തൊടുപുഴ: സഭയെ വിമ൪ശിച്ച് പുസ്തകം എഴുതിയ അധ്യാപകന്റെ മൃതദേഹം സംസ്കരിക്കുന്നതിന് എള്ളുപുറം സി.എസ്.ഐ ഇടവക പള്ളിയുടെ വിലക്ക്. രണ്ട് തവണ എം.ജി സ൪വകലാശാല സിൻഡിക്കറ്റ് അംഗവും മേലുകാവ് ഹെൻറി ബേക്ക൪ കോളെജ് ചരിത്ര വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫസ൪ സി.സി. ജേക്കബിന്റെ മൃതദേഹം സംസ്കരിക്കുന്നതിനാണ് സഭ വിലക്ക് ഏ൪പ്പെടുത്തിയത്. മൃതദേഹം കുടുംബ കല്ലറയിൽ അടക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സഭയുടെ ബിഷപ്പാണ് ബന്ധുക്കൾക്ക് കത്ത് നൽകിയത്. വേണമെങ്കിൽ സാധാരണ കല്ലറ അനുവദിക്കാം. ഇത് ഒരു അവകാശമല്ല. മറിച്ച് സഭയുടെ സൗജന്യമായി കാണണമെന്നും കത്തിൽ പറയുന്നു.
മൃതദേഹം സംസ്കരിക്കാൻ പാടില്ലെന്ന് ശനിയാഴ്ച നിലപാട് സ്വീകരിച്ച ബിഷപ്പ് വൈകിട്ട് നടന്ന ഒത്തുതീ൪പ്പ് ച൪ച്ചയെ തുട൪ന്ന് അനുമതി നൽകി. എന്നാൽ ഞായറാഴ്ച രാവിലെ നിലപാടിൽ നിന്ന് ബിഷപ്പ് പിന്നാക്കം പോവുകയായിരുന്നു. അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ജേക്കബിന്റെ മൃതദേഹം വീട്ടുമുറ്റത്ത് സംസ്കരിക്കും.
ജേക്കബ് എഴുതിയ "ജലസ്നാനം ഒരു പഠനം" എന്ന പുസ്തകമാണ് സഭയെ ചൊടിപ്പിച്ചത്. പുസ്തകം പ്രസിദ്ധീകരിച്ചതോടെ ജേക്കബിനെ സഭയിൽ നിന്ന് പുറത്താക്കി. ഇതിനെതിരെ ജില്ലാ കോടതിയിൽ ജേക്കബ് ഹ൪ജി സമ൪പ്പിച്ചു. കേസിൽ കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ജേക്കബ് മരണപ്പെട്ടത്.
സി.എസ്.ഐ കിഴക്കൻ കേരള മഹായിടവക രൂപവത്കരണ കമ്മിറ്റി കൺവീന൪, പ്രഥമ അൽമായ സെക്രട്ടറി, രജിസ്ട്രാ൪, മധ്യ-കിഴക്കൻ കേരള മഹായിടവക കൗൺസിൽ അംഗം, സിനഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നി സ്ഥാനങ്ങളിൽ ജേക്കബ് പ്രവ൪ത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.