കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഒഴിവായിപ്പോയ വൻ സ്രാവുകളെ പിടികൂടാൻ തുടരന്വേഷണം സി.ബി.ഐയെ ഏൽപിക്കുന്നതിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ തയാറാവണമെന്ന് ജില്ലാ കോൺഗ്രസ്-ഐ കമ്മിറ്റി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ടി.പി കേസിൽ 20 പ്രതികൾ കുറ്റവിമുക്തരാകാനിടയായ സാഹചര്യത്തെക്കുറിച്ച് ഗ്രൂപ് നേതാക്കൾ സംസാരിക്കുന്ന ഭാഷയിലും രീതിയിലുമാണ് ആഭ്യന്തരമന്ത്രി സംസാരിക്കുന്നതെന്നും അവ൪ പറഞ്ഞു.
ടി.പി കേസിൽ 20 പ്രതികളെ കുറ്റവിമുക്തമാക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയ പൊലീസ് സി.പി.എമ്മിന് നിവ൪ന്നുനിൽക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. പ്രതികളെ പിടികൂടുന്നതിൽ കാണിച്ച ഉത്സാഹവും സാഹസികതയും കുറ്റപത്രം തയാറാക്കുന്നതിൽ പൊലീസ് സ്വീകരിച്ചില്ളെന്നതിൻെറ തെളിവാണ് 52 സാക്ഷികളുടെ സംഘടിത കൂറുമാറ്റമെന്ന് ഡി.സി.സി ഭാരവാഹികൾ പറഞ്ഞു.
‘ടി.പി വധക്കേസിൽ പി. മോഹനൻ മാസ്റ്ററുടെ അറസ്റ്റോടെ അന്വേഷണം അവസാനിപ്പിച്ചത് ബാഹ്യശക്തികളുടെ ഇടപെടൽ മൂലമാണെന്ന് ജനം സംശയിക്കുന്നു. കോഴിക്കോട്-കണ്ണൂ൪ ജില്ലാ കമ്മിറ്റിക്കും അപ്പുറത്തേക്ക് ഗൂഢാലോചന നീണ്ടതായും സംശയിക്കുന്നു. ഈ സാഹചര്യത്തിൽ, കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടാൻ സി.ബി.ഐ അന്വേഷണം കൂടിയേ തീരൂ. ഈ ആവശ്യം നേരത്തേ ഉന്നയിച്ച കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഇപ്പോൾ എന്തിനാണ് മൗനംപാലിക്കുന്നത്! ‘സംസ്ഥാന മന്ത്രിമാ൪ക്കെതിരെ അഭിപ്രായം പറയുന്നവരെ വിമ൪ശിക്കാൻ കോഴിക്കോട് ഡി.സി.സി പ്രസിഡൻറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. കെ.സി. അബുവിൻേറത് വാസവദത്തയുടെ ചാരിത്ര്യപ്രസംഗം പോലെയാണ്. മുഖ്യമന്ത്രിയുടെ ഗൺമാൻ സലിംരാജും കോഴിക്കോട്ടെ കെ.പി.സി.സി ഭാരവാഹിയുമായി വഴിവിട്ട ബന്ധമുള്ളതായി ജനസംസാരമുണ്ട്. അതും അന്വേഷിക്കാൻ പൊലീസും കോൺഗ്രസ് നേതൃത്വവും തയാറാവണം -നേതാക്കൾ ആവശ്യപ്പെട്ടു.
ഡി.സി.സി ജന. സെക്രട്ടറി അഡ്വ. ഐ. മൂസ, വൈസ് പ്രസിഡൻറുമാരായ ഇ.കെ. ഗോപാലകൃഷ്ണൻ, കെ. ബാലനാരായണൻ, മറ്റ് ഭാരവാഹികളായ മനോളി ഹാഷിം, അരയില്ലത്ത് രവി, അച്യുതൻ പുതിയേടത്ത്, ഡോ. പി.കെ. ചാക്കോ, മൂസമാസ്റ്റ൪, കെ.സി. ബാലകൃഷ്ണൻ എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.