അന്ധത ബാധിച്ച വിദ്യാര്‍ഥിനിക്ക് കുസാറ്റ് പ്രവേശപരീക്ഷയില്‍ മികച്ച ജയം

മലപ്പുറം: ജന്മനാ 75 ശതമാനത്തിന് മുകളില്‍ അന്ധത ബാധിച്ച മക്കരപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥിനി ഹാനിയ കൊച്ചിന്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്) നടത്തിയ ബി.ടെക്-എം.എസ്സി ഫോട്ടോണിക്സ് പ്രവേശ പരീക്ഷയില്‍ വിഭിന്ന ശേഷി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി. പ്ളസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ളസ് (95.5%) നേടിയിരുന്നു. കുസാറ്റ് പ്രവേശപരീക്ഷയില്‍ ആദ്യശ്രമത്തില്‍ തന്നെ റാങ്ക് സ്വന്തമാക്കാനായി. കേബിള്‍ ടി.വി ഓപറേറ്ററായ വടക്കാങ്ങരയിലെ കരുവാട്ടില്‍ മുഹമ്മദ് അലിയുടെയും ശാന്തപുരം സ്വദേശിനി ആനമങ്ങാടന്‍ സുനിമോളുടെയും മകളാണ്. ജന്മനാ ബാധിച്ച ഗുരുതര കാഴ്ചവൈകല്യം കാരണം വെവ്വേറെ സ്കൂളുകളില്‍ പോവേണ്ടി വന്ന ഹാനിയക്ക് ഇടക്കാലത്ത് പഠനം തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍, രക്ഷിതാക്കളുടെയും സഹോദരന്മാരുടെയും അധ്യാപകരുടെയും പ്രോത്സാഹനം പരിമിതികളോട് പടവെട്ടാന്‍ പ്രേരിപ്പിച്ചു.സി.ബി.എസ്.സി പത്താംതരം പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയാണ് ഹാനിയ തിരൂര്‍ക്കാട് അസ്ഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നിന്ന് വിജയിച്ചത്. പ്ളസ് വണിന് സയന്‍സ് ഗ്രൂപ്പാണെടുത്തിരുന്നത്. ഐ.ഐ.ടി ജെ.ഇ.ഇ മെയിന്‍ പ്രവേശ പരീക്ഷയില്‍ വിജയം നേടിയ ഹാനിയ തുടര്‍ന്ന് നടന്ന ഐ.ഐ.ടി- ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ്. ഇന്ത്യയിലെ മികച്ച ഐ.ഐ.ടിയില്‍ നിന്ന് എന്‍ജിനീയറിങില്‍ ഉന്നത വിജയം നേടി തന്നെപോലെ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നതാണ് ഹാനിയയുടെ ജീവിതാഭിലാഷം. വിദ്യാര്‍ഥികളായ ഹാദി, ഹനീന്‍, ഹാഷിം എന്നിവര്‍ സഹോദരങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.