ചെന്നൈ: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രീലങ്കൻ പ്രസിഡൻറ് മഹീന്ദ രാജപക്സ പങ്കെടുക്കുന്നതിനെതിരെ കൂടുതൽ സംഘടനകൾ രംഗത്ത്. എൻ.ഡി.എ ഘടകകക്ഷിയായ പുതിയ തമിഴകവും ഞായറാഴ്ച മോദിക്കെതിരെ രംഗത്തുവന്നു. തമിഴ് ജനവിഭാഗത്തിൻെറ വികാരത്തെ മുറിവേൽപിക്കുന്ന നടപടിയാണ് ഇതിലൂടെ ഉണ്ടായതെന്നും ലോകത്തിൻെറ നാനാഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് തമിഴ് ജനവിഭാഗം കരുതുന്നത് മോദി യുദ്ധക്കുറ്റത്തിനും മനുഷ്യാവകാശ ലംഘനത്തിനും രാജപക്സക്കെതിരെ നടപടിയെടുക്കുമെന്നാണെന്നും പുതിയ തമിഴകം പ്രസിഡൻറ് കെ. കൃഷ്ണസ്വാമി പറഞ്ഞു.
തമിഴ് ഈഴം അനുകൂല വിദ്യാ൪ഥി സംഘടനയായ ‘മേയ് 17 മൂവ്മെൻറ്’ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഇതോടെ എൻ.ഡി.എ ഘടകകക്ഷികളിൽ ബി.ജെ.പി ഒഴികെയുള്ള അഞ്ച് പാ൪ട്ടികളും രാജപക്സയെ ക്ഷണിച്ചതിനെതിരെ പ്രതികരിച്ചു. സത്യപ്രതിജ്ഞ നടക്കുന്ന തിങ്കളാഴ്ച തമിഴ്നാട് സെക്രട്ടേറിയറ്റിന് മുന്നിൽ എം.ഡി.എം.കെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. തമിഴ് അനുകൂല സംഘടനകളും വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നുണ്ട്.
എന്നാൽ, തമിഴ്നാട്ടിൽ എൻ.ഡി.എയിലെ പ്രധാന ഘടകകക്ഷിയായ വിജയകാന്തിൻെറ ഡി.എം.ഡി.കെ കാര്യമായ പ്രതിഷേധം ഉയ൪ത്തിയിട്ടില്ല. നടപടി തെറ്റാണെന്ന് പറഞ്ഞെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കില്ളെന്നാണ് പറഞ്ഞത്. പ്രത്യക്ഷമായ സമര പരിപാടികൾക്കും വിജയകാന്ത് ഒരുക്കമല്ല. സാ൪ക് രാജ്യങ്ങളെ മുഴുവൻ ക്ഷണിച്ച സാഹചര്യത്തിൽ കാര്യങ്ങളെ കൂട്ടിക്കുഴക്കരുതെന്നും ശ്രീലങ്കൻ പ്രസിഡൻറിനെ മാത്രമായിരുന്ന ക്ഷണിച്ചതെങ്കിൽ ബഹിഷ്കരിക്കുമായിരുന്നെന്നും വിജയകാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.