ഏറെ ബഹളമയമായ ചടങ്ങുകളോടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ട മലപ്പുറത്തെ ഇഫ്ളു കാമ്പസ് അനിശ്ചിതത്വത്തിൽ ഉഴലുകയാണ്. കക്ഷിതാൽപര്യങ്ങളും രാഷ്ട്രീയ വടംവലിയും മേധാവിത്വം നേടിയതോടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വൻകുതിച്ചുചാട്ടം സാധ്യമാക്കുന്ന ഒരു വിദ്യാഭ്യാസ പദ്ധതിയാണ് കേരളത്തിന് നഷ്ടപ്പെടാൻ പോകുന്നത്. 1958ൽ കേന്ദ്ര ഗവൺമെൻറ് ഇംഗ്ളീഷ് പഠനകേന്ദ്രമായിട്ടാണ് (Central Institute of English) ഹൈദരാബാദിൽ ഇതിന് തുടക്കമിടുന്നത്. ഉസ്മാനിയ സ൪വകലാശാലയുടെ മുപ്പതോളം ഏക്ക൪ ഭൂമി പാട്ടത്തിനെടുത്താണ് ഇത് സ്ഥാപിച്ചത്. 1972ൽ ഇംഗ്ളീഷിന് പുറമെ മറ്റു വിദേശഭാഷകൾ കൂടി ഉൾക്കൊള്ളിച്ച് ഭാഷാ സ൪വകലാശാലയുടെ പദവിയിലേക്ക് ഇതിനെ ഉയ൪ത്തി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് (CIEFL) എന്ന പേരിൽ പുന൪നാമകരണം ചെയ്തു. ഭാഷകൾ, ഭാഷാസാഹിത്യം, അധ്യാപക പരിശീലനകോഴ്സുകൾ, വിവ൪ത്തന പഠനം, സാംസ്കാരിക പഠനം, താരതമ്യ സാഹിത്യം, എക്സ്ക്ളൂഷൻ ആൻഡ് ഇൻക്ളൂഷൻ പോളിസി സ്റ്റഡീസ്, ഫിലോസഫി ഓഫ് ആ൪ട്സ് തുടങ്ങിയവയായിരുന്നു ഈ സ്ഥാപനത്തിലെ പ്രധാന പഠനവകുപ്പുകൾ. 12 വിദേശ ഭാഷകളും ഹിന്ദിയും പഠിപ്പിക്കുന്ന ഭാഷ പഠനവിഭാഗം ഇഫ്ളുവിൻെറ ഏറ്റവും വലിയ പ്രത്യേകതയാണ്. ഇത്രയധികം വിദേശ ഭാഷകളിൽ ഡിപ്ളോമ കോഴ്സുകൾ മുതൽ പിഎച്ച്.ഡി വരെ നൽകുന്ന ഇന്ത്യയിലെ ഏക സ൪വകലാശാലയാണ് ഇഫ്ളു. അറബിക്, ഫ്രഞ്ച്, ജ൪മൻ, ജാപ്പനീസ്, റഷ്യൻ, സ്പാനിഷ്, പോ൪ചുഗീസ്, പേ൪ഷ്യൻ, ട൪ക്കിഷ്, ഇറ്റാലിയൻ, ചൈനീസ്, കൊറിയൻ, ഹിന്ദി പഠനകേന്ദ്രങ്ങൾ ഇപ്പോൾ ഇഫ്ളുവിൽ നിലവിലുണ്ട്. കൾചറൽ സ്റ്റഡീസ് ഡിപാ൪ട്മെൻറ് തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ സ൪വകലാശാലയും ഇഫ്ളുവാണ്.
2006ലാണ് പാ൪ലമെൻറ് ഇഫ്ളുവിന് കേന്ദ്ര സ൪വകലാശാലാ പദവി നൽകുന്നത്. 2007 ആഗസ്റ്റ് മൂന്നിന് ഇംഗ്ളീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂനിവേഴ്സിറ്റി (EFLU) എന്ന പേ൪ നൽകി. അഭയ് മൗര്യയെ സ൪വകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി നിയമിച്ചു. നേരത്തെ ബിരുദാനന്തര ബിരുദ കോഴ്സുകൾ മാത്രം നൽകിയിരുന്ന ഇഫ്ളുവിൽ എല്ലാ ഡിപാ൪ട്മെൻറുകളിലും ബിരുദ കോഴ്സുകളും അനുവദിച്ച് തുടങ്ങി. വിവിധ വിഭാഗങ്ങൾക്കുവേണ്ടി പതിനൊന്നിൽപരം സ്കൂളുകൾ കാമ്പസിൽ പ്രവ൪ത്തിക്കുന്നു. ഫിലിം സ്റ്റഡീസ്, ക്രിട്ടിക്കൽ ഹ്യുമാനിറ്റീസ്, കമ്യൂണിക്കേഷൻ, മിഡിൽ ഈസ്റ്റ് ആൻറ് ആഫ്രിക്കൻ സ്റ്റഡീസ്, ഏഷ്യൻ സ്റ്റഡീസ് തുടങ്ങിയ കോഴ്സുകൾകൂടി ഉൾക്കൊള്ളുന്ന ഏറ്റവും പുതിയ രീതി ഇഫ്ളു വികസിപ്പിച്ചിട്ടുണ്ട്. 1973ൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് വേണ്ടി മേഖലകൾക്കുവേണ്ടി ഇഫ്ളുവിൻെറ കാമ്പസ് മേഘാലയ തലസ്ഥാനമായ ഷില്ളോങ്ങിൽ ആരംഭിച്ചു.
3000ത്തിൽപരം വിദ്യാ൪ഥികളും അതിനനുസൃതമായ അധ്യാപക-അനധ്യാപക ജീവനക്കാരുമടങ്ങുന്നതാണ് ഈ കാമ്പസ്. ഹൈദരാബാദിന് പുറത്തുള്ള ഇഫ്ളുവിൻെറ പ്രഥമ കാമ്പസ് കൂടിയാണത്. 1979ൽ ഉത്തരേന്ത്യൻ മേഖലകൾക്കുവേണ്ടി ഉത്ത൪പ്രദേശ് തലസ്ഥാനമായ ലഖ്നോവിൽ മറ്റൊരു കേന്ദ്രം കൂടി സ്ഥാപിച്ചു. എം.ഫിലും പിഎച്ച്.ഡിയുമടക്കം നൽകുന്ന ഈ കാമ്പസ് ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവ൪ത്തിക്കുന്നത്. 2013ൽ ദക്ഷിണേന്ത്യൻ മേഖലകൾക്ക് വേണ്ടിയാണ് മലപ്പുറത്ത് കാമ്പസ് സ്ഥാപിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് ഈ നി൪ദേശം ഇഫ്ളു അധികൃത൪ മുന്നോട്ടുവെച്ചിരുന്നു. കൊല്ലം ജില്ലയിലെ കുളത്തുപുഴയിൽ ഇതിനുവേണ്ടി സ്ഥലം സ൪ക്കാ൪ അന്വേഷിക്കുകയും ചെയ്തു. കാലതാമസം കാരണം ആ നി൪ദേശം നടപ്പാവാതെ പോയി. യു.ഡി.എഫ് സ൪ക്കാറിൻെറ തുടക്കത്തിൽ തന്നെ ഈ നി൪ദേശം ഇഫ്ളു ആവ൪ത്തിച്ചു. വിദ്യാഭ്യാസ മന്ത്രിയും ഇഫ്ളു അധികൃതരും ഇഫ്ളുവിലെ മലയാളി വിദ്യാ൪ഥികളും നിരവധി തവണ നടത്തിയ ച൪ച്ചകൾക്കൊടുവിലാണ് കാമ്പസ് മലപ്പുറത്തിനനുവദിച്ചത്. തുടക്കത്തിൽ നൂറ് ഏക്ക൪ ആവശ്യപ്പെട്ടിരുന്നെങ്കിലും 75 ഏക്കറിൽ തീരുമാനമാവുകയായിരുന്നു. കാമ്പസിൻെറ പ്രവ൪ത്തനം വേഗത്തിലാക്കാൻ ഇഫ്ളുവിൽ മലയാളി വിദ്യാ൪ഥികളും അധ്യാപകരുമടങ്ങുന്ന ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയും ചെയ്തു. 3000ത്തിലധികം വിദ്യാ൪ഥികൾക്ക് പഠനാവസരവും ആയിരത്തോളം അനധ്യാപക തൊഴിലവസരവും 300 അധ്യാപക തൊഴിലവസരവും ലഭ്യമാക്കുന്ന വലിയ കാമ്പസാണ് മലപ്പുറം പാണക്കാട്ടെ ഇൻകെൽ ഭൂമിയിൽ തുടങ്ങാൻ പദ്ധതിയിട്ടത്. തറക്കല്ലിടൽ പ്രദ൪ശന പരിപാടിക്ക് ശേഷം സ൪ക്കാ൪ ഇതിൽ ജാഗ്രത പുല൪ത്തിയില്ല. എമ൪ജിങ് കേരളയുടെ ഭാഗമായി പാണക്കാട്ടെ ഇൻകെൽ ഭൂമിയിൽതന്നെ വരുന്ന സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രത്തിനാണ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന പാ൪ട്ടി പരിഗണന കൊടുക്കുന്നത്. കോൺഗ്രസ്-മുസ്ലിം ലീഗ് വടംവലി രാഷ്ട്രീയവും ഇഫ്ളു മുടങ്ങി നിൽക്കുന്നതിൻെറ കാരണമാണ്. ഹൈദരാബാദിലെ കാമ്പസിനേക്കാൾ വിസ്തൃതിയുള്ള മലപ്പുറത്തെ കാമ്പസിലേക്ക് ഇഫ്ളുവിൻെറ അധികാരം കേന്ദ്രീകരിക്കുമെന്ന് ഭയന്ന് ഹൈദരാബാദ് ലോബിയും മലപ്പുറം കാമ്പസ് തടസ്സപ്പെടുത്താൻ തയാറെടുത്തിരിക്കുന്നു. ഇഫ്ളുവിലെ അധികൃത൪ കുറ്റകരമായ നിസ്സംഗതയാണ് മലപ്പുറം കാമ്പസിനോട് വെച്ചുപുല൪ത്തുന്നത്. ഗൾഫിലും യൂറോപ്പിലും മറ്റു വിദേശ രാജ്യങ്ങളിലും കൂടുതൽ ജോലിചെയ്യുന്ന കേരളക്കാരെ സംബന്ധിച്ച് ഒരു ഭാഷാ സ൪വകലാശാല മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്ക് സഹായകമാകുന്നതാണ്. വിദേശരാജ്യങ്ങളിൽ തൊഴിലവസരം ലഭ്യമാക്കാൻ കൂടുതൽ യോഗ്യതകൾ മാനദണ്ഡമാകുന്ന ഈ സമയത്ത് പ്രത്യേകിച്ചും, കേരളത്തിലെ മാനവ വിഭവശേഷിയെ ത്വരിതപ്പെടുത്താൻ ഒരു പരിധിവരെ ഈ യൂനിവേഴ്സിറ്റിക്ക് സാധിക്കും. ഉന്നതവിദ്യാഭ്യാസം സ്വകാര്യമേഖലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഗുണമേന്മയുള്ള വിദ്യാഭ്യാസം പിന്നാക്ക വിഭാഗങ്ങൾക്കും പ്രദേശങ്ങൾക്കും ലഭ്യമാക്കാൻ വികേന്ദ്രീകൃത കാമ്പസുകൾ അനിവാര്യമാണ്. സംസ്ഥാനതലങ്ങളിലുള്ള സ൪വകലാശാലകൾക്ക് കേന്ദ്രവിഹിതം കുറക്കുകയും കേന്ദ്ര സ൪വകലാശാലകൾക്ക് ഫണ്ടുകൾ യഥേഷ്ടം അനുവദിക്കപ്പെടുകയും ചെയ്യുന്ന ഈ ഘട്ടത്തിൽ മികച്ച ഒരു കേന്ദ്ര സ൪വകലാശാലയുടെ കാമ്പസ് കേരളത്തിൽ വരുന്നത് വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
പിന്നാക്ക വിഭാഗങ്ങളിൽപെട്ട വിദ്യാ൪ഥികൾക്ക് ബിരുദ, ബിരുദാനന്തര കോഴ്സുകൾ മുതൽ തന്നെ സ്കോള൪ഷിപ് അനുവദിക്കുന്ന സ്ഥാപനമാണ് ഇഫ്ളു. യു.ജി.സി വിഹിതം കൂടാതെ 8000 രൂപ ഓരോ മാസത്തിലും ഗവേഷണ വിദ്യാ൪ഥികൾക്ക് സ്കോള൪ഷിപ്പും നൽകുന്നു. പാ൪ശ്വവൽകൃത വിഭാഗത്തിൽപെട്ട വിദ്യാ൪ഥികൾക്ക് ഇന്ത്യയിലെ ഏതൊരു സ൪വകലാശാലയും നൽകാത്ത ആനുകൂല്യങ്ങളും ജനാധിപത്യ ഇടവും നൽകുന്ന ഒരു കേന്ദ്രത്തെ ബോധപൂ൪വം തഴഞ്ഞുവെക്കുന്നത് ആന്ധ്രപ്രദേശിലെ മാത്രം ഉയ൪ന്ന ജാതിക്കാരല്ല, കേരളത്തിലെ ഉദ്യോഗമേഖലയിലെ മാടമ്പികൾകൂടിയാണ്. ഇന്ത്യയിലെ ഗുണമേന്മയുള്ള ഭാഷാവിദ്യാഭ്യാസം കേരളത്തിനു മുഴുവൻ ലഭ്യമാക്കുന്ന നീക്കത്തിന് തടസ്സവാദങ്ങൾ ഉന്നയിക്കുന്നവരെ ജനകീയ വിചാരണക്ക് വിധേയമാക്കണം. 35 വ൪ഷമായി ലഖ്നോ കാമ്പസ് വളരെ ഭംഗിയായി വാടക കെട്ടിടത്തിൽ നടത്തുന്ന ഇഫ്ളു അധികൃത൪ക്ക് 75 ഏക്ക൪ സ്ഥലം പതിച്ചു നൽകിയിട്ടും അതിനെ അവഗണിക്കുന്നത് ദുരുദ്ദേശ്യപരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.