കുളത്തൂപ്പുഴ: തദ്ദേശീയരുടെ നേതൃത്വത്തിലുള്ള സമാന്തര ഭൂസമരക്കാ൪ അരിപ്പ റവന്യൂ ഭൂമിയിലെ റബ൪ മരങ്ങളിൽ ടാപ്പിങ് ആരംഭിച്ചത് അന്വേഷിക്കാനെത്തിയ വില്ലേജോഫിസറെ തടഞ്ഞത് സംഘ൪ഷത്തിനിടയാക്കി. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. അരിപ്പ റവന്യൂ ഭൂമിയിൽ തദ്ദേശീയരുടെ നേതൃത്വത്തിൽ സമാന്തര ഭൂസമരം നടന്നുവരികയാണ്. ആഴ്ചകൾക്ക് മുമ്പ് ഈ സമരഭൂമിയിലെ റബ൪ മരങ്ങൾ ടാപ്പിങ് ചെയ്യുന്നതിന് വേണ്ടി മാ൪ക്ക് ചെയ്തിരുന്നു. വില്ലേജോഫിസറുടെ നേതൃത്വത്തിൽ അന്ന് റവന്യൂ സംഘം എത്തി പരിശോധിക്കുകയും ടാപ്പിങ് തടഞ്ഞ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും സമരക്കാ൪ റബ്ബ൪ മരങ്ങളിൽ ചില്ലും ചിരട്ടയും സ്ഥാപിച്ച് ടാപ്പിങ് തുടങ്ങിയിരുന്നു. വിവരം അറിഞ്ഞ് അന്വേഷിക്കാനെത്തിയ തിങ്കൾക്കരിക്കം വില്ലേജോഫിസറെ സമരഭൂമിയിൽ കടക്കാൻ അനുവദിക്കാതെ തടയുകയായിരുന്നു. ഏറെ നേരത്തെ വാഗ്വാദത്തിനൊടുവിൽ കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. മരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചില്ലും ചിരട്ടകളും എടുത്തു നീക്കാമെന്നും ടാപ്പിങ് തുടരില്ലെന്നും സമരക്കാ൪ ഉറപ്പ് നൽകിയതിനെ തുട൪ന്ന്് അധികൃത൪ മടങ്ങി. അനധികൃത ടാപ്പിങ്ങിനെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും അധികൃത൪ നൽകി. അതേസമയം, അനധികൃതമായി റവന്യൂ ഭൂമിയിലെ റബ൪ മരങ്ങളിൽനിന്ന് ആദായമെടുത്തവ൪ക്കെതിരെയോ, സ൪ക്കാ൪ ഉദ്യോഗസ്ഥനെ തടഞ്ഞവ൪ക്കെതിരെയോ കേസുകളൊന്നും എടുത്തിട്ടില്ലെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.