തിരുവനന്തപുരം: പാചക വാതക വില വ൪ധനയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. സബ്സിഡി സിലിണ്ടറുകളെ വിലവ൪ധന ബാധിക്കില്ളെന്നും സബ്സിഡി ലഭിക്കാൻ ആധാ൪ ബാങ്കുമായി ബന്ധിപ്പിക്കുന്നതിന് ആറ് മാസം സമയം വേണമെന്ന കേരളത്തിൻെറ ആവശ്യം പരിഗണിക്കുമെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി അറിയിച്ചതായും അടിയന്തരപ്രമേയ നോട്ടീസിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മറുപടി നൽകി. പാചകവാതക വിതരണ രംഗത്ത് നിലനിന്ന അനിശ്ചിതത്വം നീങ്ങിയതായും നിലവിൽ ആശങ്കയില്ളെന്നും മന്ത്രി അനൂപ് ജേക്കബും അറിയിച്ചു. പാചകവാതക വില വ൪ധിപ്പിച്ചതും സബ്സിഡിക്ക് ആധാ൪ നി൪ബന്ധമാക്കിയതും മൂലമുള്ള പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷത്ത് നിന്ന് ഡോ. തോമസ് ഐസക്, വി.എസ്. സുനിൽകുമാ൪, എ.കെ. ശശീന്ദ്രൻ എന്നിവരാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. 90 ശതമാനത്തിന് മുകളിൽ ആളുകൾ ആധാ൪ എൻറോൾ ചെയ്തിട്ടുണ്ടെങ്കിലും 57 ശതമാനം പേ൪ മാത്രമാണ് ബാങ്കുമായി ബന്ധിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 40 ശതമാനത്തിലധികം പേ൪ ബാങ്കുമായി ബന്ധിപ്പിക്കാത്ത സാഹചര്യത്തിൽ രണ്ടുമാസം സമയം ദീ൪ഘിപ്പിച്ചത് മതിയാകില്ല. ആറ് മാസം വേണമെന്ന് പ്രധാനമന്ത്രിയെയും പെട്രോളിയം മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. ഒമ്പത് സിലിണ്ടറിന് മുകളിൽ ഉപയോഗിക്കുന്നവ൪ക്കാണ് വില വ൪ധന ബാധകമാകുക. കേരളത്തിലെ 77.21 ലക്ഷം ഉപഭോക്താക്കളിൽ 94.7 ശതമാനവും ഒമ്പത് സിലിണ്ടറിൽ താഴെ ഉപയോഗിക്കുന്നവരാണ്. സബ്സിഡി സിലിണ്ട൪ 12 ആക്കിയാൽ 99.6 ശതമാനം പേരും ഈ പരിധിയിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിലിണ്ട൪ വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഏജൻസികൾക്കെതിരെ നടപടിയെടുക്കണമെന്ന് എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. നഷ്ടത്തിൻെറ കള്ളക്കണക്ക് നിരത്തി എണ്ണക്കമ്പനികൾക്ക് കൊള്ളലാഭം കൊയ്യാനും റിലയൻസിനെ സബ്സിഡിയുടെ പരിധിയിൽ കൊണ്ടുവരാൻ വേണ്ടിയുമാണ് പരിഷ്കാരങ്ങളെന്ന് അടിയന്തരപ്രമേയത്തിന് അവതരാണാനുമതി തേടിയ ഡോ. തോമസ് ഐസക് ആരോപിച്ചു. ജനങ്ങളുടെ വായിൽ മണ്ണിടുന്ന നിലപാടാണ് കേന്ദ്ര-സംസ്ഥാനസ൪ക്കാറുകൾ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.