അറബ് വിപ്ളവത്തെ തകര്‍ത്തത് ജനാധിപത്യ വിരുദ്ധര്‍ –സാംസ്കാരിക സമ്മേളനം

കോഴിക്കോട്: തുനീഷ്യ, ഈജിപ്ത്, യമന്‍ തുടങ്ങിയ അറബ് രാജ്യങ്ങളില്‍ വളര്‍ന്നുവന്ന ജനകീയ വിപ്ളവങ്ങളെ തകര്‍ത്തത് അധികാരം നഷ്ടമാകുമെന്ന് ഭയന്ന രാജാധിപത്യ ഭരണകൂടങ്ങളാണെന്ന് ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് (ഐ.പി.എച്ച്) പുസ്തകമേളയോടനുബന്ധിച്ച് നടന്ന ‘വസന്താനന്തര മുസ്ലിം ലോകം’ സാംസ്കാരിക ചര്‍ച്ച അഭിപ്രായപ്പെട്ടു. സൈനിക ഇടപെടലുകളിലൂടെ ഇത്തരം രാജ്യങ്ങളില്‍ കശാപ്പുചെയ്യപ്പെട്ടത് ജനാധിപത്യമാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. 51 ശതമാനം വോട്ടോടെയാണ് ഈജിപ്തില്‍ മുര്‍സി ഭരണകൂടം അധികാരത്തിലേറിയത്. എങ്ങനെ ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് വിട്ടുകൊടുക്കുന്നതാണ് ന്യായം. എന്നാല്‍, രാജ്യം മതാധിപത്യത്തിലേക്ക് നീങ്ങുന്നുവെന്ന പ്രചാരണമാണുണ്ടായത്. പിന്നീട്, സൈനിക അട്ടിമറിയിലൂടെ സര്‍ക്കാറിനെ പുറത്താക്കിയപ്പോള്‍ ജനാധിപത്യ രാജ്യങ്ങളെന്ന് അവകാശപ്പെടുന്ന രാജ്യങ്ങള്‍ പോലും മൗനംപാലിക്കുകയോ സൈനിക നീക്കത്തിന് കൂട്ടുനില്‍ക്കുകയോ ചെയ്തു. മുതലാളിത്ത, സോഷ്യലിസ്റ്റ് രാജ്യങ്ങളെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. ബംഗ്ളാദേശിലും ഇതുതന്നെയാണ് സംഭവിച്ചത്. ഇടതുപക്ഷ പാര്‍ട്ടികളടക്കം ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വന്തം ബാധ്യത നിറവേറ്റിയോ എന്ന് പരിശോധിക്കണം. ഇന്ത്യയില്‍ ആര്‍.എസ്.എസ് നേരിട്ട് ഇറങ്ങിയ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റ് കക്ഷികള്‍ അധികാരത്തില്‍ വരുമെന്ന പ്രതീതി നിലനില്‍ക്കവെ, ആം ആദ്മി പാര്‍ട്ടിയെപ്പോലുള്ള ജനകീയ മുന്നേറ്റങ്ങള്‍ മാറ്റത്തിന് വഴിമരുന്നിട്ടു. ഫാഷിസത്തിനെതിരായ ബദല്‍ ഫാഷിസമല്ല, അഹിംസയും ജനാധിപത്യവുമാണെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ്, പി.ജെ. വിന്‍സന്‍റ്, പ്രബോധനം എക്സിക്യൂട്ടിവ് എഡിറ്റര്‍ അശ്റഫ് കീഴുപറമ്പ്, മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ സംസാരിച്ചു. ശിഹാബുദ്ദീന്‍ ആരാമ്പ്രം സ്വാഗതവും നാസര്‍ എരമംഗലം നന്ദിയും പറഞ്ഞു. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച തുടങ്ങിയ പുസ്തകമേളയില്‍ മലയാളം, ഇംഗ്ളീഷ്, ഉര്‍ദു, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി 2200 പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. ബുധനാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.