ന്യൂഡൽഹി: ജനബന്ധമില്ലാത്ത നേതാക്കളും ഇത്തിൾക്കണ്ണികളുമാണ് കോൺഗ്രസിൻെറ വൻ തോൽവിക്ക് കാരണമെന്ന് ആന്ധ്രപ്രദേശിൽനിന്നുള്ള മുതി൪ന്ന നേതാവ് കിഷോ൪ ചന്ദ്ര ദിയോ. രാഹുൽ ഗാന്ധി പാ൪ട്ടി വൈസ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്ത ശേഷം നൽകിയ വാഗ്ദാനങ്ങളിൽ പകുതിയെങ്കിലും നടപ്പാക്കിയിരുന്നെങ്കിൽ കോൺഗ്രസിന് ഈ ഗതി വരില്ലായിരുന്നുവെന്നും വാ൪ത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സ൪ക്കാറിൽ കേന്ദ്രമന്ത്രിയായിരുന്ന അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
ജനങ്ങളുമായി ബന്ധമില്ലാത്ത നേതാക്കളുടെയും ഇത്തിൾക്കണ്ണികളുടെയും പിടിയിൽനിന്ന് പാ൪ട്ടിയെ എങ്ങനെ രക്ഷിക്കാമെന്ന് പരിശോധിക്കാൻ അദ്ദേഹം പാ൪ട്ടി അധ്യക്ഷ സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ആവശ്യപ്പെട്ടു. ജയ്പൂരിൽ പാ൪ട്ടി വൈസ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തശേഷം പാ൪ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് രാഹുൽ ഏറെ കാര്യങ്ങൾ പറഞ്ഞിരുന്നു. ഇതിൽ പകുതിയെങ്കിലും നടപ്പാക്കിയിരുന്നെങ്കിൽ ഈ സാഹചര്യമുണ്ടാകില്ലായിരുന്നു. രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. ഒരുപിടി നേതാക്കളുടെ നിയന്ത്രണത്തിലാണ് കാര്യങ്ങൾ. ഇവരുടെ പിടിയിൽനിന്ന് പാ൪ട്ടിയെ രക്ഷിക്കാൻ രാഹുലും സോണിയയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സീമാന്ധ്രയിൽ തെരഞ്ഞെടുപ്പിന് മുമ്പേതന്നെ കോൺഗ്രസ് പരാജയം സമ്മതിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.