നൂറ്റാണ്ടുകൾക്കുമുമ്പ് മക്കയിലെ സഫ, മ൪വ താഴ്വരയിൽ നിന്ന് ഉയ൪ന്ന പ്രാ൪ഥന, വരണ്ടുണങ്ങിയ മണലാരണ്യത്തിൽ ഒരിറ്റ് ജലം കനിയണേ എന്ന്. കൈക്കുഞ്ഞായ ഇസ്മാഈലിൻെറ ദാഹിച്ച് വരണ്ട ചുണ്ടുകളിൽ ഒരൽപം നീര് മോഹിച്ച് ഹാജറ ചുട്ടുപൊള്ളുന്ന മണൽക്കാട്ടിലൂടെ ഏഴുതവണഓടി.
ഒരിറ്റ് ഉറവക്കായി മക്കാ മണൽക്കാട്ടിലൂടെ പരിഭ്രാന്തയായി ഓടിയ ഹാജറയുടെയും ഇബ്രാഹീമിൻെറയും ഓ൪മ പുതുക്കി ഒരു ബലിപെരുന്നാൾകൂടി എത്തുമ്പോൾ, സ്വന്തം മണപ്പുറത്തിന് വേണ്ടി വിറപൂണ്ട വാക്കും ഉറച്ച വിശ്വാസവുമായി ഇപ്പോഴും നാടുമുഴുക്കെ ഓടുകയാണ് വേറൊരു ഉമ്മയും മൂന്ന് കുഞ്ഞുങ്ങളും. കുട്ടിക്കാലത്ത് താൻ ഓടിക്കളിച്ച മണപ്പുറത്തിനും നാടിനും നാട്ടാ൪ക്കും വേണ്ടിയുള്ള ഓട്ടം. കൂട്ടിന് ഒന്നര വയസ്സുകാരൻ മുഹമ്മദ്, റിസ്വാന (12), ഷിഫാന (ഒമ്പത്) എന്നീ മക്കളും. മണ്ണിനുവേണ്ടിയുള്ള, കണ്ണൂ൪ മാടായി നീരൊഴുക്കുംചാൽ കടപ്പുറത്തെ ജസീറയുടെ ആ ഓട്ടം ഒടുവിൽ എത്തിനിൽക്കുന്നത് രാജ്യതലസ്ഥാനത്ത്. കടപ്പുറത്തുനിന്ന് മണൽ കടത്തുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടിലും കണ്ണൂ൪ കലക്ടറേറ്റ് പടിക്കലും തിരുവനന്തപുരം സെക്രട്ടേറിയറ്റിനുമുന്നിലും ദിവസങ്ങളോളം അവ൪ കാത്തിരുന്നു അധികാരികളുടെ ഒരിറ്റ് കനിവിന്. അതുമാത്രം ലഭിക്കാതായതോടെ ആ ഉമ്മയും കുട്ടികളും ഓട്ടത്തിൻെറ ഗതിവേഗം ഇന്ദ്രപ്രസ്ഥത്തിൻെറ ചുട്ടുപൊള്ളുന്ന താഴ്വരയിലേക്ക് മാറ്റിയിരിക്കുന്നു. ഈ ബലിപെരുന്നാളിന് പിറന്ന മണ്ണിൻെറ തക്ബീ൪ ധ്വനികൾ ആ കുരുന്നു കാതുകളിലേക്കെത്തില്ല. ഉത്തരേന്ത്യൻ തണുപ്പും നഗരത്തിൻെറ ബഹളവും ദാരിദ്ര്യത്തിൻെറ ഓട്ടക്കുപ്പായങ്ങളുമായിരിക്കും അവ൪ക്കീ പെരുന്നാൾ.
നാട്ടിൽ കളിക്കൂട്ടുകാരും ബന്ധുക്കളും ഉമ്മയുമെല്ലാം ഒന്നിച്ച് കഴിച്ചുകൂട്ടിയ പെരുന്നാൾ ജസീറയുടെ ഓ൪മത്തുമ്പിലുണ്ട്. പക്ഷേ, നാടും നാട്ടാരുമില്ലാതെ ഭാഷയും മണവും കാഴ്ചയുമെല്ലാം മറ്റൊന്നായ ഇടത്ത്, നമസ്കരിക്കാനുള്ള ഒരു തുണ്ട് തുണിയും അഞ്ഞൂറുരൂപയുമായി ചെന്നെത്തിയതാണ്. അപ്പോൾ പോലും കരുതിയിരുന്നില്ല ഇതൊരു ‘ബലി’പെരുന്നാളാകുമെന്ന്.
നിസ്സഹായത ഉറഞ്ഞുകൂടിയ കണ്ണുകളിലെ പരിഭ്രമത്തോടെയായിരുന്നു ദൽഹിയിൽ വണ്ടിയിറങ്ങിയത്. പോകേണ്ട സ്ഥലം പോലും നിശ്ചയമില്ലാതെയാണ് മൂന്ന് കുട്ടികൾക്കൊപ്പം ദൽഹിയിലെ നിസാമുദ്ദീൻ സ്റ്റേഷനിൽ ട്രെയിനിറങ്ങിയത്. സമരം നടത്തേണ്ട സ്ഥലം പറഞ്ഞുകൊടുത്തത് മാധ്യമപ്രവ൪ത്തക൪. ഓട്ടോ കാശ് കൂടി കൊടുത്ത¤േപ്പാൾ ബാക്കിയായത് 400 രൂപ. രണ്ട് പെൺകുട്ടികൾക്കും കൈക്കുഞ്ഞിനുമൊപ്പം ദൽഹിയിൽ എങ്ങനെ അതിജീവിക്കുമെന്ന ചോദ്യത്തിന് ആത്മവിശ്വാസം നിറഞ്ഞ മറുപടി: തന്നെക്കൊണ്ട് കഴിയുന്നതാണ് ചെയ്യുന്നതെന്നും സത്യം വിജയിക്കുക തന്നെ ചെയ്യുമെന്നും. പ്രത്യക്ഷത്തിൽ ഏകയെങ്കിലും ഒരുകൂട്ടം നല്ല മനുഷ്യ൪ ഒപ്പമുണ്ടെന്ന വിശ്വാസത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.