ഭുവനേശ്വ൪: കേരളത്തിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദു൪ബല മേഖലകളിൽ 1700 അനധികൃത പാറമടകൾ പ്രവ൪ത്തിക്കുന്നുണ്ടെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി മുൻ അധ്യക്ഷനുമായ മാധവ് ഗാഡ്ഗിൽ വ്യക്തമാക്കി. കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷിൻെറ സാന്നിധ്യത്തിലായിരുന്നു ഗാഡ്ഗിലിൻെറ വിലയിരുത്തൽ. ഒഡിഷയിലെ കൊരപ്പുത്തിൽ ഒഡിഷ കേന്ദ്ര സ൪വകലാശാല സമ്മാനിച്ച ഡോക്ടറേറ്റ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഗാഡ്ഗിൽ.
പശ്ചിമഘട്ട നിരകളിൽ 2700 പാറമടകൾ പ്രവ൪ത്തിക്കുന്നുണ്ട്. ഇതിൽ 1700 എണ്ണം അനധികൃതമാണ്. അവക്ക് കലക്ട൪ അനുമതി നൽകിയിട്ടില്ല. പഞ്ചായത്തുകൾ ഈ പാറമടകളുടെ പ്രവ൪ത്തനാനുമതി നിഷേധിച്ചിട്ടുമുണ്ട്. പക്ഷേ, അവ ഇപ്പോഴും പ്രവ൪ത്തിക്കുന്നു-ഗാഡ്ഗിൽ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണ റിപ്പോ൪ട്ട് തയാറാക്കാൻ കേരളത്തിൽ എത്തിയപ്പോൾ ഈ പാറമടകൾ സന്ദ൪ശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. അനധികൃതമായ പാറമടകൾക്കെതിരെ കേരളത്തിലെ ജനങ്ങൾക്ക് കടുത്ത പ്രതിഷേധമുണ്ട്. ഇവയെല്ലാം പരിസ്ഥിതി ദു൪ബല മേഖലകളിലാണ് പ്രവ൪ത്തിക്കുന്നത്. പലതിലും യന്ത്രങ്ങൾ ഉപയോഗിച്ചാണ് കരിങ്കല്ലുകൾ പൊടിക്കുന്നത്. അനധികൃത ക്വാറികളെ നിയന്ത്രിച്ചില്ളെങ്കിൽ വൻ പരിസ്ഥിതിനാശവും ദുരന്തവുമുണ്ടാകുമെന്നും ഗാഡ്ഗിൽ മുന്നറിയിപ്പുനൽകി.
താൻ തയാറാക്കിയ റിപ്പോ൪ട്ട് പുന$പരിശോധിക്കാൻ കസ്തൂരിരംഗൻ സമിതിയെ കേന്ദ്രം നിയോഗിച്ച നടപടിയെ ഗാഗ്ഡിൽ വിമ൪ശിച്ചു. തൻെറ അന്വേഷണ റിപ്പോ൪ട്ട് സ൪ക്കാ൪ ഗൗരവമായെടുത്തിരുന്നെങ്കിൽ ഈ കമീഷൻെറയും റിപ്പോ൪ട്ടിൻെറയും ആവശ്യമേയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. താൻ തയാറാക്കിയ റിപ്പോ൪ട്ടിൽ എന്താണുള്ളത് എന്ന് ജനം അറിയരുതെന്ന് ചില വിഭാഗങ്ങൾ ആഗ്രഹിച്ചു. ഞങ്ങളുടെ മുഖ്യ ശിപാ൪ശകളിൽ ഒന്ന്, റിപ്പോ൪ട്ട് പ്രാദേശിക ഭാഷകളിൽ ഉടൻ വിവ൪ത്തനം ചെയ്ത് പശ്ചിമ ഘട്ടത്തിലെ എല്ലാ ഗ്രാമസഭകളിലും ച൪ച്ചക്കായി സമ൪പ്പിക്കണമെന്നായിരുന്നു. തുട൪ന്ന് അവിടന്നുള്ള നി൪ദേശങ്ങൾ സ്വീകരിച്ച് അവസാന തീരുമാനമെടുക്കാനായിരുന്നു ശിപാ൪ശ. പക്ഷേ, ഇത് സംഭവിച്ചില്ല. ശിപാ൪ശ ചെയ്തതുപോലെ നടന്നിരുന്നുവെങ്കിൽ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ല. ഒടുവിൽ റിപ്പോ൪ട്ട് വെളിച്ചത്തുവന്നത് ദൽഹി ഹൈകോടതി വിധിയെ തുട൪ന്നാണെന്നും ഗാഡ്ഗിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.