കോഴിക്കോട്: പത്രത്തിൽ പരസ്യം നൽകി ക്ഷണിച്ച അഭിനേതാവിൽനിന്ന് ലക്ഷംരൂപ തട്ടിയെടുത്തെന്ന പരാതിയിൽ സിനിമാ നി൪മാതാവിനും ഭാര്യക്കുമെതിരെ കസബ പൊലീസ് വഞ്ചനക്കുറ്റത്തിന് കേസെടുത്തു. മലപ്പുറം കോട്ടൂ൪ താന്നിക്കൽ സ്വദേശി കോലോത്തൊടി സുരേഷ്ബാബുവിൻെറ പരാതിയിൽ സിംപിൾ പിക്ചേഴ്സ് പ്രൊഡക്ഷൻസ് ഉടമ ചങ്ങനാശ്ശേരി എ.പി.ജെ അബ്ദുൽ കലാം റോഡിലെ പറക്കവെട്ടി വീട്ടിൽ മുഹമ്മദ് ബഷീ൪ എന്ന സിംപിൾ ബഷീ൪, ഭാര്യ മുംതാസ് ബഷീ൪ എന്നിവ൪ക്കെതിരെയാണ് കേസ്.
പ്രമുഖ മലയാള ദിനപത്രത്തിലെ ‘പുതുമുഖ നടീ-നടന്മാരെ ആവശ്യമുണ്ട്’ എന്ന പരസ്യം കണ്ട് കൂടിക്കാഴ്ചക്കത്തെിയ താനടക്കം നിരവധി പേരെ ഈ വിധം കബളിപ്പിച്ചതായാണ് പരാതി. ഇതിൻെറ അടിസ്ഥാനത്തിൽ കസബ എസ്.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 2013 ജനുവരിയിലാണ് പത്രത്തിൽ പരസ്യം വന്നത്. പരസ്യത്തിലെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കോഴിക്കോട് മഹാറാണിയിൽ ഇൻറ൪വ്യൂവിന് ഹാജരാകാൻ നി൪ദേശം ലഭിച്ചു. ഇൻറ൪വ്യൂവിൽ സുരേഷ്ബാബുവിനെ ‘തെരഞ്ഞെടുത്തു.’ ജനുവരി 14ന് എറണാകുളം വൈറ്റിലയിലെ സരോവരം ഹോട്ടലിൽ നടക്കുന്ന സിനിമാ പൂജക്ക് എത്തണമെന്നറിയിച്ചു. കേന്ദ്ര സഹമന്ത്രി കെ.വി. തോമസിൻെറ സാന്നിധ്യത്തിൽ നടന്ന പൂജയിൽ സംവിധായകൻ കസ്തൂരിരാജ, സിബി മലയിൽ, തുളസീദാസ്, ബൈജു കൊട്ടാരക്കര തുടങ്ങി നിരവധി പേ൪ ഉണ്ടായിരുന്നു. പൂജ കഴിഞ്ഞതിനുശേഷം തന്നെ വിളിച്ച് പടം തുടങ്ങാൻ കുറച്ചു പണംകൂടി ആവശ്യമുണ്ടെന്നും ലക്ഷം രൂപ നൽകണമെന്നും അഭ്യ൪ഥിച്ചു. പലിശയടക്കം പണവും അഭിനയിക്കുന്നതിൻെറ പ്രതിഫലവുമടക്കം മൂന്നു മാസത്തിനകം നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഇതനുസരിച്ച് ബഷീറിൻെറ ഭാര്യ മുംതസിൻെറ പേരിലുള്ള തിരുവല്ല നെടുമ്പ്രം വിജയ ബാങ്ക് ശാഖയിലെ 205001010000897 നമ്പ൪ അക്കൗണ്ടിലേക്ക് മൂന്നു തവണയായി 69,000 രൂപ അയച്ചു. ഇതിനുശേഷം ബഷീ൪ നി൪ദേശിച്ചതനുസരിച്ച് 39000 രൂപ കോഴിക്കോട് മഹാറാണി ഹോട്ടലിലത്തെി പണമായി നൽകി.
കാലാവധി കഴിഞ്ഞിട്ടും സിനിമാനി൪മാണം നടക്കുകയോ പണം മടക്കി നൽകുകയോ ചെയ്യാത്തതിനാൽ പലതവണ നേരിലും ഫോണിലും ബഷീറുമായി ബന്ധപ്പെട്ടു. ഉടൻ നി൪മാണം തുടങ്ങുമെന്നായിരുന്നു മറുപടി. പിന്നീട് ബന്ധപ്പെട്ടപ്പോൾ ഫോൺ കട്ട്ചെയ്തു. അന്വേഷണത്തിൽ, പത്ര പരസ്യം കണ്ടത്തെിയ നിരവധി പേരെ ഈവിധം കബളിപ്പിച്ചതായി വ്യക്തമായി. തുട൪ന്നാണ് പരാതി നൽകിയത്.
സിറ്റി പൊലീസ് കമീഷണറുടെ നി൪ദേശപ്രകാരമാണ് പ്രതികൾക്കെതിരെ കസബ പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.