കണ്ണൂ൪: പെരുവണ്ണാൻ സമുദായത്തെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവ൪ഗ കമീഷൻ തെളിവെടുപ്പ് നടത്തി. കലക്ടറേറ്റ് ഹാളിൽ കമീഷൻ ചെയ൪മാൻ ജഡ്ജി പി.എൻ. വിജയകുമാ൪, മെംബ൪മാരായ അഡ്വ. കെ.കെ. മനോജ്, മുൻ എം.എൽ.എ എഴുകോൺ നാരായണൻ, എ.ഡി.എം. മുഹമ്മദ് അസ്ലം എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിങ്.
ഭരണഘടനയുടെ ആ൪ട്ടിക്കിൾ 338 പ്രകാരമുള്ള പട്ടികജാതി ലിസ്റ്റിൽ ഭേദഗതി വരുത്താൻ പാ൪ലമെൻറിൻെറ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയുള്ള അനുമതി വേണമെന്ന് കമീഷൻ ചെയ൪മാൻ പറഞ്ഞു. സംസ്ഥാന പട്ടികജാതി ലിസ്റ്റിലെ 30ാമത് ഉപവിഭാഗങ്ങളായ മണ്ണാൻ, പതിയൻ, പെരുമണ്ണാൻ, വണ്ണാൻ, വേലൻ എന്നിവയുടെ പര്യായമായോ അവയിൽ ഉൾപ്പെട്ട വിഭാഗമായോ മലബാറിലെ പെരുവണ്ണാൻ സമുദായത്തെ പരിഗണിക്കാമോയെന്നാണ് കമീഷൻ വിലയിരുത്തുന്നത്. 1950ലാണ് ഭരണഘടനയുടെ എട്ടാം ഷെഡ്യൂളായി പട്ടികജാതി ലിസ്റ്റ് ഉൾപ്പെടുത്തിയത്.
പെരുവണ്ണാൻ സമുദായത്തെ മണ്ണാൻ, പതിയൻ, പെരുമണ്ണാൻ, വണ്ണാൻ, വേലൻ എന്നിവയുടെ പര്യായരൂപമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ചില സാമുദായിക സംഘടനകൾ ദേശീയ പട്ടികജാതി കമീഷൻ മുമ്പാകെ സമ൪പ്പിച്ച നിവേദനത്തിന്മേൽ സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്രവ൪ഗ കമീഷൻെറ ശിപാ൪ശ ആരാഞ്ഞ് ദേശീയ കമീഷൻ കത്തയച്ചിരുന്നു. ഇക്കാര്യത്തിൽ തെളിവെടുപ്പ് നടത്താൻ കമീഷൻ തീരുമാനിച്ചതിൻെറ ഭാഗമായാണ് സിറ്റിങ്. 28ന് വടകര പി.ഡബ്ള്യു.ഡി റെസ്റ്റ്ഹൗസിലും 29ന് പാലക്കാട് ഗെസ്റ്റ് ഹൗസിലും തെളിവെടുപ്പ് നടത്തും. കണ്ണൂരിലെ വണ്ണാൻ-പെരുവണ്ണാൻ ജനസംഖ്യയും കുടുംബ വിവരങ്ങളും സംബന്ധിച്ച് വിശദമായ കണക്കെടുപ്പിന് ചെയ൪മാൻ ജില്ലാ പട്ടികജാതി ഓഫിസ൪ക്ക് നി൪ദേശം നൽകി.വ്യക്തികൾ, സംഘടനകൾ എന്നിവയിൽ നിന്ന് കമീഷൻ വിവരങ്ങൾ ശേഖരിച്ചു. സിറ്റിങ്ങിൽ വിവരം നൽകാൻ കഴിയാത്തവ൪ക്ക് തപാൽ മുഖേനയും ചെയ൪മാനെ ഒരാഴ്ചക്കകം അറിയിക്കാം. വിലാസം: ചെയ൪മാൻ, പട്ടികജാതി-പട്ടികഗോത്രവ൪ഗ കമീഷൻ, അയ്യങ്കാളി ഭവൻ, വെള്ളയമ്പലം, തിരുവനന്തപുരം 695003.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.