നൂറുമേനി വിളയിക്കാന്‍ അണ്‍ എയ്ഡഡ് സ്കൂളുകള്‍ ഒമ്പതാം ക്ളാസുകാരെ ‘നടതള്ളുന്നു’

കോഴിക്കോട്: 10ാം ക്ളാസില്‍ നൂറുമേനി വിളയിക്കാന്‍ നഗരത്തിലെയും പരിസരത്തെയും അണ്‍ എയ്ഡഡ് സ്കൂളുകള്‍ ഒമ്പതാം ക്ളാസുകാരെ നടതള്ളുന്നു. വിവിധ കാരണങ്ങള്‍ പറഞ്ഞെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അഭയമാവുന്നത് സര്‍ക്കാര്‍ സ്കൂളുകളും. നഗരത്തിലെ വിവിധ അണ്‍ എയ്ഡഡ് സ്കൂളുകളില്‍നിന്ന് 50ലധികം വിദ്യാര്‍ഥികളാണ് ഇതിനകം സീറ്റ് തേടി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിയത്. അപേക്ഷകള്‍ പരിഗണിച്ച സ്കൂള്‍ അധികൃതര്‍ മേയ് ഒമ്പതിന് പ്രവേശത്തിന് എത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ അണ്‍ എയ്ഡഡ് സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് മോഡല്‍ സ്കൂളില്‍ അപേക്ഷ സമര്‍പ്പിച്ചത്. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പത്തിലും കുറച്ചുപേര്‍ ഒമ്പതാം ക്ളാസിലുമാണ് അപേക്ഷിച്ചത്. എല്ലാ തവണയും ഇങ്ങനെ വിദ്യാര്‍ഥികള്‍ എത്താറുണ്ടെങ്കിലും ഇത്തവണ അത് കൂടുതലാണെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. സി.ബി.എസ്.ഇ സിലബസ് പഠിക്കാനുള്ള പ്രയാസവും ഫീസ് കൊടുക്കാന്‍ കഴിയാത്ത കാര്യവുമാണ് വിദ്യാര്‍ഥികള്‍ മോഡല്‍ സ്കൂള്‍ അധികൃതരെ അറിയിച്ചത്. എന്നാല്‍, സ്കൂളുകളുടെ 100 ശതമാനം വിജയം ഉറപ്പാക്കുന്നതിന്‍െറ ഭാഗമായാണ് ഈ ‘നടതള്ളല്‍’. ഒമ്പതും എട്ടും ക്ളാസുകളില്‍ മാര്‍ക്ക് അല്‍പം കുറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ക്ളാസ് കയറ്റം നല്‍കാതിരിക്കുകയാണ് മിക്ക അണ്‍ എയ്ഡഡ് സ്കൂളുകളുടെയും പതിവ്. സ്വയം ഒഴിഞ്ഞുപോവുകയാണെങ്കില്‍ വിദ്യാര്‍ഥിക്ക് ക്ളാസ് കയറ്റം നല്‍കി ടി.സി നല്‍കി പ്രശ്നം ഒത്തുതീര്‍പ്പാക്കും. 10ാം ക്ളാസിലെ 100 ശതമാനം പ്രധാന ലക്ഷ്യമായതിനാല്‍ വിട്ടുവീഴ്ചക്ക് സ്കൂള്‍ അധികൃതര്‍ തയാറാവില്ല. അതിനാല്‍, തര്‍ക്കത്തിനു നില്‍ക്കാതെ സര്‍ക്കാര്‍ സ്കൂളുകള്‍ തേടിയിറങ്ങുകയാണ് ഇത്തരം വിദ്യാര്‍ഥികള്‍ ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.