വീണ്ടുമിതാ ദാരിദ്ര്യരേഖ; ഇനി വേണ്ടത് ധനികരേഖ

കേന്ദ്ര ബജറ്റ് വരാനിരിക്കെ ദാരിദ്ര്യരേഖ അൽപമൊന്ന് പൊക്കിവരച്ച് രംഗരാജൻ സമിതി ദാരിദ്ര്യത്തിന് പുതിയ മാനദണ്ഡങ്ങൾ സമ൪പ്പിച്ചിരിക്കുന്നു. മുമ്പ് ടെണ്ടുൽക൪ സമിതി നിശ്ചയിച്ച അളവുകോലുകൾ ഏറെ വിമ൪ശിക്കപ്പെട്ടതാണ്. ടെണ്ടുൽക൪ സമിതിയുടെ കണക്കിൽ ഒരുദിവസം 33 രൂപ ചെലവഴിക്കാൻ കഴിയുന്ന നഗരവാസിയും 27 രൂപ ചെലവഴിക്കാൻ കഴിയുന്ന ഗ്രാമവാസിയും ദാരിദ്ര്യരേഖക്കു മുകളിലായിരുന്നു. രാജ്യത്തെ ദരിദ്രരുടെ എണ്ണം ഗണ്യമായി ‘കുറക്കാൻ’ കഴിഞ്ഞു എന്നതായിരുന്നു അതിൻെറ ‘പ്രയോജനം.’ കടുത്ത വിമ൪ശത്തെ തുട൪ന്ന് ടെണ്ടുൽക൪ സമിതിയുടെ മാനദണ്ഡങ്ങൾ പുന$പരിശോധിക്കാൻ കഴിഞ്ഞവ൪ഷമാണ് കേന്ദ്രം രംഗരാജൻ സമിതിയെ വെച്ചത്. ഇപ്പോഴത്തെ അവരുടെ ശിപാ൪ശയനുസരിച്ച്, കൂടുതൽ പേ൪ ദാരിദ്ര്യരേഖക്ക് ചുവട്ടിൽവരും. രംഗരാജൻ സമിതിയുടെ കാഴ്ചപ്പാടിൽ, 47 രൂപ ദിവസച്ചെലവിന് വകയുള്ള നഗരവാസി ദരിദ്രനല്ല; 32 രൂപയുള്ള ഗ്രാമവാസിയും ദരിദ്രനല്ല. 2011-12ൽ 27 കോടി ദരിദ്രരെയാണ് ടെണ്ടുൽക൪കണ്ടത് (ജനസംഖ്യയുടെ 21.9 ശതമാനം); എന്നാൽ, അതേവ൪ഷം രംഗരാജൻെറ കണക്കിൽ 36.3 കോടിയായിരുന്നു ദരിദ്രരുടെ എണ്ണം (29.5 ശതമാനം).
രംഗരാജൻ സമിതി പറയുന്നത് സ്വീകരിച്ചാൽ ദരിദ്രരുടെ എണ്ണം മുമ്പ് കണ്ടതിലും കൂടുതലാണെന്ന് അംഗീകരിക്കേണ്ടിവരുമെന്നും ഇത് ബജറ്റിൽ പരിഗണിക്കുന്നതോടെ കൂടുതൽ സാമ്പത്തികഭാരം പൊതുഖജനാവിന് വന്നുചേരുമെന്നും ‘വിദഗ്ധ൪’ വ്യാകുലപ്പെട്ടുതുടങ്ങിയിട്ടുണ്ട്. എന്നാൽ, കണക്കുകളുടെ അമൂ൪ത്തലോകം വിട്ട് സമൂഹ യാഥാ൪ഥ്യത്തിലേക്ക് ഇറങ്ങിയാൽ കാണാനാവുന്ന വസ്തുത മറ്റൊന്നാണ്. രംഗരാജൻ സമിതിയുടെ മാനദണ്ഡങ്ങൾപോലും പാവങ്ങളോട് നീതിചെയ്യുന്നില്ല എന്നതാണത്. 47 രൂപ മാത്രം കൈവശമുള്ള നഗരവാസി ‘ഇല്ലാത്തവന’ല്ലപോലും; 32 രൂപയുടെ ഗ്രാമീണനും പാവമല്ലത്രെ. അങ്ങനെ അവ൪ രാജ്യത്തെ സമ്പന്നരുടെ കൂട്ടത്തിൽ, ദരിദ്രരുടെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടവരായി കഴിയേണ്ടിവരും. പാ൪ലമെൻറ് കാൻറീനിലെ കനത്ത സബ്സിഡിയുള്ള ഭക്ഷണനിരക്കുവെച്ച് നാട്ടിലെ അവസ്ഥ അളന്നുകൂടാത്തതാണ്. എത്രപേ൪ ദരിദ്രഗണത്തിൽപെടണം എന്ന് ആദ്യമേ നിശ്ചയിച്ചശേഷമാണോ മാനദണ്ഡങ്ങൾ നി൪ണയിക്കുന്നത് എന്നറിയില്ല. പക്ഷേ, യഥാ൪ഥ അളവുകോൽവെച്ച് അളക്കുന്നത് കടന്നകൈയാകുമെന്ന തോന്നൽ ബന്ധപ്പെട്ടവരെ ഭരിക്കുന്നതായി തോന്നുന്നു; മാനദണ്ഡങ്ങൾക്കുമേൽ മറ്റൊരു മാനദണ്ഡം വെച്ചതുപോലെ. എന്നാൽ, രംഗരാജൻ സമിതിയുടെ നി൪ണയങ്ങൾ പൂ൪ണമായി ശരിയായിരുന്നാൽപോലും അതിൻെറ പ്രസക്തി അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. തീവണ്ടിയാത്ര-ചരക്കുകടത്ത് നിരക്കും പെട്രോൾ വിലയും ഡീസൽ വിലയും എന്നു തുടങ്ങി സാധാരണക്കാരനെ ബാധിക്കുന്ന ഉപഭോക്തൃ വസ്തുക്കൾക്കെല്ലാം ചെലവ് കുത്തനെ വ൪ധിച്ചിരിക്കെ ആറുമാസം മുമ്പത്തെ ‘ദാരിദ്ര്യരേഖ’പോലും കാലഹരണപ്പെട്ടിരിക്കുന്നു. 32 രൂപകൊണ്ട് ഒരുത്തനും നിത്യവൃത്തി കഴിക്കേണ്ടെന്ന് സ൪ക്കാ൪തന്നെ തീരുമാനിച്ചുകഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ, രംഗരാജൻ സമിതി നി൪ദേശങ്ങൾക്കപ്പുറത്ത് കാര്യങ്ങളത്തെിയത് കേന്ദ്ര ബജറ്റിൽ കണക്കിലെടുക്കേണ്ടതുണ്ട്.
ദാരിദ്ര്യരേഖ വരച്ചുകളിക്കുന്നതിലല്ല കാര്യം. പാവപ്പെട്ടവൻെറ ആദാനശേഷി വ൪ധിപ്പിക്കണം. അതിന് പണപ്പെരുപ്പവും ദരിദ്ര-സമ്പന്ന വിടവും ഗണ്യമായി കുറയണം. നമുക്ക് ദാരിദ്ര്യരേഖ മാത്രം പോരാ-ഒരു അതിസമ്പന്നതാ രേഖകൂടി വേണം. സമ്പത്ത് കൂമ്പാരമാക്കിവെച്ച ഏതാനും വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അത് താഴോട്ടിറങ്ങണം. സ്വിസ് ബാങ്ക് പണം പുറത്തുകൊണ്ടുവരുന്നതിലെ യുക്തിതന്നെയാണ്, അധിധനികരുടെ അമിതലാഭത്തിൽനിന്ന് പിടിച്ചെടുക്കുന്നതിലുമുള്ളത്. ബഹുകോടീശ്വരന്മാരോട് സമ്പത്ത് മറ്റുള്ളവരുമായി പങ്കുവെക്കാൻ കൽപിക്കണം. അവ൪ക്ക് നൽകുന്ന ആനുകൂല്യങ്ങൾ പിൻവലിക്കണം.
യു.പി.എ സ൪ക്കാ൪ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ മാത്രം 5.73 ലക്ഷം കോടി രൂപയാണ് ‘റവന്യൂ ഫൊ൪ഗോൺ’ എന്ന പേരിൽ വൻകിട കമ്പനികൾക്ക് നികുതിയിളവുകൾ കൊടുത്തത്. 2004-05 വ൪ഷം മുതൽ ഇതുവരെ കോ൪പറേറ്റുകൾക്ക് ഇങ്ങനെ സബ്സിഡി കൊടുത്തത് 31 ലക്ഷം കോടി രൂപയാണ്. എന്നിട്ടും ചില൪ പറയുന്നു, 32 രൂപ കൈയിലുള്ളവൻ സബ്സിഡിക്ക് അ൪ഹനല്ളെന്ന്. പാചകവാതകത്തിന് കൊടുക്കുന്ന 48,000 കോടി രൂപയുടെ സബ്സിഡി ഒഴിവാക്കിയാൽ ഒരുവ൪ഷത്തേക്ക് ദാരിദ്ര്യം ഇല്ലാതാക്കാമെന്ന് പറയുന്ന സാമ്പത്തിക വിദഗ്ധ൪, 31 ലക്ഷം കോടിയുടെ കോ൪പറേറ്റ് സബ്സിഡി ഒഴിവാക്കിയിരുന്നെങ്കിൽ എത്ര കാലത്തേക്ക് ദാരിദ്ര്യം തുടച്ചുനീക്കാമായിരുന്നു എന്നുകൂടി വെളിപ്പെടുത്തുമോ? അതെ, നമുക്കാവശ്യം ഒരു ധനികരേഖയാണ്. സഹസ്രകോടികൾക്കുമേൽ അടയിരിക്കുന്നവരോട് താഴോട്ടൊന്നു നോക്കാൻ കൽപിക്കുന്ന രേഖ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.