ജ്വല്ലറിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ യുവതിയും പിടിയില്‍

ബാലരാമപുരം: വ്യാജ കനകനിധിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ യുവതി പിടിയില്‍. ബാലരാമപുരം ശാലിഗോത്ര തെരുവില്‍ വിനായക സ്ട്രീറ്റില്‍ രാജേശ്വരി (37)ആണ് പൊലീസ് പിടിയിലായത്. ബാലരാമപുരത്തെ സുല്‍ത്താന ജ്വല്ലറി നടത്തിവന്ന കനകനിധിയുടെ പേരിന്‍െറ മറവില്‍ വ്യാജ കനകനിധി നടത്തി ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണിയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ സ്വര്‍ണം നല്‍കിയ ബാലരാമപുരത്തെ ജ്വല്ലറിയില്‍നിന്ന് 27 പവന്‍ പൊലീസ് റിക്കവറി ചെയ്തു. മറ്റ് സ്വര്‍ണം സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരുമാസം മുമ്പ് രണ്ട് പേരെ പിടികൂടിയിരുന്നു. വിനായക സ്ട്രീറ്റില്‍ ശിവശക്തിയില്‍ പ്രദീപ്(36) ചെന്നൈ തേനാംപേട്ടെ വെങ്കിടരാജന്‍ സ്ട്രീറ്റില്‍ വീട്ട്നമ്പര്‍ 100ല്‍ സതീഷ്(22) എന്നിവരെയാണ് ബാലരാമപുരം എസ്.ഐ എന്‍. മദുസൂധനന്‍ നായരുടെ നേതൃത്വത്തില്‍ ഒരുമാസം മുമ്പ് പിടികൂടിയത്. 2013 ഏപ്രിലിലാണ് തട്ടിപ്പ് പുറത്തറിയുന്നത്. ശാലിഗോത്ര തെരുവില്‍ 25 ലെറെ പേരില്‍നിന്ന് സുല്‍ത്താന ജ്വല്ലറിയുടെ കനകനിധിയില്‍ ചേരുന്നതിനുവേണ്ടി എന്ന വ്യാജേന ജ്വല്ലറിയുടെ വ്യാജപേരില്‍ ഉടമ അറിയാതെ 92 ലക്ഷത്തിലേറെ രൂപയാണ് തട്ടിയെടുത്തത്. പ്രദീപിന്‍െറയും രാജേശ്വരിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് നിക്ഷേപകരില്‍നിന്ന് പണം സ്വരൂപിച്ച് തട്ടിപ്പ് നടത്തിയത്. ജ്വല്ലറി നടത്തിവരുന്ന കനകനിധി അതേപേരില്‍ വ്യാജമായി രജേശ്വരിയും സംഘവും നടത്തിയാണ് തട്ടിപ്പ്. വ്യാജ കനകനിധിയില്‍ പണം നല്‍കുന്നവര്‍ക്ക് സ്വര്‍ണവും വന്‍തുക പലിശയും നല്‍കി ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. ഒരു ലക്ഷം രൂപ നല്‍കുന്നവര്‍ക്ക് പത്ത്ദിവസത്തില്‍ പതിനായിരം രൂപ പലിശനല്‍കിയാണ് സംഘം പ്രദേശവാസികളുടെ ലക്ഷങ്ങള്‍ കബളിപ്പിച്ചത്. ഇവര്‍ പിരിച്ചെടുത്ത തുകയില്‍ 15 ലക്ഷം രൂപ പലിശയിനത്തില്‍ നല്‍കിയിട്ടുണ്ടെന്നാണ് പ്രദീപ് പൊലീസിനോട് പറഞ്ഞത്. പലിശ നല്‍കാതെ വന്നതോടെ നിക്ഷേപകര്‍ പ്രശ്നമുണ്ടാക്കിയതാണ് തട്ടിപ്പ് പൊളിയാന്‍ കാരണം. ജ്വല്ലറിയുടെ പേരിലാണ് തട്ടിപ്പ് നടന്നതെന്ന് വരുത്തിത്തീര്‍ത്ത് പ്രതികള്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തി. ഇതിന്‍െറ ഭാഗമായി കഴിഞ്ഞവര്‍ഷം ഏപ്രില്‍ 12ന് പണം നല്‍കിയ സ്ത്രീകളില്‍ ചിലരുമായി സുല്‍ത്താന ജ്വല്ലറി ഉടമ സ്ഥലത്തില്ലാതിരുന്ന സമയത്തെത്തി 118 പവന്‍ തെരഞ്ഞെടുത്ത ശേഷം ബില്ല് തയാറാക്കാന്‍ പറഞ്ഞു. ബില്ല് വന്നതോടെ ഉടമയുടെ പക്കല്‍ 28 ലക്ഷം രൂപ നല്‍കിയെന്നാവകാശപ്പെട്ടു. ജീവനക്കാര്‍ ജ്വല്ലറി ഉടമയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാശ് മുന്‍കൂറായി ലഭിച്ചിട്ടില്ലെന്നും ആഭരണം നല്‍കരുതെന്നും നിര്‍ദേശം നല്‍കി. സ്വര്‍ണം നല്‍കാത്തതോടെ രാജേശ്വരി ജ്വല്ലറിക്കുള്ളില്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പൊലീസിനെ വിളിച്ചു. യുവതിയെയും കൂട്ടരെയും സ്റ്റേഷനിലെത്തിച്ചു. സുല്‍ത്താന ജ്വല്ലറിയുടെ കനകനിധിയുടെ പേരിലാണ് ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിച്ചതെന്ന് സ്റ്റേഷനില്‍ രാജേശ്വരിയും ബന്ധുക്കളും വരുത്തിത്തീര്‍ത്തു. ബാലരാമപുരം എസ്.ഐ മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് കേസിന്‍െറ ചുരുളഴിയുന്നത്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികള്‍ വലയിലായത്. തമിഴ്നാട്ടില്‍ ഒളിവിലായിരുന്ന രാജേശ്വരി ബാലരാമപുരത്തെ വീട്ടിലെത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ഐ മധുസൂദനന്‍നായര്‍, എസ്.ഐ.മാരായ ജലാല്‍, ഗണേഷ്, എ.എസ്.ഐമാരായ ബ്രൂസ് ഡാനിയല്‍, സനല്‍കുമാര്‍ എന്നിവര്‍ വനിതാ പൊലീസുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.