കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സി.പി.എം നേതാക്കളടക്കം 11 പേ൪ക്ക് ജീവപര്യന്തം തടവും പിഴയും. സി.പി.എം പാനൂ൪ ഏരിയാ കമ്മിറ്റിയംഗം 13ാം പ്രതി പി.കെ. കുഞ്ഞനന്തൻ, കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിയംഗം എട്ടാം പ്രതി കെ.സി. രാമചന്ദ്രൻ, 11ാം പ്രതി കുന്നോത്തുപറമ്പ് മുൻ ബ്രാഞ്ച് സെക്രട്ടറി ട്രൗസ൪ മനോജൻ എന്ന വടക്കയിൽ മനോജൻ എന്നിവ൪ക്ക് കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചന നടത്തിയതിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചാണ് പ്രത്യേക സെഷൻസ് ജഡ്ജി ആ൪. നാരായണ പിഷാരടിയുടെ ഉത്തരവ്. പിഴയടച്ചില്ളെങ്കിൽ രണ്ടുവ൪ഷം കൂടി തടവനുഭവിക്കണം.
കൊലപാതകക്കുറ്റത്തിന് ഒന്നു മുതൽ ഏഴു വരെ പ്രതികളായ എം.സി. അനൂപ്, കി൪മാണി മനോജ് എന്ന മനോജ്കുമാ൪, കൊടിസുനി എന്ന എൻ.കെ. സുനിൽകുമാ൪, ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി, അണ്ണൻ എന്ന എസ്. സിജിത്ത്, കെ. ഷിനോജ് എന്നിവ൪ക്ക് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ളെങ്കിൽ ഇവ൪ ഒരുവ൪ഷം കൂടി കഠിനതടവ് അനുഭവിക്കണം. കലാപം, അന്യായമായി സംഘംചേരൽ, മാരകായുധങ്ങളുമായി കലാപം തുടങ്ങി വിവിധ വകുപ്പുകളിലും ഇവ൪ക്ക് തടവുശിക്ഷയുണ്ടെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
ഇവരിൽ രണ്ടാം പ്രതി കി൪മാണി മനോജിന് സ്ഫോടകവസ്തു നിയമപ്രകാരം അഞ്ചു വ൪ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. ഇതേ കുറ്റത്തിന് കൊടിസുനിക്ക് 10 വ൪ഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ളെങ്കിൽ ഒരുവ൪ഷം കൂടി കഠിനതടവനുഭവിക്കണം. കൊലക്ക് പ്രേരണ നൽകിയതിന് 18ാം പ്രതി വാഴപ്പടച്ചി റഫീഖ് എന്ന പി.വി. റഫീഖിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ളെങ്കിൽ രണ്ടുവ൪ഷം കഠിനതടവ് അനുഭവിക്കണം. 31ാം പ്രതി ലംബു പ്രദീപൻ എന്ന എം.കെ. പ്രദീപൻ തെളിവുകൾ നശിപ്പിച്ചതിന് മൂന്നുവ൪ഷം കഠിനതടവ് അനുഭവിക്കണമെന്നും 20,000 രൂപ പിഴയടക്കണമെന്നും കോടതി നി൪ദേശിച്ചു. പിഴയടച്ചില്ളെങ്കിൽ ആറുമാസം കഠിനതടവുകൂടി അനുഭവിക്കണം. പ്രതികൾ പിഴയടച്ചാൽ മൂന്നു ലക്ഷം ടി.പിയുടെ ഭാര്യ കെ.കെ. രമക്കും രണ്ടു ലക്ഷം മകൻ അഭിനന്ദിനും നൽകണമെന്നും കോടതി നി൪ദേശിച്ചു. ശിക്ഷ മൂന്നുവ൪ഷം മാത്രമായതിനാൽ ലംബു പ്രദീപൻെറ അഭിഭാഷകരുടെ അപേക്ഷ പരിഗണിച്ച് അപ്പീൽ പോകാൻ ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നി൪ത്തിവെക്കാനും കോടതി തീരുമാനിച്ചു. ഇയാൾക്ക് ഇന്നലെ തന്നെ രണ്ടുപേരുടെ ആൾജാമ്യവും 60,000 രൂപയുടെ ജാമ്യവും അനുവദിച്ചു. ജീവപര്യന്തം തടവ് ലഭിച്ച പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് നി൪ത്തിവെക്കാൻ ഹൈകോടതിക്കാണ് അധികാരം. ഹൈകോടതി അനുവദിക്കുകയാണെങ്കിൽ പ്രതികൾക്ക് അപ്പീൽ തീ൪പ്പാകുംവരെ ശിക്ഷയനുഭവിക്കുന്നതിൽ ഇളവനുവദിക്കാനാവും.
മൊത്തം 76 പ്രതികളുള്ള കേസിലാണ് 12 പേ൪ക്ക് ശിക്ഷ ലഭിച്ചത്. രണ്ടുപേ൪ ഒളിവിൽ പോയി. 15 പേ൪ക്കെതിരായ കേസ് ഹൈകോടതി സ്റ്റേ ചെയ്തു. ഒമ്പതാം പ്രതിയും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമായ സി.എച്ച്. അശോകൻ വിചാരണക്കിടെ മരിച്ചു. 20 പേരെ സാക്ഷി വിസ്താരത്തിനുശേഷം വിട്ടയച്ചു. 36 പേ൪ വിചാരണ നേരിട്ട കേസിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനൻ മാസ്റ്റ൪ അടക്കം 24 പ്രതികളെ ജനുവരി 22ന് വിട്ടയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.