എം.ബി.ബി.എസ് ജയിക്കാന്‍ തിയറിക്ക് 50 ശതമാനം മാര്‍ക്ക്

കൊച്ചി: എം.ബി.ബി.എസ് ജയിക്കാൻ തിയറി പരീക്ഷക്ക് 50 ശതമാനം മാ൪ക്ക്  നി൪ബന്ധമാക്കിയ കേരള ആരോഗ്യസ൪വകലാശാലയുടെ നടപടി ഹൈകോടതി ശരിവെച്ചു. വൈവ വോസിക്ക് കിട്ടിയ മാ൪ക്ക് കണക്കിലെടുക്കാതെ തിയറിക്ക് മാത്രമായി നിശ്ചിത ശതമാനം മാ൪ക്ക് നിശ്ചയിച്ച നടപടി മെഡിക്കൽ കൗൺസിലിൻെറ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എ.എം. ആഷ൪ ഉൾപ്പെടെ നൂറോളം മെഡിക്കൽ വിദ്യാ൪ഥികൾ നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻെറ ഉത്തരവ്. മെഡിക്കൽ പഠനത്തിൻെറ നിലവാരം ഉയ൪ത്താൻ നിയമപരമായ നടപടികൾ മാത്രമേ സംസ്ഥാന സ൪ക്കാറും സ൪വകലാശാലയും സ്വീകരിച്ചിട്ടുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.ആദ്യസെമസ്റ്റ൪ പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടാതെ പോയവരാണ് കോടതിയെ സമീപിച്ചത്. വൈവ വോസിയുടെ മാ൪ക്ക് കൂടി ചേ൪ത്ത് തിയറി പരീക്ഷക്ക് 50 ശതമാനം മാ൪ക്ക് വേണമെന്ന് മാത്രമേ മെഡിക്കൽ കൗൺസിൽ അനുശാസിച്ചിട്ടുള്ളൂവെന്നായിരുന്നു ഹരജിക്കാരുടെ വാദം. കൗൺസിൽ നി൪ദേശം തെറ്റായ രീതിയിൽ നടപ്പാക്കാൻ അധികാരമില്ളെങ്കിലും നിലവാരമുയ൪ത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ൪ക്കാറിനും സ൪വകലാശാലകൾക്കും കഴിയുമെന്ന് കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ കൗൺസിൽ സമ൪പ്പിച്ച സംസ്ഥാനത്തെ 22 മെഡിക്കൽ കോളജുകളിലെ 2694 വിദ്യാ൪ഥികളുടെ വിജയശതമാന പട്ടികയും കോടതി പരിശോധിച്ചു.
മരുന്ന് നൽകി പനിയും ജലദോഷവും മാറ്റാനുള്ള തൊഴിൽ എന്ന നിലക്കല്ല, ജീവൻ രക്ഷിക്കാനും രോഗിയുടെ വേദനകൾ അകറ്റാനുമുള്ള ഉത്തരവാദിത്തമാണ് തങ്ങൾ ഏറ്റെടുക്കുന്നതെന്ന ബോധം വിദ്യാ൪ഥികൾക്കുണ്ടാകണമെന്ന് കോടതി നിരീക്ഷിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.