ചക്കിട്ടപാറ: റിമ കല്ലിങ്കൽ സിനിമയിൽ പ്രശസ്ത താരമാണെങ്കിൽ ചക്കിട്ടപാറയിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ‘വലിയ’ താരമാവുകയാണ് ബന്ധു അന്ന കല്ലിങ്കൽ. നാട് നെഞ്ചേറ്റിയ കായികമേള വിജയിപ്പിക്കാൻ ഉദ്ഘാടന ദിവസം മുതൽ 78കാരിയായ അന്ന ഗ്രൗണ്ടിൽ നിറസാന്നിധ്യമായുണ്ട്.
സ്പ്രിൻറ്, ത്രോ, ജംപ് തുടങ്ങി ഇനങ്ങൾ ഏതുമാവട്ടെ, കൈയടിച്ച് പ്രോത്സാഹിപ്പിക്കാൻ നിറചിരിയുമായി ഈ അമ്മ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിലുണ്ട്.
ക്രിസ്ത്യൻ പരമ്പരാഗത വേഷമായ ചട്ടയും മുണ്ടും ധരിച്ച് കാലിൽ വെള്ള സോക്സുമണിഞ്ഞാണ് അന്നാമ്മ ചേട്ടത്തിയുടെ വരവ്. സോക്സ് എന്തിനെന്ന് ചോദിച്ചാൽ ‘കാലിന് വേദനയാണ്’ എന്നാണ് മറുപടി.
‘രാവിലെ പള്ളിയിൽ പോയി തിരിച്ചത്തെി വീട്ടിൽനിന്ന് പ്രാതലും കഴിച്ച് നേരെ ഇങ്ങോട്ടുപോരും. ഇന്നലെയും വന്നു, ഇന്നും വന്നു, നാളെയും മറ്റന്നാളും വരും. ഓടുകയും ചാടുകയും ചെയ്യുന്ന നമ്മുടെ മക്കളെ പ്രോത്സാഹിപ്പിക്കേണ്ടേ’ -പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട് അന്നാമ്മ ചേട്ടത്തി ചോദിക്കുന്നു.
ദാഹമകറ്റാൻ കൈയിൽ ശീതളപാനീയ കുപ്പിയും കരുതിയിട്ടുണ്ട്. പ്രായമായതിനാലാവും മധുരം പെരുത്ത ഇഷ്ടമാണ്. രാവിലെ മുതൽ മേള അവസാനിക്കുംവരെ ഗ്രൗണ്ടിൽ നിറഞ്ഞുനിൽക്കുന്ന ചേട്ടത്തിയെ ഭക്ഷണത്തിന് ക്ഷണിച്ചെങ്കിലും സ്നേഹപൂ൪വം നിരസിച്ചതായി സംഘാടക൪ പറഞ്ഞു.
‘മക്കൾക്ക് ചീത്തപ്പേരുണ്ടാക്കുന്ന ഒന്നിനും എന്നെ കിട്ടില്ല’ എന്നായിരുന്നു മറുപടി. ഉച്ചക്ക് സ്കൂളിനടുത്ത വീട്ടിൽ പോയി ഭക്ഷണം കഴിച്ച് 10 മിനിറ്റുകൊണ്ട് ഇവ൪ മടങ്ങിയത്തെും. കോതമംഗലത്തിനടുത്ത തട്ടേക്കാട് പാലമറ്റത്തിൽനിന്ന് കുടിയേറിയ അന്നാമ്മ ചേട്ടത്തിയുടെ ഭ൪ത്താവ് കാളാമ്പറമ്പിൽ മത്തായി 20 വ൪ഷം മുമ്പ് മരിച്ചു. ആറ് ആൺമക്കളുള്ള ഇവ൪ ചക്കിട്ടപാറ സ്കൂളിൽ അഞ്ചാം തരം വരെ പഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.