സൈക്കിള്‍ അഥവാ ഒരു ഗ്രാമത്തിന്റെ ആരോഗ്യമന്ത്രം

കൊല്ലം: കരുനാഗപ്പള്ളി നഗരത്തിലെ കോഴിക്കോട് ഗ്രാമത്തിൽ  സൈക്കിൾ  ബെൽ   മുഴങ്ങാതെ  ദിവസം കടന്നുപോകില്ല. എല്ലാ വീട്ടിലും ഒരു സൈക്കിൾ ഉറപ്പ്. 80വയസ്സുള്ളവ൪ മുതൽ  ഇളം തലമുറവരെ ഈ ജനകീയ വാഹനത്തിലാണ്    യാത്ര. ഉദ്യോഗസ്ഥരുടെ ഓഫിസ് യാത്രയും അധ്യാപകരുടെ സകൂൾ യാത്രയുമെല്ലാം  സൈക്കിളിൽ തന്നെ.   കാറുകളും ബൈക്കുകളും  നാട്ടിടവഴികളും  കൈയടക്കിക്കഴിഞ്ഞ ഇക്കാലത്ത് ‘സമ്പൂ൪ണ സൈക്കിൾ ഗ്രാമ’മെന്ന സ്വപ്നത്തിലേക്ക് നീങ്ങുകയാണ്   കോഴിക്കോട്.  
 ഏതാണ്ട് ഒമ്പതുമാസം മുമ്പാണ് സൈക്കിൾഗ്രാമമെന്ന ആശയത്തെക്കുറിച്ച് നാട്ടുകാ൪ ആലോചിക്കുന്നത്. ആദ്യം പലപ്രായക്കാരായ പത്തുപേ൪ യാദൃച്ഛികമായി തുടങ്ങിയ പ്രഭാതത്തിലെ സൈക്കിൾ സവാരിയാണ് വ്യത്യസ്തമായ ഈ കൂട്ടായ്മയുടെ പിറവിക്ക് വഴിതെളിച്ചത്. കോഴിക്കോട്ടെ ‘ഷറഫിൻെറ ചായക്കട’യാണ് ഇവരുടെ സംഗമകേന്ദ്രം.  രാവിലെ 6.30 ന് ഇവിടെ എല്ലാവരും ഒത്തുചേരും. ചായകുടിക്കുശേഷം പണിക്ക൪കടവ് പാലം വഴി യാത്രതുടങ്ങും. കടപ്പുറത്ത് പത്ത് മിനിറ്റ് കാറ്റുകൊള്ളൽ. തുട൪ന്ന് പോക്കാട്ട് മുക്ക്, എസ്.വി മാ൪ക്കറ്റ്, ശാസ്താംനട, എസ്.കെ.വി യു.പി.എസ് ജങ്ഷൻ വഴി മടങ്ങി തുടങ്ങിയയിടത്തത്തെും. ഒന്നിച്ചുള്ള ഈ യാത്രയും കാറ്റുകൊള്ളലും കണ്ട് ആകൃഷ്ടരായാണ് മറ്റുള്ളവരും കൂട്ടായ്മയിൽ  ചേ൪ന്നതെന്ന്  സംരംഭത്തിന് നേതൃത്വം നൽകുന്ന മുനമ്പത്ത് ഷിഹാബ് പറയുന്നു.
നിലവിൽ 300ഓളം സൈക്കിളുകളാണ്   ഈ കൂട്ടായ്മയിലുള്ളത്.  സൈക്കിൾ ചവിട്ടുന്നത് വിലകുറഞ്ഞ ഏ൪പ്പാടാണെന്ന തെറ്റിദ്ധാരണയാണ് ആദ്യം പലരെയും ഈ സംരംഭത്തിൽനിന്ന് പിന്നോട്ടടിച്ചത്. വീട്ടിൽ ഒന്നും രണ്ടും കാറുകളുള്ളവരും സൈക്കിളിലേറാൻ തുടങ്ങിയതോടെ സ്ഥിതി മാറി. നാണിച്ചും മടിച്ചും നിന്നവരും ഒപ്പം കൂടി.  ഗൾഫിൽനിന്ന് നാട്ടിലേക്ക് തിരിക്കുംമുമ്പ് സൈക്കിളിന് ബുക് ചെയ്യുന്നവ൪ വരെ ഇവിടെയുണ്ട്.
 പ്രായം 83 ലത്തെിയ  കോട്ടുങ്കലത്തേ് ദാമോദരൻ, 73 കാരൻ ടി.കെ സദാശിവൻ, 70 വയസ്സുള്ള മുഹമ്മദുകുഞ്ഞ് മുതൽ 12 വയസ്സുകാരൻ വരെ ഈ കൂട്ടായ്മയിൽ സജീവമാണ്. കോഴിക്കോട് മാ൪ത്തോമ ച൪ച്ചിലെ ഫാ. എ.ടി.തോമസ്, കപ്യാ൪ ബാബു,  കോഴിക്കോട് മുസ്ലിം ജമാഅത്ത് പള്ളിയിലെ മുഅദ്ദിൻ ഷംസുദ്ദീൻ,  വെമ്പിളക്കാവ് ശ്രീദു൪ഗാ ക്ഷേത്രത്തിലെ പൂജാരി ഉണ്ണി അടക്കം കൂട്ടായ്മയിലുണ്ട്.
ഇവിടെയുള്ള അഞ്ച് സൈക്കിൾ വ൪ക്ക്ഷോപ്പുകളിലും എപ്പോഴും തിരക്കാണ്. എന്നും നല്ല പണിയുള്ളതിനാൽ ഇവ൪ക്കും സന്തോഷം.
 ആരോഗ്യവും ഉല്ലാസവും ലക്ഷ്യമിട്ട് കരുനാഗപ്പള്ളി കോഴിക്കോട്ടുകാ൪ സമ്പൂ൪ണ സൈക്കിൾഗ്രാമമെന്ന ലക്ഷ്യത്തിലേക്ക് ആഞ്ഞുചവിട്ടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.