ബോട്ടും ജീവനക്കാരുമില്ല; സുരക്ഷയൊരുക്കാനാവാതെ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്

കണ്ണൂര്‍: കാലവര്‍ഷമെത്തുന്നതോടെ കണ്ണൂരിലെ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരുടെ ഉള്ളില്‍ തീയാണ്. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ട വകുപ്പിന് സ്വന്തമായി ഒരു ബോട്ടുപോലുമില്ല. മാഹി മുതല്‍ മഞ്ചേശ്വരം വരെയുള്ള കടല്‍ മേഖലയിലെ സുരക്ഷാചുമതല നിര്‍വഹിക്കാന്‍ ആകെയുള്ള ആശ്രയം വാടകക്കെടുത്ത ബോട്ടാണ്. മത്സ്യബന്ധനത്തിനുപയോഗിച്ചിരുന്ന ഈ ബോട്ടില്‍ സുരക്ഷാസേനക്കുവേണ്ട ഒരു സൗകര്യവുമില്ല. ബോട്ടിനു പുറമെ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന് തലവേദനയാകുന്നു. ജീവനക്കാരുടെയും സൗകര്യങ്ങളുടെയും കുറവു കാരണം ഇപ്പോള്‍ പതിവ് പട്രോളിങുപോലും നടക്കുന്നില്ല. ഒരു എസ്.ഐയും ഒരു ഹെഡ് കോണ്‍സ്റ്റബിളും ആറ് സിവില്‍ പൊലീസ് ഓഫിസര്‍മാരുമാണ് കണ്ണൂര്‍ മറൈന്‍ എന്‍ഫോഴ്സു്മെന്‍റ് വിഭാഗത്തിന് അനുവദിക്കപ്പെട്ട ജീവനക്കാര്‍. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കേണ്ട എസ്.ഐയെ ഐ.ബിയിലേക്ക് ഡെപ്യൂട്ടേഷനില്‍ അയച്ചു. കാലാവധി പൂര്‍ത്തിയാക്കാത്തതിനാല്‍ അദ്ദേഹം തിരിച്ചെത്തിയിട്ടില്ല. പകരം മറ്റാരെയും നിയമിച്ചിട്ടുമില്ല. ഹെഡ് കോണ്‍സ്റ്റബിളിനാണ് ഇപ്പോള്‍ ചുമതല. അദ്ദേഹത്തെ കൂടാതെ രണ്ടു പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ മാത്രമാണ് പിന്നെയുള്ളത്. മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍െറ ബലഹീനത മുതലെടുത്ത് കര്‍ണാടകയില്‍നിന്നും മറ്റുമുള്ള ബോട്ടുകള്‍ എത്തി വന്‍ തോതില്‍ മത്സ്യം പിടിക്കുന്നുണ്ട്. പ്രജനന കാലത്തെ മത്സ്യബന്ധനം കണ്ണൂരിന്‍െറ മത്സ്യ സമ്പത്തിനെ ഏറെ ബാധിക്കുന്നതായി തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. തലായി, മാപ്പിള ബേ, അഴീക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബോട്ടുകളൊക്കെ മത്സ്യബന്ധനം നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും അന്യസംസ്ഥാനത്തു നിന്നും മറ്റുമെത്തുന്ന ബോട്ടുകള്‍ നിര്‍ബാധം മത്സ്യബന്ധനം നടത്തുകയാണ്്. അത്യാധുനിക സൗകര്യങ്ങളുള്ള ബോട്ടുകളാണ് മംഗലാപുരം തീരുത്തുനിന്നും മറ്റും എത്തുന്നത്. കടലില്‍ മത്സ്യങ്ങളുടെ കൂട്ടത്തെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യ മിക്ക ബോട്ടുകളിലുമുണ്ട്. അതിവേഗത്തിലോടുന്ന ഇത്തരം ബോട്ടുകളെ പിന്തുടര്‍ന്ന് പിടിക്കാന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍െറ ബോട്ടിനാവുന്നില്ല. മത്സ്യത്തൊഴിലാളികളും മറ്റും അന്യസംസ്ഥാന ബോട്ടുകളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. മയ്യില്‍, വളപട്ടണം തീരദേശ പൊലീസിന് സ്പീഡ് ബോട്ടുകളുണ്ടെങ്കിലും മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളെ പിടിക്കുന്ന കാര്യത്തില്‍ ഇവര്‍ സഹകരിക്കാറില്ല. പട്രോളിങിനും സേവനം ലഭിക്കാറില്ല. ബോട്ടുകളും മറ്റും അപകടത്തില്‍ പെടുമ്പോള്‍ . ഫിഷറീസ് വകുപ്പിന് കീഴിലുള്ള മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന് സ്വന്തമായി ബോട്ടു വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. എന്നാല്‍, ബോട്ട് വാടകക്കെടുക്കുന്നതിന് പ്രതിവര്‍ഷം ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും സ്വന്തമായി ബോട്ടു വാങ്ങാന്‍ വകുപ്പ് അധികൃതര്‍ മടികാണിക്കുന്നു. കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നത് ഗൗരവമായി കാണുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.