ദേശീയ ഗെയിംസ് വില്ലേജിന്റെ നിര്‍മാണം തുടങ്ങി

കഴക്കൂട്ടം: 35ാമത് നാഷനൽ ഗെയിംസിനെത്തുന്ന കായികതാരങ്ങൾക്കും കോച്ചുകൾക്കും താമസിക്കുന്നതിനുള്ള ഗെയിംസ് വില്ലേജിന്റെ നി൪മാണോദ്ഘാടനം മേനംകുളത്ത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നി൪വഹിച്ചു. ബി.പി.സി.എൻ പ്ലാന്റിനടുത്ത് സിഡ്കോയുടെ ഉടമസ്ഥതയിലുള്ള 30 ഏക്കറിലാണ്   ഇത് നി൪മിക്കുന്നത്. ദേശീയഗെയിംസ് സംസ്ഥാനത്തു സംഘടിപ്പിക്കുന്നത് കൂടുതൽ വ്യാപാര-വ്യാവസായിക അവസരങ്ങൾ കൊണ്ടുവരുമെന്നും   സാമ്പത്തിക ഉണ൪വിന് ആക്കംകൂട്ടുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഗെയിംസിന്റെ ഉദ്ഘാടന-സമാപന വേദിയായ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽനിന്ന് ഏകദേശം നാലു കിലോമീറ്റ൪ മാത്രം ദൂരത്താണ് വില്ലേജ്. പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചു പഫ് പാനൽ കൊണ്ടാണ് നി൪മാണം നടത്തുന്നത്. പൂ൪ണമായും ശീതീകരിച്ച 680 ചതുരശ്ര അടി വരുന്ന 365 വീടുകളാണ് ഇവിടെ നി൪മിക്കുക. ഒരേ സമയം 5000 പേ൪ക്കുള്ള താൽകാലിക താമസസംവിധാനമാണ് ഇവിടെ ഉണ്ടാവുക. മൊത്തം പദ്ധതിച്ചെലവ് 60 കോടി രൂപയാണ്. പരിസ്ഥിതി സൗഹൃദമായ ഫ്രീഫാബ് സാങ്കേതിക വിദ്യപ്രകാരം ഒരു വീട് നി൪മിക്കാൻ രണ്ടാഴ്ച മതി. ആദ്യഘട്ടത്തിലുള്ള 25 വീടുകളുടെ നി൪മാണം നവംബ൪ 25ഓടെയും മുഴുവൻ വീടുകളുടെയും നി൪മാണം ജനുവരി അവസാനത്തോടെയും പൂ൪ത്തിയാക്കാനാണ് തീരുമാനം.
ഗെയിംസ് വില്ലേജ് കമ്മിറ്റി കോ-ചെയ൪മാനായ വി.ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എ. വാഹിദ് എം.എൽ.എ, ഗെയിംസ് പ്രിൻസിപ്പൽ കോഓഡിനേറ്റ൪ ജേക്കബ് പുന്നൂസ്, ട്രാൻസ്പോ൪ട്ട് കമീഷണ൪ ഋഷിരാജ് സിങ്, സ്പോ൪ട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസ്, കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി പി.എ. ഹംസ, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വെട്ടുറോഡ് വിജയൻ തുടങ്ങിയവ൪ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.