ന്യൂഡൽഹി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥി നരേന്ദ്രമോദി വിവാഹിതനാണെന്ന വിവരം മുൻകാലങ്ങളിൽ തെറ്റിദ്ധരിപ്പിച്ചതിനാൽ, നിയമാനുസൃത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ യശോദ ബെൻ ഭാര്യയാണെന്നു പറയുന്നുണ്ടെങ്കിലും, ഭാര്യയുടെ വരുമാനം വെളിപ്പെടുത്താത്തത് അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
നിയമമന്ത്രി കപിൽ സിബൽ, മോദി മത്സരിക്കുന്ന വഡോദരയിലെ കോൺഗ്രസ് സ്ഥാനാ൪ഥി മധുസൂദനൻ മിസ്ത്രി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പു കമീഷന് പരാതി നൽകിയത്. മോദിയുടെ സ്വകാര്യത ചോദ്യംചെയ്യുന്നില്ല.
പക്ഷേ, തെരഞ്ഞെടുപ്പു ചട്ടത്തിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വ്യവസ്ഥകൾ ലംഘിച്ചെന്ന് വ്യക്തമാണ്. നാലുവട്ടം മുഖ്യമന്ത്രിയാവുകയും പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി ലോക്സഭാ തെരഞ്ഞെടുപ്പിൽ നിൽക്കുകയും ചെയ്യുന്ന ഒരു നേതാവ് ഭരണഘടനാ സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ പാടില്ളെന്ന് പരാതിയിൽ പറഞ്ഞു. 2001, 2002, 2007, 2012 എന്നീ വ൪ഷങ്ങളിൽ മത്സരിച്ചപ്പോഴൊക്കെ വൈവാഹിക പദവിയെക്കുറിച്ച കോളത്തിൽ ഒന്നുമെഴുതാതെ ഒഴിച്ചിടുകയാണ് മോദി ചെയ്തത്.
വിവാഹ വിവരം മറച്ചുവെക്കുന്നത് എന്തിനാണ്? ഇപ്പോൾ സത്യം പറഞ്ഞതിൻെറ കാരണം എന്താണ്? തെറ്റായ സത്യവാങ്മൂലം മുൻകാലത്ത് നൽകിയാൽ, അതിന്മേൽ നടപടി എടുക്കാൻ കമീഷന് അധികാരമുണ്ട്.
സത്യവാങ്മൂലം നാമനി൪ദേശ പത്രികക്കൊപ്പം നൽകുന്നത്, സ്ഥാനാ൪ഥിയുടെ ജീവിത പശ്ചാത്തലം വോട്ട൪മാ൪ അറിയുന്നതിനാണ്. വിശ്വാസ വഞ്ചനയാണ് മോദി കാണിച്ചത്. ജനപ്രാതിനിധ്യ നിയമത്തിൻെറ 125-എ വ്യവസ്ഥയാണ് ലംഘിച്ചത്. തെരഞ്ഞെടുപ്പു ചട്ടപ്രകാരമുള്ള ഫോറം-26 എ(എ)യിലാണ് തെറ്റായ വിവരം നൽകിയത്. മുമ്പ് വിവാഹ വിവരം പറയാതിരുന്നതും ഇപ്പോൾ പറയുന്നതും മോദി തന്നെയാണ്. യശോദ ബെൻ അധ്യാപികയായിരുന്നു; ആസ്തിയുണ്ട്. അതേക്കുറിച്ച് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ല. ഈ സാഹചര്യങ്ങളിൽ മോദിക്കെതിരെ എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്യാൻ കമീഷന് ബാധ്യതയുണ്ട്. മുമ്പ് വൈവാഹിക പദവി കോളത്തിൽ ഒന്നുമെഴുതാത്ത സന്ദ൪ഭത്തിൽ വിശദാംശങ്ങൾ ആരായാതിരുന്നത് വരണാധികാരിയുടെ തെറ്റാണെങ്കിൽ, ബന്ധപ്പെട്ടവ൪ക്കെതിരെ നടപടിയെടുക്കണം.
മുൻകാലങ്ങളിൽ എല്ലാ കോളങ്ങളും പൂരിപ്പിക്കണമെന്നു നി൪ബന്ധമില്ളെന്ന് പറയുന്നുണ്ട്. എന്നാൽ, ഒരു വിവാഹിതൻ, അക്കാര്യം മറച്ചുവെക്കുന്നതും ഈ സാഹചര്യവും രണ്ടും രണ്ടാണെന്ന് കോൺഗ്രസ് നിവേദക സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.