്ടുപോവുകയാണ് ഇസ്രായേൽ. ഇതോടെ സിവിലിയൻ കൂട്ടക്കുരുതിക്ക് ഗസ്സ സാക്ഷ്യം വഹിച്ചേക്കുമെന്നാണ് റിപോ൪ട്ടുകൾ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.