സ്വകാര്യ വ്യക്തി അടച്ച അങ്കണവാടിയുടെ വഴി അധികൃതരെത്തി തുറന്നു

പാലോട്: സ്വകാര്യ വ്യക്തി അടച്ച തെന്നൂ൪ അങ്കണവാടിയിലേക്കുള്ള വഴി പൊലീസും പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേ൪ന്ന് തുറന്നു. കഴിഞ്ഞ ദിവസമാണ് അങ്കണവാടിയിലേക്കുള്ള വഴി അടച്ചത്.
ഇതുമൂലം രണ്ട്ദിവസമായി കുട്ടികൾ സ്ഥാപനത്തിൽ എത്തിയിരുന്നില്ല. വഴിയടച്ച സ്വകാര്യ വ്യക്തി തന്നെയാണ് 10 വ൪ഷം മുമ്പ് അങ്കണവാടിക്കായി മൂന്ന് സെൻറ് സ്ഥലം സൗജന്യമായി നൽകിയത്. നാല് വ൪ഷം മുമ്പ് പഞ്ചായത്ത് ഇവിടെ കെട്ടിടം നി൪മിച്ചു. കെട്ടിടത്തിന് ചുറ്റുമതിൽ നി൪മിക്കാൻ ആരംഭിച്ചതോടെയാണ് വഴിത്ത൪ക്കം ഉടലെടുത്തത്. അനൗദ്യോഗിക വഴി ഉടമസ്ഥൻ അടച്ചതോടെ അങ്കണവാടിക്ക് സ്ഥലം നൽകിയയാളുടെ വസ്തുവിൻെറ വശത്ത്കൂടി അധികൃത൪ പുതിയ വഴി കണ്ടെത്തി.
എന്നാൽ, ഞായറാഴ്ച ഈ വഴി വസ്തു ഉടമ കല്ലുകൾ നിരത്തി അടുക്കുകയായിരുന്നു. അങ്കണവാടിക്ക് വസ്തു നൽകുമ്പോൾ വഴി പറഞ്ഞിരുന്നില്ലെന്നാണ് ഉടമയുടെ വാദം.
 പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻറ് പി. വത്സല, അംഗങ്ങളായ മൺപുറം റഷീദ്, കൊച്ചുവിള അൻസാരി, പാലോട് എസ്.ഐ. ഡി. ഷിബുകുമാ൪, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ൪ എന്നിവ൪ ചൊവ്വാഴ്ച പ്രശ്ന പരിഹാരത്തിനായി സ്ഥലത്തെത്തി.
 വഴി കണ്ടെത്തുന്നതിനായി വ്യാഴാഴ്ച വസ്തു ഉടമയുടെയും നാട്ടുകാരുടെയും യോഗം വിളിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃത൪ പറഞ്ഞു.
അതുവരേക്കുള്ള സംവിധാനമെന്ന നിലയിലാണ് കൊട്ടിയടച്ച വഴി എസ്.ഐയുടെ നേതൃത്വത്തിൽ തുറന്ന് കൊടുത്തത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.