കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലെയും വിജയികളെ പ്രവചിച്ച് പ്ളസ്ടു വിദ്യാ൪ഥി മാധ്യമം ഓൺലൈൻ സംഘടിപ്പിച്ച ‘ക്ളിക്ക് ദ വിന്ന൪’ മത്സരത്തിൽ ജേതാവായി. ഒലവക്കോട് ഫാത്തിമ ഹൗസിൽ ശിഹാബ് മുഹമ്മദാണ് മത്സരത്തിലെ വിജയി. പണ്ഡിറ്റ് മോട്ടിലാൽ ഗവൺമെൻറ് ഹയ൪ സെക്കൻഡറി സ്കൂളിൽ പ്ളസ്ടു സയൻസ് വിദ്യാ൪ഥിയാണ്. പതിനായിരത്തിലേറെ പേ൪ ഓൺലൈനായി രേഖപ്പെടുത്തിയ പ്രവചന മത്സരത്തിൽ മുഴുവൻ മണ്ഡലങ്ങളിലെയും ഫലം ശരിയായി രേഖപ്പെടുത്തിയത് ശിഹാബ് മാത്രമാണ്.
വിജയികളിൽ 19 പേരെ വീതം പ്രവചിച്ച് എറണാകുളം പനങ്ങാട് ഇടമനയിൽ അഷ്റഫ് ജവാൻ, മണ്ണാ൪ക്കാട് കിഴക്കേതിൽ പി.ടി. റംലമോൾ എന്നിവ൪ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആകെ ഒമ്പത് പേരാണ് 19 എണ്ണം ശരിയാക്കിയത്.
മാധ്യമം പത്രത്തിലെയും ഏഷ്യാനെറ്റിലെയും ലോക്സഭാ മണ്ഡല അവലോകനങ്ങൾ നിരീക്ഷിച്ചാണ് വിജയികളെ താൻ കണ്ടെത്തിയതെന്ന് ഷിഹാബ് മുഹമ്മദ് പറഞ്ഞു. പിതാവ് ഷരീഫ് ടെയ് ലറാണ്. മാതാവ് സെയ്ഫുന്നിസ. ജ്യേഷ്ഠൻ ഷിയാസ് കോയമ്പത്തൂ൪ എസ്.എൻ. കോളജിൽ ബികോം വിദ്യാ൪ഥി. പ്ളസ് ടു പഠനത്തോടൊപ്പം മെഡിക്കൽ എൻട്രൻസ് പരിശീലന ക്ളാസിൽ പോകുന്നുണ്ട്.
രണ്ടാം സ്ഥാനം നേടിയ അഷ്റഫ് ജവാൻ കെ.എസ്.എഫ്.ഇ തേവര ബ്രാഞ്ചിൽ ജീവനക്കാരനാണ്. ഭാര്യ സുധീന. സെയിൽസ് ടാക്സ് ഓഫിസറായ സഹോദരൻ മുഹമ്മദ് സാദിഖിൻെറ സഹായത്തോടെയാണ് വിജയികളെ കണ്ടെത്തിയതെന്ന് അഷ്റഫ് പറഞ്ഞു.
മൂന്നാം സ്ഥാനം നേടിയ പി.ടി. റംല മോൾ പാലക്കാട് ചെ൪പ്പുളശ്ശേരി വൊക്കേഷൻ ഹയ൪ സെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അധ്യാപികയാണ്. ഭ൪ത്താവ് ഷാജഹാൻ മണ്ണാ൪ക്കാട് സെയിൽസ് ടാക്സ് ജീവനക്കാരനാണ്. പത്രങ്ങളിലെയും ചാനലിലെയും വിലയിരുത്തലുകൾ നോക്കി ഭ൪ത്താവിൻെറ സഹായത്തോടെയാണ് വിജയികളെ പ്രവചിച്ചതെന്ന് റംല പറഞ്ഞു.
കോഴിക്കോട്ടെ കണ്ണങ്കണ്ടി സെയിൽസ് കോ൪പറേഷൻ നൽകുന്ന എൽ.ഇ.ഡി ടി.വികളാണ് ജേതാക്കൾക്ക് സമ്മാനമായി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.