കോഴിക്കോട്: കടലിന്‍െറ തിരയിളക്കം അടയാളപ്പടുത്തുന്ന ശെല്‍വന്‍ മേലൂരിന്റെ‘തുരുത്ത ്’ ഫോട്ടോ പ്രദര്‍ശനം തുടങ്ങി. കണ്ണൂര്‍ ധര്‍മടത്തെ കാക്കത്തുരുത്ത് എന്ന ബ്രിട്ടീഷുകാര്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ തുരുത്തിന്‍െറ വിവിധ കോണുകളില്‍നിന്നുള്ള അദ്ഭുത കാഴ്ചയാണ് ഫോട്ടോകള്‍. കൂരിരുട്ടിന്‍െറ കിടാത്തികളായ കടല്‍ക്കാക്കകളുടെ അപൂര്‍വ ലോകമായതിനാലാണ് ധര്‍മടത്തിന്‍െറ തുരുത്തിന് ഈ പേര് ലഭിച്ചത്. വെള്ളക്കുതിരകളെപ്പോലെ തുള്ളിക്കളിക്കുന്ന തിരകളെ ഒപ്പിയെടുക്കാന്‍ സെല്‍വന്‍െറ കാമറക്ക് കഴിഞ്ഞു. കടലിന്‍െറ ഓളപ്പരപ്പിലും തീരത്തും വേലിയേറ്റവും ഇറക്കവും സൃഷ്ടിക്കുന്ന അപൂര്‍വ കാഴ്ചകള്‍. തീരത്ത് ഒഴുകി പടരുന്ന തിരകളും തിരകള്‍ പിന്‍വലിഞ്ഞ തീരവും പകര്‍ത്തി. സ്ഫടികവര്‍ണമാര്‍ന്ന തിരകളുടെ വേലിയേറ്റത്തിന്‍െറ ഭിന്നഭാവങ്ങളും കാണാം. വേലിയിറക്ക സമയത്ത് ധര്‍മടത്തുനിന്ന് തുരുത്തിലേക്ക് നടന്നുകയറാം. വേലിയേറ്റം തിരകളാല്‍ സമ്പമാണ്. അപാരമായ സാഗരത്തിന്‍െറ മറുകര തേടിപോകുന്ന തോണിക്കാരന്‍. നോക്കെത്താ ദൂരത്തിന്‍െറ പ്രപഞ്ചസൗന്ദര്യം ആസ്വദിക്കുന്ന ജനങ്ങള്‍. വഞ്ചിയും വലകളും മീന്‍പിടിത്തക്കാരും മത്സ്യവും നിറഞ്ഞ ലോകം. കാലാവസ്ഥാ വ്യതിയാനവും തുരുത്തിലെ പാറക്കെട്ടുകളും കടലിലെ ചെറുകല്‍തുരുത്തുകളുമെല്ലാം ചേര്‍ന്ന മനോഹര പ്രകൃതി സെല്‍വന്‍ പകര്‍ത്തിയിട്ടുണ്ട്. കണ്ടലുകളുടെ കടല്‍ത്തീരത്ത്നിന്ന് രാത്രിയില്‍ ബീഡിക്ക് തിരികൊളുത്തുന്ന അപൂര്‍വ ചിത്രവും പ്രദര്‍ശനത്തിലുണ്ട്. കടല്‍തീരത്തെ ജനങ്ങള്‍ക്ക് കുടിക്കാന്‍ ഉപ്പുവെള്ളം ലഭിക്കുമ്പോഴും ആറേക്കര്‍ വരുന്ന തുരുത്തിനുള്ളില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കിണറിലിപ്പോഴും ശുദ്ധജലം ലഭിക്കുന്നുണ്ട്. നിറയെ തെങ്ങുകളും മരങ്ങളും നിറഞ്ഞ ആറേക്കര്‍ വരുന്ന തുരുത്ത് ബ്രിട്ടീഷ് കാലഘട്ടത്തില്‍ നാവികസേന കേന്ദ്രമായി ഉപയോഗിച്ചിരുന്നു. ജനവാസമില്ലാത്തതിനാല്‍ കാക്കകളുടെ നാടാണിവിടം. രാത്രി അവരുടെ സ്വയംഭരണ പ്രദേശമെന്നും പറയാം. അന്തിക്ക് തീരത്തണയുന്ന കാക്കളുടെ വന്‍ നിര ഫോട്ടോയിലുണ്ട്. ചിത്രകാരന്‍ കൂടിയാണ് ധര്‍മടം സെല്‍വന്‍. മുത്തങ്ങ സമരകലത്ത് ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് നിരവധി ഫോട്ടോയെടുത്ത് പ്രദര്‍ശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.