പാലക്കാട്: ആലപ്പുഴ ജില്ലയിൽ 1688 പാ൪ട്ടിയംഗങ്ങൾ ഒരു പ്രവ൪ത്തനത്തിലും പങ്കെടുക്കാത്തവരാണെന്ന് സി.പി.എം പ്ളീനത്തിൽ അവതരിപ്പിച്ച കരട് സംഘടനാരേഖ. കൃത്യമായി യോഗം ചേരാത്ത 125 ബ്രാഞ്ചുകളുണ്ടെന്നും 97 ബ്രാഞ്ച് സെക്രട്ടറിമാ൪ കാര്യക്ഷമല്ളെന്നും രേഖ കുറ്റപ്പെടുത്തുന്നു. കഞ്ഞിക്കുഴി, അമ്പലപ്പുഴ, മാവേലിക്കര ഏരിയാ കമ്മിറ്റികൾ ഒഴികെയുള്ള കണക്കാണിത്.
സെക്രട്ടേറിയറ്റംഗങ്ങളും സംസ്ഥാനകമ്മിറ്റിയംഗങ്ങളും ഉൾക്കൊള്ളുന്ന ജില്ലാകേന്ദ്രത്തിൻെറ പ്രവ൪ത്തനം മെച്ചപ്പെടണം. അവയ്ലബിൾ സെക്രട്ടേറിയറ്റ് യോഗം ചേരുന്ന പതിവുണ്ടാക്കണം. ജില്ലയിൽ ന്യൂനപക്ഷവിഭാഗങ്ങളിൽ നിലവിലുള്ള അംഗങ്ങളിൽ കുറവ് സംഭവിച്ചത് ഗൗരവമായി കാണണം. മുന്നാക്കവിഭാഗത്തിലും ഇടത്തരക്കാരിലും സ്വാധീനം ഉറപ്പിക്കാൻ കഴിയാത്ത ദൗ൪ബല്യവുമുണ്ട്. ജില്ലാ കമ്മിറ്റിയംഗവും അരൂ൪ എം.എൽ.എയുമായ എം.എം. ആരിഫ് 50 ഏരിയാകമ്മിറ്റി യോഗം ചേ൪ന്നതിൽ ഒമ്പതെണ്ണത്തിൽ മാത്രമാണ് പങ്കെടുത്തത്. 39 യോഗങ്ങളിൽ അവധി ചോദിക്കാതെ വിട്ടുനിന്നു.
കണ്ണൂരിൽ ജാതിസംഘടനകളുടെ പ്രവ൪ത്തനം വ്യാപിക്കുന്നതും വലുതും ചെറുതുമായ ജാതികൂട്ടായ്മകൾ വളരുന്നതും ഗൗരവത്തോടെ കാണണം. വയനാട് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാകേന്ദ്രവും മെച്ചപ്പെടണം. 657 ബ്രാഞ്ചുകളിൽ നൂറെണ്ണം പ്രവ൪ത്തനക്ഷമമല്ല. 40 ശതമാനം പാ൪ട്ടിയംഗങ്ങളും ചുമതല നി൪വഹിക്കുന്നില്ല. 33 ലോക്കൽ കമ്മിറ്റിയംഗങ്ങൾ പ്രവ൪ത്തനക്ഷമമല്ല. ജില്ലയിൽ സംഘടനാസ്ഥിതി ദയനീയാവസ്ഥയിലാണ്. കോഴിക്കോട്ട് 78 ബ്രാഞ്ചുകൾ മാസത്തിൽ ഒരു തവണ പോലും യോഗം ചേരുന്നില്ല.
പാലക്കാട് ജില്ലയിലെ തമിഴ് മേഖലയിൽ പ്രത്യേക ശ്രദ്ധവേണം. തൃശൂരിൽ 22 ലോക്കൽ കമ്മിറ്റികൾക്ക് സ്വന്തമായ ഓഫിസില്ല. മലപ്പുറത്ത് 8233 അംഗങ്ങൾ സജീവമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.