ബംഗ്ളാദേശ് യുദ്ധക്കളം

ധാക്ക: പ്രധാന പ്രതിപക്ഷമായ ബംഗ്ളാദേശ് നാഷനലിസ്റ്റ് പാ൪ട്ടിയുടെ മൂന്ന് വനിതാ നേതാക്കൾകൂടി അറസ്റ്റിലായതോടെ രാജ്യത്ത് യുദ്ധസമാന സാഹചര്യം. വീട്ടുതടങ്കലിലായ പാ൪ട്ടി മേധാവി ഖാലിദ സിയയെ കാണാൻ അവരുടെ വീട്ടിലത്തെിയ വൈസ് ചെയ൪മാൻ സലീമ റഹ്മാൻ, പാ൪ലമെൻറ് അംഗം റാശിദ ബീഗം, മുൻ എം.പി നവാസ് ഹലീമ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച പുല൪ച്ചെ നടന്ന പൊലീസ് റെയ്ഡിൽ മൂന്ന് മുതി൪ന്ന നേതാക്കളെക്കൂടി അറസ്റ്റ് ചെയ്തതായി സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥ൪ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ വിവിധ സംഭവങ്ങളിലായി മിക്ക പ്രതിപക്ഷ നേതാക്കളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
സെൻട്രൽ ധാക്കയിലെ സുപ്രീംകോടതി പരിസരത്ത് തിങ്കളാഴ്ച സ൪ക്കാ൪ അനുകൂല അഭിഭാഷകരുമായി ശക്തമായ ഏറ്റുമുട്ടൽ നടന്നു. ബി.എൻ.പി അനുകൂല അഭിഭാഷകരുമായി രണ്ടു ദിവസം മുമ്പും ഇവിടെ ഏറ്റുമുട്ടലുണ്ടായിരുന്നു. ജനുവരി അഞ്ചിന് നടത്തുമെന്ന് പ്രഖ്യാപിച്ച പൊതു തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബി.എൻ.പി ആഹ്വാനം ചെയ്ത റാലി തടയാനായി ധാക്കയിലുടനീളം ശക്തമായ സുരക്ഷയാണ് ഒരുക്കിയത്. സായുധ പൊലീസ് വിഭാഗത്തിനു പുറമെ ബംഗ്ളാദേശ് അതി൪ത്തിസേന, റാപിഡ് ആക്ഷൻ വിഭാഗം എന്നിവയെയും വിന്യസിച്ചിട്ടുണ്ട്.
എന്നാൽ, മഹാത്മാ ഗാന്ധി നടത്തിയ പ്രക്ഷോഭത്തിനു സമാനമായി തുട൪ച്ചയായ കുത്തിയിരിപ്പ് സമരങ്ങളുമായി  മുന്നോട്ടുപോകുമെന്ന് ബി.എൻ.പി വാ൪ത്താക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.