ഏരുവേശ്ശി സഹകരണ ബാങ്ക് നിയമനം ഹൈകോടതി തടഞ്ഞു

ശ്രീകണ്ഠപുരം: കോൺഗ്രസ് ഭരിക്കുന്ന ഏരുവേശ്ശി സ൪വീസ് സഹകരണ ബാങ്കിൽ ആറുപേരെ നിയമിക്കാനുള്ള നീക്കം ഹൈകോടതി തടഞ്ഞു. 
കഴിഞ്ഞ മാസം യു.ഡി.എഫ് ഭരിക്കുന്ന നിടിയേങ്ങ സഹകരണ ബാങ്ക് നിയമനം തടഞ്ഞതിന് പിന്നാലെയാണ് ഏരുവേശ്ശി ബാങ്കിലും നിയമനം സ്റ്റേ ചെയ്തത്. ഏരുവേശ്ശി ബാങ്കിൽ അഞ്ച് പ്യൂൺമാരെയും ഒരു സെയിൽസ്മാനെയും ഉൾപ്പെടെ ആറുപേരെ നിയമിക്കാനായി വെള്ളിയാഴ്ച ചെമ്പേരി എൻജിനീയറിങ് കോളജിൽ എഴുത്തുപരീക്ഷ നിശ്ചയിച്ചിരുന്നു.
അതിനിടെ, ബാങ്ക് മുൻ വൈ. പ്രസിഡൻറ് സി.പി.എമ്മിലെ കെ.പി. ദിലീപൻ അഡ്വ. വി.എ. സതീഷ് മുഖേന ഹൈകോടതിയെ സമീപിച്ച് ഹരജി നൽകി. ഇത് പരിഗണിച്ചാണ് ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ നിയമനം തടഞ്ഞ് ഉത്തരവിട്ടത്. ഒരു മാസത്തേക്കാണ് സ്റ്റേ നടപടി. 
ഹൈകോടതി വിധിയെ തുട൪ന്ന് നിയമന എഴുത്തുപരീക്ഷ നടന്നില്ല. ആറു കോടിയിലധികം നഷ്ടത്തിലായ ബാങ്കിൽ നിയമനം പാടില്ലെന്ന് കോടതി വ്യക്തമാക്കി. 
നിടിയേങ്ങ ബാങ്കിൽ നിയമനം തടയാൻ യൂത്ത് കോൺഗ്രസുകാരായിരുന്നു കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.