പോരാട്ടം തുടരും-വി.എസ്

തിരുവനന്തപുരം: ഒമ്പതാം വയസ്സിൽ ജാതിക്കോമരങ്ങൾക്കെതിരെ അരഞ്ഞാണം ഊരി വീശിയാണ് വേലിക്കകത്ത് ശങ്കരൻ മകൻ അച്യുതാനന്ദൻ പോരാട്ട ജീവിതം തുടങ്ങിയത്. തൊണ്ണൂറിലത്തെി നിൽക്കുമ്പോഴും  ആ ചങ്കുറപ്പിന് മാറ്റമില്ല. അഴിമതിക്കെതിരായ പോരാട്ടം വീഴും വരെ തുടരുമെന്ന് വി.എസ്.വ്യക്തമാക്കുന്നു.  മരണത്തിനല്ലാതെ മറ്റൊന്നിനും തന്നെ കീഴടക്കാനാവില്ളെന്ന നയപ്രഖ്യാപനമാണ് നവതിയോടടുക്കുമ്പോൾ  മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചത്. രാഷ്ട്രീയം പറയില്ളെന്ന് പറഞ്ഞ് തുടങ്ങിയ അഭിമുഖത്തിൽ പാ൪ട്ടിയിലെ പ്രശ്നങ്ങൾ പുതിയതല്ളെന്നും രണ്ട് അഭിപ്രായങ്ങളുണ്ടെന്നും പറയാതെ പറഞ്ഞു.
നാലരവയസ്സിൽ പിരിഞ്ഞ മാതാവ് അക്കമ്മ, വി.എസിൽ പോരാട്ടവീര്യം നിറച്ച പിതാവ് ശങ്കരൻ, ആദ്യ രാഷ്ട്രീയ ഗുരു സൈമൺ ആശാൻ, ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ അംഗത്വം നൽകിയ കുട്ടനാട് രാമകൃഷ്ണപിള്ള, ജീവൻ രക്ഷിച്ച കള്ളൻ കോരപ്പൻ ഇങ്ങനെ 90 വ൪ഷത്തിനിടെ മറക്കാൻകഴിയാത്ത മുഖങ്ങളും സംഭവങ്ങളും അദ്ദേഹത്തിൻെറ മനസ്സിൽ നിരവധിയാണ്. ഏതൊരു പിറന്നാൾദിനം പോലെ ആഘോഷങ്ങളില്ലാതെയാണ് വി.എസിന് നവതിയും കടന്നുവരുന്നത്. പതിവുപോലെ സന്ദ൪ശകരെ കാത്ത് കൻേറാൺമെൻറ് ഹൗസിൻെറ വാതിലുകൾ ഇന്നലെയും തുറന്നുകിടന്നു. സന്ദ൪ശക൪ക്ക് മുന്നിൽ മഞ്ഞ ടീ ഷ൪ട്ടും മുണ്ടും ധരിച്ച് വി.എസ് ഇടക്കിടെ കയറിവന്ന മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുക്കാൽ നൂറ്റാണ്ട് നീണ്ട പോരാട്ടചരിത്രം വിവരിച്ചു. രാഷ്ട്രീയ ചോദ്യങ്ങൾ പിന്നീടാകാമെന്ന അഭ്യ൪ഥനയോടെയാണ് തുടങ്ങിയതെങ്കിലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷമായ ആരോപണമാണ് വി.എസ് ഉന്നയിച്ചത്. മറ്റേത് കോൺഗ്രസ് മുഖ്യമന്ത്രിയിൽ നിന്ന് വ്യത്യസ്തമായി ഉമ്മൻ ചാണ്ടി പ്രതികാര രാഷ്ട്രീയത്തിൻെറ ഭാഗമായാണ് തന്നോട് പെരുമാറുന്നത്. മുഖ്യമന്ത്രിയായിരിക്കെ കെ.കരുണാകരൻ പോലും തന്നോട് ഇത്തരത്തിൽ പെറുമാറിയിട്ടില്ളെന്നും വി.എസ് പറഞ്ഞു.

ഞായറാഴ്ച നവതി ആഘോഷിക്കുന്ന വി.എസ് ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖം:
90ാം വയസ്സിനുശേഷവും വി.എസ് പോരാട്ടം തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാമോ?
അതിൽ സംശയം വേണ്ട, അഴിമതിക്കെതിരായും തൊഴിലാളിക൪ക്കും ക൪ഷക൪ക്കും അവശ൪ക്കും വേണ്ടിയുള്ള എൻെറ പോരാട്ടം മരണംവരെ തുടരും. താഴെവീഴും വരെയാണ് എൻെറ പോരാട്ടം.
പിന്നിട്ട വഴികളെക്കുറിച്ച്? തീക്ഷ്ണമായ അനുഭവങ്ങൾ?
1923 ഒക്ടോബ൪ 20ന് പുന്നപ്ര വില്ളേജിൽ പറവൂരിൽ ജനിച്ച എന്നെ രാഷ്ട്രീയക്കാരനാക്കിയത് സൈമൺ ആശാനായിരുന്നു. കമ്യൂണിസ്റ്റ് പാ൪ട്ടിയുടെ താലൂക്ക് സെക്രട്ടറിയും മത്സ്യത്തൊഴിലാളികളുടെ നേതാവുമായിരുന്നു അദ്ദേഹം. അന്ന് തൊഴിലാളി യോഗങ്ങളിൽ ആശാൻ എന്നെയും കൊണ്ട് പോകുമായിരുന്നു. മത്സ്യത്തൊഴിലാളികൾക്കിടയിലും കയ൪ത്തൊഴിലാളികൾക്കിടയിലും എൻെറ പ്രവ൪ത്തനം വിലയിരുത്തിയ അദ്ദേഹമായിരുന്നു എനിക്ക് കമ്യൂണിസ്റ്റ് പാ൪ട്ടി അംഗത്വം നൽകിയത്. 18 വയസ്സ് തികഞ്ഞവ൪ക്ക് മാത്രം നൽകിയിരുന്ന പാ൪ട്ടി അംഗത്വം ആശാൻ ഇടപെട്ട് 17ാം വയസ്സിൽ തന്നെ നൽകുകയായിരുന്നു. പുന്നപ്ര വയലാ൪ സമരത്തിൻെറ ഭാഗമായി പാലായിൽ നിന്ന് പിടിക്കപ്പെട്ട ശേഷം ലോക്കപ്പിൽ നേരിട്ട കൊടിയ പീഡനമാണ് ജീവിതത്തിൽ അതിജീവിച്ച തീക്ഷ്ണാനുഭവമായി ഓ൪മ വരുന്നത്. അന്ന് അറസ്റ്റ് ചെയ്ത്  ലോക്കപ്പിൽ കൊണ്ടുവന്ന തന്നെ ലോക്കപ്പിൻെറ അഴികൾക്കിടയിലൂടെ ഇരുകാലുകളും പുറത്തേക്ക് വലിച്ചുനീട്ടിയ ശേഷമായിരുന്നു പൊലീസ് മ൪ദനം. ചൂരലിന് അടിയേറ്റ് തക൪ന്ന ഭാഗത്ത് പിന്നീട് ഒരു പൊലീസുകാരൻ ബയണറ്റ് തുളച്ചുകയറ്റി. കാൽപാദം തക൪ന്ന് അവശനിലയിലായപ്പോൾ ലോക്കപ്പിന് പുറത്തേക്ക് കൊണ്ടുപോയി. ഈ സമയം പൊലീസ് വാഹനത്തിൽ ഒപ്പംകൂട്ടിയ മോഷണക്കേസിലെ പ്രതി കള്ളൻ കോരപ്പൻ എൻെറ ശ്വാസം നിലച്ചതായി സംശയം പറഞ്ഞതിനെ തുട൪ന്ന് പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കള൪കോട് സ്കൂളിൽ നാലാം ക്ളാസിൽ പഠിക്കുമ്പോൾ  ഈഴവനായതുകൊണ്ട് സവ൪ണ വിദ്യാ൪ഥികൾ തടഞ്ഞു. ‘നീ ദിവാനാകാൻ പഠിക്കുകയാണോ’ എന്നായിരുന്നു അവരുടെ ചോദ്യം. പിതാവ് പ്രത്യേകമായി നി൪മിച്ചുനൽകിയ അരഞ്ഞാണം ഉപയോഗിച്ചാണ് അവരെ നേരിട്ടത്.
പ്രതികാര രാഷ്ട്രീയത്തിന് ഇരയാകുന്നു എന്ന തോന്നലുണ്ടോ?
കെ. കരുണാകരനും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോൾ പ്രതിപക്ഷനേതാവായിരുന്നയാളാണ് ഞാൻ. പക്ഷേ കരുണാകരൻ ഒരിക്കലും പ്രതികാര രാഷ്ട്രീയം ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഉമ്മൻ ചാണ്ടി അങ്ങനെയല്ല. ഉമ്മൻ ചാണ്ടിയുടെ പ്രതികാരരാഷ്ട്രീയത്തിൻെറ ഭാഗമായാണ് എനിക്കെതിരെ ഭൂമിദാനക്കേസുണ്ടായത്. അകന്ന ബന്ധു സോമന് കെ. കരുണാകരൻ കൈമാറിയ ഭൂമി ഞാൻ കൈമാറിയതായി അവ൪ കേസുണ്ടാക്കി. പക്ഷേ കോടതി ഇതിനെല്ലാം മറുപടി നൽകിയിട്ടുണ്ട്.  കേസ് ഇപ്പോഴും ഡിവിഷൻ ബെഞ്ചിൻെറ പരിഗണയിലാണ്. സന്തോഷ് മാധവന് ഭൂമി നികത്തിക്കൊടുക്കാൻ പണംകൈപ്പറ്റിയെന്ന തൻെറ മകനെതിരെയുള്ള കേസും രാഷ്ട്രീയ പകപോക്കലാണ്.
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥി നരേന്ദ്രമോഡി കേരളത്തിൽ നിന്ന് മത്സരിച്ചേക്കുമെന്ന് പ്രചാരണമുണ്ടല്ളോ?
മോഡി തിരുവനന്തപുരത്തോ ആറ്റിങ്ങലിലോ എവിടെനിന്ന് മത്സരിച്ചാലും പാ൪ലമെൻറിലത്തെില്ല. ഇവിടെനിന്നും കടന്നുപോകില്ല. കേരളത്തിൽ മത്സരിക്കാനുള്ള മണ്ടത്തരമൊന്നും മോഡി കാണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
എം.വി. രാഘവനെ സന്ദ൪ശിച്ചിരുന്നല്ളോ?
അദ്ദേഹത്തിൻെറ മരുമകൻ കുഞ്ഞിരാമൻ വിളിച്ചിരുന്നു. പരിയാരത്ത് ആശുപത്രിയിൽ പോയി കണ്ടെങ്കിലും നിരാശയായിരുന്നു ഫലം. മുക്കാൽ മണിക്കൂറോളം കാത്തിരുന്നെങ്കിലും ഉറക്കമുണരാത്തതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ല. എന്നാൽ മടങ്ങിയശേഷം വിളിച്ചിരുന്നു. ഇനി അത് വഴി പോകുന്നെങ്കിൽ വന്നുപോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പാ൪ട്ടിക്കുള്ളിൽ നിന്ന് വി.എസിനെതിരെ അപസ്വരങ്ങൾ കേൾക്കുന്നുണ്ടല്ളോ?
അതിൽ വലിയ കാര്യമില്ല. പാ൪ട്ടിയിൽ അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങൾ പുതിയ കാര്യമല്ല.
അടുപ്പമുള്ള കോൺഗ്രസ് നേതാക്കൾ?  
എല്ലാവരുമായി അടുപ്പംപുല൪ത്താറുണ്ട്. വയലാ൪ രവി, എ.കെ. ആൻറണി ഇവരുമായൊക്കെ നല്ല ബന്ധം പുല൪ത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.