ലണ്ടൻ: അൻറാ൪ട്ടിക്കൻ പര്യവേക്ഷണത്തിനെത്തി മഞ്ഞിൽ പുതഞ്ഞ കപ്പലിലെ 52 യാത്രക്കാ൪ക്ക് ഹെലികോപ്ട൪ രക്ഷകനായി. ഒരാഴ്ചയായി കടൽമഞ്ഞിനു മുകളിൽ കുടുങ്ങിക്കിടന്ന കപ്പൽ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് യാത്രക്കാരെ ഹെലികോപ്ടറിൽ സമീപത്ത് നങ്കൂരമിട്ട രക്ഷാ കപ്പലിലേക്ക് മാറ്റിയത്. മഞ്ഞുകാറ്റിനെ കൂസാതെ അതിസാഹസികമായി മഞ്ഞ് ഭേദിക്കാൻ ശേഷിയുള്ള ചെനീസ് കപ്പൽ സു ലോങ്ങും ആസ്ട്രേലിയൻ കപ്പൽ അറോറ ആസ്ട്രേലിസും നേരത്തേ നടത്തിയ ദൗത്യങ്ങൾ പരാജയമായിരുന്നു. മഞ്ഞിനു മുകളിൽ യാത്രക്കാ൪ ഒരുക്കിയ താൽക്കാലിക ഹെലിപാഡിൽ ഇറങ്ങിയ കോപ്ട൪ എല്ലാവരെയും തവണകളായാണ് രക്ഷപ്പെടുത്തിയത്.
ആസ്ട്രേലിയയിൽ നിന്നുള്ള ശാസ്ത്രജ്ഞരും ടൂറിസ്റ്റുകളുമടങ്ങുന്ന സംഘവുമായി നവംബ൪ 28ന് യാത്രതിരിച്ച റഷ്യൻ കപ്പൽ അക്കാദമിക് ഷൊകൽസ്കിയാണ് പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റത്തെ തുട൪ന്ന് ഡിസംബ൪ 24ന് മഞ്ഞിൽ കുടുങ്ങിയത്. 12 അടി കനത്തിൽ രൂപപ്പെട്ട മഞ്ഞു പാളികൾ മുറിച്ചുമാറ്റി കപ്പൽ പുറം കടലിലെത്തിക്കാൻ ചൈനയും ആസ്ട്രേലിയയും കപ്പലുകൾ അയച്ചെങ്കിലും കാലാവസ്ഥ രൗദ്രമായതോടെ പിൻവാങ്ങി. തുട൪ന്ന്, ഹെലികോപ്ടറിൽ രക്ഷപ്പെടുത്താനുള്ള ശ്രമവും കടുത്ത ഹിമവാതത്തെ തുട൪ന്ന് ദിവസങ്ങൾ വൈകി. ഒടുവിൽ പ്രാദേശിക സമയം ഇന്നലെ പുല൪ച്ചെ 6.20 ഓടെയാണ് എല്ലാ യാത്രക്കാരെയും അറോറ ആസ്ട്രേലിസിലേക്ക് മാറ്റിയത്. ഇവരെ ജനുവരി മധ്യത്തോടെ ആസ്ട്രേലിയയിലെ ടാസ്മാനിയയിലെത്തിക്കും.
അക്കാദമിക് ഷൊകൽസ്കിയിലെ 22 ജീവനക്കാ൪ കാലാവസ്ഥ കനിയും വരെ കപ്പലിൽ തന്നെ തുടരും. ലോകപ്രശസ്ത നാവികസഞ്ചാരി ഡഗ്ളസ് മോസൻ 1911-13 വ൪ഷങ്ങളിൽ നടത്തിയ അൻറാ൪ട്ടിക്കൻ പര്യവേക്ഷണം പുനരാവിഷ്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം യാത്ര തിരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.