വികസനം കൊതിക്കുന്ന മേപ്പാടി

മേപ്പാടി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയും തേയിലത്തോട്ടങ്ങളുടെ നാടുമായ മേപ്പാടി വികസനത്തിന് കൊതിക്കുകയാണ്. തേയിലത്തോട്ടങ്ങളുടെ നടുവിൽ സ്ഥിതിചെയ്യുന്ന മേപ്പാടി വികസന രംഗത്ത് ഇന്നും ഏറെ പിന്നിലാണ്. എച്ച്.എം.എൽ, ചെമ്പ്ര, എൽസ്റ്റൺ എസ്റ്റേറ്റുകൾക്ക് നടുവിലായി സ്ഥിതിചെയ്യുന്ന ഇടുങ്ങിയ ടൗണായ മേപ്പാടിക്ക് അസൗകര്യങ്ങളുടെയും വികസന മുരടിപ്പിൻെറയും കഥകളാണ് പറയാനുള്ളത്. 
തോട്ടങ്ങളിൽനിന്ന് ഭൂമി വിട്ടുകിട്ടിയിട്ട് വേണം പുതിയ കെട്ടിടങ്ങളോ സ്ഥാപനങ്ങളോ ഉയ൪ന്നുവരാൻ. റോഡുകൾക്ക് വീതികൂട്ടണമെങ്കിലും തോട്ടമുടമകൾ കനിയണം. ചെമ്പ്ര പീക് മലനിരകൾ, സൂചിപ്പാറ, കാന്തൻപാറ, മീൻമുട്ടി വെള്ളച്ചാട്ടങ്ങൾ, വിശാലമായ തേയിലത്തോട്ടങ്ങൾ, ചെമ്പ്ര, മുണ്ടക്കൈ മലനിരകൾ എന്നിവയാണ് ടൂറിസ്റ്റുകളുടെ പ്രധാന ആക൪ഷണം. നൂറുകണക്കിന് വാഹനങ്ങളിലായി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് മേപ്പാടിയിലെത്തുന്നത്. അടഞ്ഞുകിടക്കുന്ന മീൻമുട്ടി, കാന്തൻപാറ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാൻ ഇതുവരെ നടപടിയായില്ല എന്നത് വിനോദസഞ്ചാര മേഖലക്കും തിരിച്ചടിയാണ്. 
എങ്കിലും ടൂറിസ്റ്റുകൾ ഇപ്പോഴും എത്താറുണ്ട്. വാഹനത്തിരക്കുമൂലം ശ്വാസംമുട്ടുന്നു എന്നതാണ് മേപ്പാടി ടൗണിൻെറ പ്രധാന പ്രശ്നം. ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലക്ക് ആവിഷ്കരിച്ച പി.ഡബ്ള്യു.ഡി ബൈപാസ് ഇപ്പോഴും ചുവപ്പുനാടയിൽ തന്നെയാണ്. വിവിധ ആവശ്യങ്ങൾക്ക് ടൗണിലെത്തുന്നവരുടെ വാഹനങ്ങൾക്ക് പാ൪ക് ചെയ്യാൻ ഇടമില്ല എന്നത് തലവേദന സൃഷ്ടിക്കുന്നു. മാറിവരുന്ന പഞ്ചായത്ത് ഭരണസമിതികളാകട്ടെ, തിരക്കുള്ള ടൗണിൻെറ വികസനത്തിന് പദ്ധതികൾ തയാറാക്കാൻ മെനക്കെടാറില്ല. ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന ട്രാഫിക് പരിഷ്കാരങ്ങൾ പലപ്പോഴും പ്രശ്നപരിഹാരത്തിനുതകുന്നുമില്ല. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.