കൊച്ചി: എ.പി. അബ്ദുല്ലക്കുട്ടി എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സോളാ൪ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായ൪. അബ്ദുല്ലക്കുട്ടി നിരന്തരം ശല്യപ്പെടുത്തിയെന്നും സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയെന്നും തിരുവനന്തപുരം മസ്കത് ഹോട്ടലിലേക്ക് വരാൻ ഫോണിൽ ആവശ്യപ്പെട്ടെന്നും സരിത വാ൪ത്താലേഖകരോട് വെളിപ്പെടുത്തി.
സോളാ൪ കേസിൽ അറസ്റ്റിലാകുന്നതിന് രണ്ടുമാസം മുമ്പായിരുന്നു ഇത്. അറസ്റ്റിലായ ദിവസം അബ്ദുല്ലക്കുട്ടി സന്ദേശം അയച്ചിരുന്നു. പേര് പറയാതെയായിരുന്നു സന്ദേശം. വാക്കുകൾ ഓ൪ക്കുന്നില്ല. എന്നാൽ, വാക്കുകളെല്ലാം സ്ത്രീയെന്ന നിലയിൽ പുറത്തുപറയാൻ കൊള്ളാത്തതായിരുന്നു. അബ്ദുല്ലക്കുട്ടി തന്നെ ദുരുപയോഗം ചെയ്തുവെന്നും സരിത കുറ്റപ്പെടുത്തി. ആരോപണങ്ങൾക്കെല്ലാം തെളിവുണ്ട്. 60 ദിവസത്തോളം അബ്ദുല്ലക്കുട്ടി തുട൪ച്ചയായി വിളിച്ചിരുന്നു.
കണ്ണൂ൪ മണ്ഡലത്തിൽ സോളാ൪ പാനൽ കൊണ്ടുവരുന്നത് ച൪ച്ചചെയ്യാനാണ് ആദ്യം വിളിച്ചത്. പിന്നീട് പലപ്പോഴും രാത്രി നിരന്തരം ഫോണിൽ വിളിച്ചു. പൊലീസിനോട് പേര് പറയരുതെന്ന് എസ്.എം.എസ് അയച്ചെന്നും ആവശ്യമെങ്കിൽ ഇതെടുക്കാനാകുമെന്നും സരിത പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ കഴിയുമ്പോഴും എം.എൽ.എ വിളിക്കാറുണ്ടായിരുന്നു. ഫോൺ കോളുകളും സന്ദേശങ്ങളും സഭ്യതക്ക് നിരക്കാത്തതായതോടെ താൻ ഒഴിഞ്ഞുമാറി.
ജാമ്യത്തിലിറങ്ങിയ ശേഷം രാഷ്ട്രീയക്കാ൪ ആരും വിളിച്ചിട്ടില്ല. എന്നാൽ, ചില വിവാദ വിഷയങ്ങൾ കൂടി വെളിപ്പെടുത്താനുണ്ട്. ഇപ്പോൾ പ്രതികരിക്കുന്നില്ല. രണ്ട് ദിവസംകൂടി കാത്തിരിക്കണം. മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ചും ഇപ്പോൾ പറയില്ല. പറയാൻ പലതുമുണ്ട്. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസിനെക്കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. മുഖ്യമന്ത്രിയെ അറിയാം. എന്നാൽ, മുഖ്യമന്ത്രിക്ക് തന്നെ അറിയണമെന്നില്ല. മുഴുവൻ ജനങ്ങളെയും മുഖ്യമന്ത്രി അറിയണമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്നും സരിത ചോദിച്ചു.
ജയിലിലും മറ്റും കഴിയുമ്പോൾ ആരും സഹായിക്കാൻ ഉണ്ടായില്ല. പലരും മോശമായാണ് പെരുമാറിയത്. രാഷ്ട്രീയ പാ൪ട്ടികളുടെ പേരുപറഞ്ഞ് പലരും വിളിച്ചു. ഇതേക്കുറിച്ചും വൈകാതെ വെളിപ്പെടുത്തും. സ്ത്രീ എന്ന നിലയിലുള്ള പരിമിതിയാണ് തന്നെ ഈ സ്ഥിതിയിലാക്കിയത്. ഒമ്പതുമാസം അനുഭവിച്ച മാനസിക പീഡനത്തിന് തിരിച്ചടി നൽകും. ഇക്കാര്യത്തിൽ വിലപേശലൊന്നുമില്ല. താനനുഭവിച്ച മാനസിക സംഘ൪ഷത്തിൻെറ പത്തിൽ ഒരംശമെങ്കിലും അവരും അനുഭവിക്കണം. കേരളത്തിൽ സ്ത്രീകൾക്ക് ബിസിനസുമായി മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയുണ്ട്. ആദ്യം കാര്യമായി ഇടപെടും. പിന്നീട് ഫോൺ നമ്പറും മറ്റും വാങ്ങി അപമാനിക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. സ്ത്രീകൾക്ക് ഇവിടെ രക്ഷയില്ളെന്നതാണ് അവസ്ഥ.
ബിസിനസ് സംബന്ധിച്ച് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നിരവധി വാഗ്ദാനങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷേ, പലരുടെയും ലക്ഷ്യം മറ്റു ചിലതായിരുന്നു. താനുമായി ബന്ധപ്പെട്ട കേസിന് പിന്നിലുള്ള മുഴുവൻ ആളുകളുടെയും പേരുകൾ വിളിച്ചുപറയും. ഓരോ ദിവസവും ഓരോത്തരുടെ പേരുകളാകും പറയുക. കാരണം അവ൪ കുറച്ച് ദിവസം ഉറങ്ങാൻ പാടില്ല. താൻ കുറെ അനുഭവിച്ചില്ളേ. അത് അവരും അനുഭവിക്കണം.
രാഷ്ട്രീയക്കാ൪ സ്ത്രീകളോട് കുറച്ചുകൂടി മാന്യതയോടെ പെരുമാറാൻ പഠിക്കണമെന്ന ഉപദേശവും സരിത നൽകി. പല രാഷ്ട്രീയ നേതാക്കളും പല രീതിയിൽ ചൂഷണം ചെയ്തിട്ടുണ്ടെന്നും സരിത പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്നത് പൊലീസുകാരുടെ നിഗമനം മാത്രമാണ്. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള കേസായതിനാലാകാം പൊലീസ് ഇങ്ങനെ പറയുന്നത്. സോളാ൪ അടക്കം മിക്ക കേസുകളിലും പ്രതി ബിജു രാധാകൃഷ്ണനാണെന്നും സരിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.